പത്തനംതിട്ട: പ്രണയത്തെ കുറിച്ച് ചിന്തിക്കാത്തവര്‍ ആരും കാണില്ല. കലാകാരന്മാരും കവികളും പ്രണയത്തിന് ശില്പഭംഗിയും ബിംബഭംഗിയും നല്കി. രണ്ടര മണിക്കൂറില്‍ മുപ്പത്തിയൊന്ന് വിദ്യാര്‍ത്ഥികള്‍ പ്രണയത്തെ ശില്പത്തിലേക്ക് ആവാഹിച്ചപ്പോള്‍ വ്യത്യസ്തങ്ങായ മുപ്പത്തിയൊന്ന് പ്രണയശില്പങ്ങളാണ് പിറവിയെടുത്തത്.
രണ്ടര മണിക്കൂറാണ് മത്സരത്തിന് അനുവദിച്ചിട്ടുള്ളത്. കലാകാരന്മാരുടെ മനോഗതം അനുസരിച്ച് പ്രണയത്തിന് പുതിയ ഭാവുകത്വം നല്കി. പ്രകൃതിയുടെ പശ്ചാത്തലത്തില്‍ പ്രണയ ചേഷ്ടയിലേര്പ്പെടുന്ന ഇണക്കുരുവികളും, ടൈറ്റാനിക്ക് സിനിമയില്‍ കപ്പലിന്റെ പശ്ചാത്തലത്തില്‍ മെയ്യോട് മെയ്യ് ചേര്‍ന്നുനില്‍ക്കുന്ന കാമുകീകാമുകനും ശില്പരചനക്ക് ഇതിവൃത്തമായി. കാമുകിയുടെ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന കാമുകനും സ്നേഹത്തോടെ പരസ്പരം കരം ഗ്രഹിച്ചിരിക്കുന്ന വൃദ്ധ ദമ്പതികളും വ്യത്യസ്തമായ രചനകളാണ്.
പ്രണയ രചനയിലും ആനക്കാര്യം മറക്കാന്‍ തയ്യാറായില്ല. പരസ്പരം ചേര്‍ന്ന് നില്ക്കുന്ന കൊമ്പനും പിടിയാനയുമാണ് ഒരു മത്സാരാര്‍ത്ഥി ഇതിവൃത്തമാക്കിയത്. മാതൃസ്നേഹവും മാതൃവാത്സല്യവും പ്രണയത്തിന് പുതിയ അര്‍ത്ഥം തേടുന്ന കലാസൃഷ്ടിയാണ്. എന്തിനോടും പ്രണയമാകും. ആ പ്രണയത്തെ ശില്പത്തിലേക്ക് ആവാഹിക്കുമ്പോള്‍ കാഴ്ചക്കാരും കലാകാരനും തമ്മില്‍ നിശബ്ദം സംവദിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: