ന്യൂദല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പാകിസ്ഥാന് ചാനലുകള്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 2021ലെ ഐടി നിയമ പ്രകാരമാണ് നിരോധനം. യൂട്യൂബ് ചാനലുകള്‍ക്ക് പുറമെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്സൈറ്റ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ആകെ 260 കോടി പേര് കണ്ട യൂട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നും ദേശസുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടുവെന്നും ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മോശമായി വ്യാഖ്യാനിക്കുന്നവയായിരുന്നു ഇവയുടെ ഉള്ളടക്കങ്ങളെന്നും ഇവ പൊതുനിയമ വ്യവസ്ഥയെ അലോസരപ്പെടുത്തുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ജമ്മുകശ്മീര്‍, ഇന്ത്യന്‍സൈന്യം, ഉക്രൈന് യുദ്ധം, റഷ്യ, യുഎസ്, എന്നിവയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളാണ് ഇവ പ്രചരിപ്പിച്ചത്. ചില ടിവി ന്യൂസ് ചാനലുകളുടെ ലോഗോയും മറ്റും ഉപയോഗിച്ചാണ് ഇവര്‍ വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. 2021 ഡിസംബറിനു ശേഷം ഇതുവരെയായി ഇത്തരം 78 യൂട്യൂബ് ചാനലുകള്‍ കേന്ദ്രം തടഞ്ഞിട്ടുണ്ട്.
യുദ്ധഭീതി മൂലം ഇന്ത്യയില്‍ ബന്ദ്, ഇന്ത്യ വലിയ ആപത്തില്‍, ഇന്ത്യയും റഷ്യയും ചേര്‍ന്ന് അമേരിക്കയെ ആക്രമിച്ചു. മോദി അഞ്ചു ദിവസത്തെ ഭാരത്ബന്ദ് പ്രഖ്യാപിച്ച് മോദി, പാകിസ്ഥാനില്‍ അണുബോംബിട്ടു. പത്തു മിനിറ്റു കൊണ്ട് ഇന്ത്യ പാകിസ്ഥാനില്‍ 75 ബോംബിട്ടു, യുഎസ് ഇന്ത്യയിലും റഷ്യയിലും വ്യോമാക്രമണം നടത്തി തുടങ്ങിയ തരത്തിലുള്ള വാര്‍ത്തകളാണ് ഇവ പടച്ചുവിട്ടിരുന്നത്.
യൂട്യൂബ് വാര്‍ത്താ ചാനലുകളാണ് പ്രധാനമായും നിരോധിച്ചിരിക്കുന്നത്. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തല്‍, കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ന്യായീകരിക്കല്‍ തുടങ്ങിയവയും ഇവയുടെ ഉള്ളടക്കങ്ങളായിരുന്നു. പാകിസ്ഥാനില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളായിരുന്നു പലപ്പോഴും ഇവയുടെ ഉള്ളടക്കങ്ങളെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: