അടിമാലി: അരക്കോടി മുടക്കി നിര്‍മ്മിച്ച അടിമാലി ശാന്തി കവാടം പൊതുശ്മശാനം നാശത്തിന്റെ വക്കില്‍. അടിമാലി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പൊതു ശ്മശാനമാണ് സംരക്ഷണത്തിന്റെ അഭാവം മൂലം നാശത്തിലേക്ക് നീങ്ങുന്നത്.
2017ല്‍ ആണ് ഗ്രാമ പഞ്ചായത്ത് കൂമ്പന്‍പാറയ്ക്ക് സമീപം ഈ ആധുനിക ശ്മശാനം നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കൊവിഡ് കാലത്ത് 100 ഓളം മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്. സമീപത്തെ പൊതു ശ്മശാനം ഇല്ലാത്ത പഞ്ചായത്തുകള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു ഇവിടം. 2020ലെ ഭരണ സമിതി ശ്മശാനം സൗന്ദര്യവല്‍ക്കരിക്കുന്നതിന് വേണ്ടി 10 ലക്ഷം അനുവദിച്ചു. എന്നാല്‍ അതില്‍ 2.5 ലക്ഷം മാത്രമാണ് ചിലവഴിച്ചത്.
എന്നാല്‍ ഈ തുക പോലും ഫലവത്തായി ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ചുറ്റുമതിലിലെ നിര്‍മ്മാണം എന്ന പേരില്‍ മൂന്ന് നിര സിമന്റ് ഇഷ്ടിക വെച്ചും, തേപ്പ് പോലും നടത്തിയിട്ടില്ല. കൂടാതെ 20 ഓളം ഇലക്ട്രിക് വിളക്ക് കാലുകള്‍ സ്ഥാപിച്ചത് പ്രവര്‍ത്തന രഹിതമാണ്. ശ്മശാനം മുഴുവന്‍ കാടുപിടിച്ചു കിടക്കുകയാണ്. നാമമാത്രമായ ഭാഗത്ത് മാത്രമാണ് ടൈല്‍ വിരിച്ചിട്ടുള്ളൂ, അതും പുല്ല് കയറി നശിച്ച് തുടങ്ങി. ശ്മനാത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെ വാട്ടര്‍ ടാങ്ക് പൂര്‍ണ്ണമായും തുരമ്പ് എടുത്ത നിലയിലാണിപ്പോള്‍.
കൂടാതെ പഞ്ചായത്ത് ശേഖരിച്ച കുപ്പി ചില്ല് മാലിന്യങ്ങള്‍ ഇപ്പോള്‍ ശ്മാശാനത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഒരു കാലത്ത് പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു ഇവിടം. ഇതിനെതിരെ ഉണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായാണ് മലിന്യങ്ങള്‍ ഇവിടെ നിന്ന് നീക്കം ചെയ്തത്. വീണ്ടും ശ്മശാനത്തെ മാലിന്യ നിക്ഷേപ സ്ഥലമാക്കി മാറ്റുകയാണ് പഞ്ചായത്ത് അധികൃതര്‍.
ശ്മശാനത്തിലേക്കുള്ള പ്രവേശന കവാടം എപ്പോഴും തുറന്ന നിലയിലായതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ സ്ഥലമായി മാറിക്കഴിഞ്ഞു ഇവിടം. കൊച്ചി-ധനുഷ്‌കോടി ദേശീയ പതതയില്‍ കൂമ്പന്‍പാറക്ക് സമീപം പ്രകൃതി രമണീയമായ സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ശ്മശാനം നാശത്തിന്റെ വക്കിലേക്ക് നീങ്ങുകയാണ്.
സത്യന്‍ അടിമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: