തൃശ്ശൂര്‍: ഗുരുവായൂര്‍ കേശവന്റെ പൂര്‍ണകായ പ്രതിമ ഇനി ഗണേഷ്‌ഫോര്‍ട്ടിലും കാണാം. ചിറ്റണ്ടയിലെ ഗണേഷ് ഫോര്‍ട്ട് ആനസംരക്ഷണ ചികിത്സാ കേന്ദ്രത്തിലാണ് കേശവന്റെ പൂര്‍ണകായ പ്രതിമ ഒരുങ്ങുന്നത്. കേശവന്‍ മാത്രമല്ല ആനപ്രേമികളുടെ ഹരമായിരുന്ന പല കരിവീരന്‍മാരും ഇവിടെ തലയുയര്‍ത്തും. ചിത്രങ്ങള്‍പോലും അപൂര്‍വമായ ആനകളുടെ പ്രതിമകളാണ് ഇവിടെ ഉയരുന്നത്.
ഗുരുവായൂര്‍ കേശവന്റെ യഥാര്‍ത്ഥ ഉയരമായ പത്തടി നാലിഞ്ച് ഉയരത്തിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. കൊമ്പിന്റെ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാന്‍ ബാക്കിയുള്ളത്. പെരുമ്പാവൂര്‍ സ്വദേശി സൂരജ് നന്ത്യാട്ടിന്റെ നേതൃത്വത്തിലാണ് നിര്‍മാണം. എണ്‍പതിലേറെ ദിവസം തുടര്‍ച്ചയായി പണിയെടുത്താണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. സൂരജിന് പുറമേ എട്ടോളം പേര്‍ പല ഘട്ടങ്ങളില്‍ സഹായികളായി ഉണ്ടായിരുന്നു. കോണ്‍ക്രീറ്റിലാണ് നിര്‍മാണം.
കേശവന്റെ പ്രതിമനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മറ്റ് കരി വീരന്‍മാരുടെ പ്രതിമനിര്‍മാണം ആരംഭിക്കും. ചെങ്ങല്ലൂര്‍ രംഗനാഥന്‍, പൂമുള്ളി ശേഖരന്‍, കാച്ചാംകുറിശ്ശി കേശവന്‍, കിരാങ്ങാട്ട് കേശവന്‍, ഗുരുവായൂര്‍ വലിയ പദ്‌നാഭന്‍ എന്നീ ആനകളുടെ പൂര്‍ണകായ പ്രതിമകളും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. ഓരോ ആനപ്രതിമക്ക് സമീപവും അതിന്റെ പ്രത്യേകതകള്‍ വിവരിക്കുന്ന സംവിധാനം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: