തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേ തത്കാലം നിര്‍ത്തിവച്ചത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണക്കിലെടുത്ത്. പാര്‍ട്ടിയുടെ ഏറ്റവും വലിയ പരിപാടി നടക്കുമ്പോള്‍ വിവാദം വേണ്ടെന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധതിരിക്കുന്ന മറ്റൊന്നും വേണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
പാര്‍ട്ടി പരിപാടി കഴിഞ്ഞ ശേഷം വീണ്ടും കല്ലിടല്‍ തുടങ്ങുമെന്നാണ് സൂചന. പ്രതിഷേധം കനക്കുന്നതിനാല്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടനുസരിച്ച് തത്ക്കാലം കല്ലിടല്‍ നിര്‍ത്തിവയ്ക്കുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പിന് ക്രമസമാധാന പ്രശ്നത്തിന്റെ പേരില്‍ കളക്ടര്‍ മാരെയും പോലീസിനെയും ഉപയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ് വിവരം.
സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉടലെടുത്തപ്പോഴും എന്തുവില കൊടുത്തും കല്ലിടലുമായി മുന്നോട്ടു പോകുമെന്നും വികസനമാണ് മുഖ്യലക്ഷ്യമെന്നും പറഞ്ഞ മുഖ്യമന്ത്രിയാണ് കല്ലിടല്‍ തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കല്ലിടാന്‍ പോയ പ്രദേശത്തെല്ലാം കനത്ത പ്രതിഷേധമാണുയര്‍ന്നത്.
സംസ്ഥാന വ്യാപകമായും പ്രതിഷേധം ഉടലെടുത്തു. ഇതിനെതിരേ സിപിഎം വീടു വീടാന്തരം പ്രചാരണം നടത്തി ബോധവത്ക്കരണത്തിന് ശ്രമിച്ചെങ്കിലും ജനം തള്ളി. എങ്ങും കനത്ത പ്രതിഷേധം ഇപ്പോഴും നിലനില്ക്കുന്നു. ഈ ഘട്ടത്തില്‍ കല്ലുമായി പോയാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് വലിയ ക്ഷീണം സംഭവിക്കാനിടയാക്കും.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസിന് പ്രതിനിധികള്‍ എത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടമാണ് തുടര്‍ ഭരണം ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ കണ്ടെത്തല്‍. ഇതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വസിപ്പിച്ചിരിക്കുന്നതും. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ സംസ്ഥാനത്ത് വികസനത്തിന്റെ പേരില്‍ കലാപം നടക്കുന്നതായി മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ അറിഞ്ഞാല്‍ പിണറായിക്കും കേരളത്തിലെ മറ്റ് സിപിഎം നേതാക്കള്‍ക്കും നാണക്കേടാകും.
വികസനത്തിന്റെ പേരിലുള്ള സംഘര്‍ഷം പശ്ചിമ ബംഗാളിലെ പോലെ പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലേക്ക് മാറുമെന്നും തുറന്ന ചര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും സംസ്ഥാന നേതൃത്വം ഭയപ്പെടുന്നു. പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനും ഇടയാക്കും. ഈ സാഹചര്യം വരുത്തിവയ്ക്കരുതെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. കല്ലിടലിനെതിരേയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. കല്ലിടല്‍ തുടര്‍ന്നാല്‍ സമരം വ്യാപകമാകും. മാധ്യമങ്ങള്‍ ഇതിന് പ്രാധാന്യം നല്കുമ്പോള് പാര്‍ട്ടി കോണ്‍ഗ്രസിന് മങ്ങലേല്‍ക്കും.
കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുപോലെ കല്ലിടല്‍ കമ്പനി പിന്‍വാങ്ങിയതായും കെ റെയില്‍ അറിയിച്ചു. കൂടാതെ സര്‍വേ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ പണി നിര്‍ത്തിവച്ച പ്രഖ്യാപനവും ഉണ്ടായി. സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ എല്ലാം. ഇനി പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്ന പത്തിനു ശേഷം കല്ലുകളുമായി വീണ്ടും രംഗത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: