കൊല്‍ക്കൊത്ത: തൃണമൂല്‍ ഭരണത്തിലൂടെ പണവും അധികാരവും നേടിയ ലോക്കല്‍ ഗുണ്ടകളിലാണ് മമതയുടെ സിംഹാസനം ഉയര്‍ന്നത്. പൊലീസ് അധികാരം വരെ കവര്‍ന്നെടുത്ത, കൊന്നും പിടിച്ചുപറിച്ചും വളര്‍ന്ന ഈ ഗുണ്ടകള്‍ തന്നെ മമതയ്‌ക്ക് ശാപമാവുന്നു.
അനീസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകം
അനീസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകമായിരുന്നു മമതയ്‌ക്ക് ആദ്യ തിരിച്ചടി നല്‍കിയത്. കൊല്‍ക്കത്തയിലെ അലിയ യൂണിവേഴ്സിറ്റിയിലെ നിയമ ബിരുദധാരിയായ അനീസ് ഖാന്‍ പിന്നീട് കല്യാണി യൂണിവേഴ്സിറ്റിയില്‍ ജേണലിസത്തിന് ചേര്‍ന്നു. ഒപ്പം എംബിഎയും പഠിച്ചു. മമതയുടെ കടുത്ത വിമര്‍ശകനായിരുന്ന അനീസ് ഖാന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു. അനീസിന്റെ ഫേസ്ബുക്കില്‍ മമതയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിറഞ്ഞ പോസ്റ്റുകളായിരുന്നു. ഒരു ദിവസം നാല് പേര്‍ ദഖിന്‍ഖാന്‍പുരയിലാണ് അനീസ്ഖാന്റെ പണി തീരാത്ത വീട്ടിലെത്തി. അനീസ് ഖാന്റെ ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞെന്നാണ് പിതാവ് സലിം പറയുന്നത്. എന്തായാലും താഴെ വീണ അനീസ് ഖാന്‍ കൊല്ലപ്പെട്ടു. ഈ സംഭവസ്ഥലത്ത് പൊലീസ് എത്തിയത് ഒമ്പത് മണിക്കൂറിന് ശേഷമാണ്. വെറും 20 മിനിറ്റേ അംട പൊലീസ് സ്റ്റേഷനിലേക്കുള്ളൂ എന്നിരിക്കേയാണ് ഒമ്പത് മണിക്കൂറെടുത്തത്. ഇതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു. ഈ കൊലപാതകത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.
എന്തായാലും അനീസ് ഖാന്റെ കൊലപാതകികളെ പിടിക്കാനായില്ല. ഹൈക്കോടതി മറവ് ചെയ്ത അനീസ് ഖാന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒപ്പം അനീസ് ഖാന്റെ കുടുംബം സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു. ഇതോടെ മമതയുടെ തരം മാറി. അനീസ് ഖാന്‍ തന്റെ നല്ല സുഹൃത്തെന്നായി മമത. ഏത് വിധേനെയും സി ബി ഐ അന്വേഷണം തടയാന്‍ പ്രത്യേക അന്വേഷണ സംഘത്തെ മമത നിയോഗിച്ചു. പക്ഷെ അന്വേഷണത്തില്‍ ഒന്നും സംഭവിച്ചില്ല.
ഇത് ആ പ്രദേശത്തെ മുസ്ലിങ്ങളില്‍ നല്ലൊരു വിഭാഗത്തെ മമതയില്‍ നിന്നും തൃണമൂലില്‍ നിന്നും അകറ്റി. അനീസ് ഖാന്റെ മൃതദേഹം കാണാന്‍ വന്ന തൃണമൂലിന്റെ എംഎല്‍എ പുലക് റോയിക്ക് ബിജെപി ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം മൂലം തിരിഞ്ഞോടേണ്ടി വന്നു.
മുസ്ലിങ്ങളുടെ അതൃപ്തി
27 ശതമാനം മുസ്ലിങ്ങളാണ് ബംഗാളില്‍ ഉള്ളത്. ഇവരില്‍ ബഹുഭൂരിപക്ഷവും മമതയുടെ കൂടെയാണ്. ഇതിലാണ് മമത അധികാരത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നത്. ദശകങ്ങളോളം സിപിഎമ്മിന് വോട്ട് ചെയ്ത മുസ്ലിങ്ങളാണ് പിന്നീട് ഒറ്റയടിക്ക് തൃണമൂലിലേക്ക് തിരിഞ്ഞത്. 2006ല്‍ സച്ചാല്‍ കമ്മീഷന്‍ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ എടുത്തുകാട്ടി. കുറച്ചുമുസ്ലിങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലിയും ഉന്നതവിദ്യാഭ്യാസവും ലഭിക്കുന്നത്. ഈ റിപ്പോര്‍ട്ട് മുസ്ലിങ്ങള്‍ക്കിടയില്‍ സിപിഎമ്മിനോട് അതൃപ്തി വളര്‍ത്തി. അന്ന് സിപിഎം മുഖ്യമന്ത്രിയായ ബുദ്ധദേബ് ഭട്ടാചാര്യ ഇതിനെ നിസ്സാരമായി കണ്ടു. സ്ഥിതിഗതികള്‍ എന്നും ഇങ്ങിനെയായിരുന്നെന്നും നാളെ മാറിയേക്കാമെന്നും പറഞ്ഞു. ഇത് മുസ്ലിങ്ങളുടെ അതൃപ്തി വര്‍ധിപ്പിച്ചു. അങ്ങിനെയാണ് മമത അധികാരത്തില്‍ വന്നത്.
ഇപ്പോള്‍ മമതയുടെ ഭരണത്തിലും മുസ്ലിങ്ങളുടെ നില മെച്ചപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന നസ്ലുര്‍ ഇസ്ലാം പറയുന്നത് മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ മമത ഭരണത്തില്‍ അതിരൂക്ഷമായെന്നാണ്. ഇത് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മമതയോട് അതൃപ്തി വളര്‍ത്തുകയാണ്.
എന്തായാലും അനീസ്ഖാന്റെ കൊലപാതകം മമതയുടെ ഇരുമ്പുമറയുള്ള ഭരണത്തെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. ആരെങ്കിലും ഭരണത്തെ വിമര്‍ശിച്ചാല്‍ അവര്‍ പൊലീസുകാരുടെയും മമതയുടെ ഗുണ്ടകളുടെയും നോട്ടപ്പുള്ളിയാകും.
ബിര്‍ഭൂം കൂട്ടക്കൊലയും സിബി ഐയും
ഇതിന് പിന്നാലെയാണ് ബിര്‍ഭൂം കൂട്ടക്കൊല ഉണ്ടായത്. തൃണമൂല്‍ പഞ്ചായത്ത് നേതാവ് ബഡു ഷേഖിനെ വധിച്ചതിനുള്ള പ്രതികാരമായാണ് ബഡു ഷേഖിന്റെ ഗുണ്ടകള്‍ ബിര്‍ഭൂമിലെ ബോഗ്തുയില്‍ തൃണമൂല്‍ കുടുംബത്തില്‍പ്പെട്ട ആറ് സ്ത്രീകളെയും രണ്ട് കുട്ടികളെയും വീട് പുറത്ത് നിന്ന് പൂട്ടിയിട്ട ശേഷം വീടിനുള്ളിലിട്ട് മര്‍ദ്ദനത്തിന് ശേഷം തീയിട്ട് കൊന്നത്. ഇത് ബിര്‍ഭൂം പ്രദേശത്ത് തൃണമൂല്‍ അനുഗ്രഹാശിസ്സുകളോടെ അരങ്ങേറുന്ന പണം തട്ടിപ്പറിക്കല്‍ സംഘങ്ങളുടെ പരസ്പര ശത്രുതയുടെ ഭാഗമാണെന്നും ബിജെപി നേരിട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തി.
സംഭവം നടന്ന ബിര്‍ഭൂമിലെ ബോഗ്തുയില്‍ ബിജെപി അന്വേഷണ സമിതി അംഗങ്ങൾ നേരിട്ട് സന്ദർശനം നടത്തി. ഗ്രാമത്തിലെ ജനങ്ങൾ വലിയ കഷ്ടതകളാണ് അനുഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞതായി ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാര്‍ പറഞ്ഞു. രഹസ്യ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്ന് സുകാന്ത പറഞ്ഞു. ഈ കേസ് ഇപ്പോള്‍ സിബി ഐ അന്വേഷിച്ച് വരികയാണ്. കല്‍ക്കത്ത ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്‌ക്ക് വിട്ടത്. ബിര്‍ഭൂം കൂട്ടക്കൊലയുടെ സത്യാവസ്ഥ പുറത്തുവരാന്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ അപേക്ഷയിലാണ് കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണം അനുവദിച്ചത് വിധി പ്രസ്താവിച്ചത്.
സിബി ഐ അന്വേഷണം മമതയുടെ പൊലീസ്-ഗുണ്ടാ ഇരുമ്പു വലയം ഭേദിക്കുമെന്ന് ഉറപ്പാണ്. കുറെയധികം കുറ്റവാളികളെ അവര്‍ കണ്ടെത്തുമെന്നുറപ്പാണ്. ഇത് മമതയുടെ ഗുണ്ടാരാജിന് വലിയ തിരിച്ചടിയായിരിക്കും.
എത്രയും വേഗം അന്വേഷണം നടത്തി ഏപ്രിൽ ഏഴിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. എന്തായാലും കാര്യങ്ങള്‍ കുറെശ്ശേയായി മമതയുടെ കൈവിട്ടുപോവുകയാണ്. അവരെ അന്ധമായി വിശ്വസിച്ച മുസ്ലിങ്ങളില്‍ ഒരു വിഭാഗം മമതയ്‌ക്കെതിരെ തിരിയുകയാണ്. ഈ അവിശ്വാസം തീയായി പടരാന്‍ അധികനാള്‍ വേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: