കാഞ്ഞങ്ങാട്: എടുക്കാത്ത വായ്പയുടെ പേരില്‍ അറുപതിയാറു ലക്ഷം രൂപയുടെ ജപ്തി നോട്ടീസ്. 66 വയസുകരനായ പുല്ലൂര്‍ സ്വദേശി പി.വി.കൃഷ്ണനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കെഎസ്എഫ്ഇ നീലേശ്വരം ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വായ്പാ തട്ടിപ്പിനിരയായ ജാമ്യക്കാരനായ കൃഷ്ണനാണ് 66,18,433 രൂപയുടെ റവന്യു റിക്കവറി നോട്ടീസ് കിട്ടിയത്.
മടിക്കൈ കീത്തേല് ഹൗസില്‍ കെ.വി.ഉണ്ണികൃഷ്ണന്റെ മകനും പ്രവാസിയുമായ പ്രസാദുമായുള്ള മുന്‍ പരിചയം മുതലെടുത്താണ് ഉണ്ണികൃഷ്ണന് പുല്ലൂര്‍ ഹരിപുരത്തെ പി.വി.കൃഷ്ണനെ സമീപിച്ചത്. കൃഷ്ണന്റെ പേരില്‍ പുല്ലൂര്‍ വില്ലേജിലുള്ള അമ്പത് സെന്റ് സ്ഥലത്തിന്റെ ആധാരവും കെഎസ്എഫ്ഇ നീലേശ്വരം ശാഖയില്‍ സമര്‍പ്പിച്ചിരുന്നു. ആധാരം ഉടന്‍ തിരിച്ചുനല്‍കാമെന്ന് കൃഷ്ണനെ വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണന് ചതിച്ചിരിക്കുന്നത്. 66 ലക്ഷത്തിന്റെ റവന്യു റിക്കവറി നോട്ടീസ് ലഭിച്ചതോടെയാണ് കൃഷ്ണന് ചതിക്കപ്പെട്ട വിവരമറിഞ്ഞത്. ഇതിനിടയില്‍ കൃഷ്ണന്റെ ആധാരമുപയോഗിച്ച് അദ്ദേഹത്തിന്റെ പേരിലും ഈ സംഘം വായ്പയെടുത്തിട്ടുണ്ട്.
കെഎസ്എഫ്ഇ നീലേശ്വരം ശാഖാ മാനേജര്‍ ബാബുരാജിന്റെ ഒത്താശയോടെയാണ് തട്ടിപ്പ് മുഴുവനും നടന്നത്. തട്ടിപ്പ് പുറത്തായതോടെ കൃഷ്ണന്റെ മകന് പ്രസാദ് കെഎസ്എഫ്ഇ റീജിണല്‍ ഓഫീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നീലേശ്വരം ശാഖാ മാനേജറായ ബാബുരാജ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. 2013ലാണ് തട്ടിപ്പുകളുടെ തുടക്കം. ഈ തട്ടിപ്പുകളെല്ലാം നടത്തിയ ഉണ്ണികൃഷ്ണന് ഇപ്പോള്‍ ഗള്‍ഫിലേക്ക് മുങ്ങിയിരിക്കുകയാണ്.
എടുക്കാത്ത വായ്പയുടെ പേരില്‍ പ്രതിസന്ധിയിലാണ് ഇപ്പേള്‍ കൃഷ്ണന്. പേരൂര്‍ സദ്ഗുരു സ്കൂളിന് സമീപത്തെ 50 സെന്റ് ഭൂമിയുടെ ആധാരമാണ് ഉണ്ണികൃഷ്ണനെ വിശ്വസിച്ച് ഈടു നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണനെ കൂടാതെ മകന് ഹരിയും ബന്ധു പ്രസാദും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: