മോസ്‌കോ: റഷ്യ ഉക്രൈനെ ആക്രമിച്ച ഫിബ്രവരി 24ന് ശേഷം റഷ്യയുടെ കറന്‍സിയായ റൂബിള്‍ തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും കൂടി കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ റൂബിള്‍ തകര്‍ന്ന് നിലം പൊത്തുമെന്നാണ് ലോകം കരുതിയത്. അത് വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യയില്‍ ജനരോഷം ആളിക്കത്തിക്കുമെന്നും ഒരു ഭരണമാറ്റത്തിന് വരെ കാരണമാകുമെന്നും യുഎസ് ലോകത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് റൂബിള്‍ വില കുതിച്ചുയരുകയാണ്. ഇതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ ഒട്ടേറെ തന്ത്രങ്ങളുണ്ടായിരുന്നു.
റൂബിള്‍ വില ഏറ്റവും താഴെ പോയത് മാര്‍ച്ച് ഏഴിനായിരുന്നു. അന്ന് റൂബിള്‍ വില 40 ശതമാനത്തോളം തകര്‍ന്ന് ഒരു ഡോളറിന് 139 റൂബിള്‍ എന്ന നിലയില്‍ വരെ എത്തി. പിന്നീട് റഷ്യ എടുത്ത കടുത്ത തീരുമാനങ്ങള്‍ റൂബിളിന്റെ ഭാഗധേയം മാറ്റി വരച്ചു. ഇപ്പോള്‍ റൂബിള്‍ ഉയര്‍ന്ന നിലയിലാണ്. ഒരു ഡോളറിന് 84 റൂബിള്‍ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മാര്‍ച്ച് മാസത്തില്‍ ലോകത്തിലെ തന്നെ മൂല്യവര്‍ധനയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറന്‍സി റൂബിളാണ്.
റൂബിള്‍ പ്രതിസന്ധി പുടിന്‍ മറികടന്ന വിധം
റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം എന്ന് യുഎസ് കൊട്ടിഘോഷിച്ചിരുന്നെങ്കിലും ആ ഉപരോധത്തില്‍ നിറയെ പഴുതുകളുണ്ടായിരുന്നു. ഉപരോധം പൊളിച്ചത് റഷ്യയുടെ കയ്യിലെ ഏറ്റവും അമൂല്യമായ പ്രകൃതിവിഭവം തന്നെ. പ്രകൃതിദത്ത വാതകം. യൂറോപ്പിലെ പല രാജ്യങ്ങളും റഷ്യയുടെ വാതകത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. ജര്‍മ്മനി ഉള്‍പ്പെടെയുള്ളവര്‍ ഇത് വാങ്ങിയതോടെ റഷ്യയ്‌ക്ക് ഡോളറും യൂറോയും ഇതുവഴി ശേഖരിക്കാനായി.
ഇന്ത്യയും ചൈനയും സഹായിച്ചു
എണ്ണയുടെയും ഗ്യാസിന്റെയും വില ഉയര്‍ന്നത് വരുമാനം വര്‍ധിപ്പിക്കാന്‍ റഷ്യയെ സഹായിച്ചു. ചൈന, ഇന്ത്യ എന്നീ രാഷ്‌ട്രങ്ങളുമായി നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളും വിദേശനാണ്യം മുടങ്ങാതെ എത്തുന്നതിന് റഷ്യയെ സഹായിച്ചു. ഇതോടെ റഷ്യ വിദേശനാണ്യക്ഷാമത്താല്‍ തകര്‍ന്നുപോകുമെന്ന ഭീതി ഇല്ലാതാക്കി.
യുഎസ് ഒരു വാതില്‍ തുറന്നിട്ടിരുന്നു
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ബാങ്കുകളിള്‍ റഷ്യയുടെ 64000 കോടി ഡോളര്‍ വിദേശനാണ്യശേഖരം കിടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പകുതി യുഎസിലും യൂറോപ്പിലുമാണ്. ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇതില്‍ പാതി പണം ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിലവന്നു. എന്നാല്‍ യുഎസ് ട്രഷറി ഒരു വാതില്‍ തുറന്നിട്ടിരുന്നു. റഷ്യയ്‌ക്ക് നല്‍കേണ്ട തുക നല്‍കാന്‍ യുഎസ് ട്രഷറി അനുവാദം നല്‍കിയത് റഷ്യക്ക് വലിയ സഹായമായി. ഈ സംവിധാനം ഏപ്രില്‍ അവസാനം വരെ നിലനില്‍ക്കും. ഇതുവഴി റൂബിള്‍ നല്‍കി ഡോളര്‍ ശേഖരിക്കാന്‍ റഷ്യയ്‌ക്കായി.
റൂബിളിന്റെ പലിശ നിരക്ക് കൂട്ടി
റൂബിള്‍ ക്ഷാമം പരിഹരിക്കാന്‍ റഷ്യയുടെ കേന്ദ്ര ബാങ്ക് റൂബിളിലുള്ള നിക്ഷേപത്തിനുള്ള പലിശനിരക്ക് 20 ശതമാനം കൂട്ടി. ഇതോടെ റഷ്യക്കാരായ സമ്പന്നര്‍ അവരുടെ പക്കലുള്ള റൂബിള്‍ കേന്ദ്രബാങ്കില്‍ നിക്ഷേപിച്ചു.
വിദേശത്തെ റഷ്യന്‍ ബിസിനസുകാര്‍ വരുമാനത്തിന്റെ 80ശതമാനം റൂബിളിലാക്കി
റഷ്യയ്‌ക്ക് പുറത്തുള്ള റഷ്യക്കാരായ ബിസിനസ്സുകാരോട് അവരുടെ പണത്തിന്റെ 80 ശതമാനം റൂബിളില്‍ നല്‍കണമെന്ന വ്യവസ്ഥ വെച്ചു. അതായത് റഷ്യക്കാരനായ ഒരു സ്റ്റീല്‍ ബിസിനസ്സുകാരന്‍ 100 മില്ല്യന്റെ ബിസിനസ് ചെയ്താല്‍ അതിലെ 80 മില്ല്യണ്‍ യൂറോകളും റൂബിളിലാക്കണം. നിരവധി റഷ്യന്‍ കമ്പനികള്‍ വിദേശരാജ്യത്ത് ബിസിനസ്സ് ചെയ്യുന്നുണ്ട്. ഇത് റഷ്യയിലേക്ക് കൂടുതല്‍ റൂബിള്‍ ഒഴുകാന്‍ സഹായിച്ചു.
വിദേശികളുടെ സെക്യൂരിറ്റീസ് വില്‍പന നിരോധിച്ചു
വിേേദശികളായവര്‍ കയ്യില്‍ വെച്ചിരിക്കുന്ന സെക്യൂരിറ്റികള്‍ വില്‍കുന്നതില്‍ നിന്നും റഷ്യന്‍ ബ്രോക്കര്‍മാരെ സര്‍ക്കാര്‍ തടഞ്ഞു. ഇതോടെ റഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകളും കോര്‍പറേറ്റ് ഓഹരികളും വില്‍ക്കപ്പെടാതെ റഷ്യയില്‍ ഇരുന്നു. ഇതോടെ ഓഹരി, ബോണ്ട് വിപണികള്‍ ആരോഗ്യത്തോടെ നിലനിന്നു.ഇത് റൂബിളിനെ വിലയിടിയാതെ താങ്ങിനിര്‍ത്തി.
റൂബിളിന്റെ മൂല്യം കൂട്ടിയത് പുടിന്റെ പൂഴിക്കടകന്‍
യുദ്ധം മുറുകിയതോടെ അറിയുന്ന പതിനെട്ടടവുകള്‍ പോരെന്ന് പുടിന് തോന്നി. അതോടെ അദ്ദേഹം പൂഴിക്കടകന്‍ പുറത്തെടുത്തു. ഇതില്‍ റൂബിളിനെ വിലകൂടാന്‍ സഹായിച്ചത് പുടിന്റെ ഈ 19ാം അടവ്. റഷ്യയില്‍ നിന്നും ഗ്യാസ് വാങ്ങുന്നവര്‍ വരുമാനം റൂബിളില്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കിയതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും റൂബിള്‍ നല്‍കി തന്നെ ഗ്യാസ് വാങ്ങി. ഇതായിരുന്നു റൂബിളിനെയും റഷ്യയെയും പിടിച്ചുനിര്‍ത്തിയത്. സാധാരണ യുഎസ്, കാനഡ, ആസ്‌ത്രേല്യ, ന്യൂസിലാന്റ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളുടെ കയ്യില്‍ റൂബിള്‍ ശേഖരം താരതമ്യേന കുറവായിരിക്കും. എന്നാല്‍ പ്രകൃതി വാതകം കിട്ടണമെങ്കില്‍ റൂബിള്‍ വേണമെന്നായപ്പോള്‍ ഈ രാജ്യങ്ങള്‍ പുറത്ത് നിന്ന് റൂബിള്‍ വാങ്ങി. റൂബിളിന് ഡിമാന്‍റ് കൂടിയതോടെ റൂബിളിന്റെ മൂല്യം വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: