തൃശ്ശൂര്‍: അപകടമുണ്ടായാല്‍ ഓടിയെത്തുന്നവര്‍, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ റോഡ് സുരക്ഷക്കായി പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും സഹായമായി ഓടിയെത്തുന്ന സേവന തല്പരരായ ഊര്‍ജസ്വലരാണ് ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി അംഗങ്ങള്‍. അപകടങ്ങള്‍ നടന്നാല്‍ രക്ഷാപ്രവര്‍ത്തനം, റോഡ് സുരക്ഷ, ജനങ്ങള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണം എന്നിവ ഇവര്‍ സമൂഹനന്മക്കായി ചെയ്തുവരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രിക്കാനും, ബൈപാസുകളിലും, ബൈക്ക് പട്രോളിങ്ങുമായും ഇവര്‍ പോലീസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. പുലര്‍ച്ചെ 4 മണി വരെ വിവിധ ബൈക്കുകളിലായി പട്രോളിങ്ങും നടത്തി.
14 മുതല്‍ 55 വയസു വരെയുള്ള 240 പേര് തൃശ്ശൂര്‍ ജില്ലയില്‍ ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയില്‍ സന്നദ്ധ സേവനം ചെയ്യുന്നുണ്ട്. അപകടങ്ങള്‍ നടക്കുമ്പോള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും മറ്റും പോലീസിനൊപ്പം ചേര്‍ന്ന് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന കര്‍മ ധീരരാണിവര്‍. തൃശ്ശൂര്‍ ജില്ലയില്‍ ആകെ ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയുടെ 8 യൂണിറ്റുകളുണ്ട്. പട്ടിക്കാട്, മാള, അന്തിക്കാട്, ചേര്‍പ്പ്, അഴീക്കോട്, വലപ്പാട്, മതിലകം, കയ്പമംഗലം എന്നിവിടങ്ങളിലാണിവ. 2013 ല്‍ സുരക്ഷക്കായി സമിതി രൂപീകരിച്ചെങ്കിലും രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നത് 2016 ലാണ്. അന്നത്തെ ഡിജിപി ആര്. ശ്രീലേഖയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കൊടുങ്ങല്ലൂര്‍ തെക്കേ നടയിലാണ് സമിതിയുടെ ഓഫീസ്.
പൊതുജനസേവന തല്പരരായ ഒരുകൂട്ടം ജനതയുടെ ആത്മാവിഷ്കാരമാണ് ഇതെന്ന് നിസംശയം പറയാം. കൂലിപ്പണിക്കാര്‍, െ്രെഡവര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് സമിതിയിലെ അംഗങ്ങള്‍. വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമടക്കം 5 സ്ത്രീകളും ഈ സമിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തന ചിലവുകള്‍ക്ക് പ്രവാസികളായ വ്യക്തികളുടെ സഹായമുണ്ട്. ഇരുചക്ര വാഹനങ്ങളിലും സ്വന്തം വാഹനങ്ങളിലുമായി സമിതി പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ജാഗരൂകരാണ്. ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി ജില്ലാ പ്രസിഡന്റ് ഇ.ജെ. വത്സന്, വൈ. പ്രസിഡന്റ് ഉണ്ണി പണിക്കശ്ശേരി, സെക്രട്ടറി കെ.പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സമിതിക്ക് 2 ആംബുലന്‍സുകളും അപകടത്തില്‍ പെടുന്നവര്‍ക്കായി ഫസ്റ്റ് എയ്ഡ് കിറ്റുകളും ഓക്സിജന്‍ സിലിണ്ടറുകളുമടക്കം 4 പേര് അവശ്യ സേവനത്തിനുമുണ്ടായിരുന്നു. എന്നാല്‍ 2018 ലെ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് വെള്ളക്കെട്ടിലൂടെ ഓടി ആമ്പുലന്‍സ് രണ്ടും നശിച്ചു. അപകടത്തില്‍ പെടുന്നവര്‍ക്ക് മാത്രമല്ല നിര്‍ധനരായ രോഗികള്‍ക്കും ആശ്രയമായിരുന്നു ഇവ. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് ഡയാലിസിസ് ചെയ്യാന്‍ പോകുന്ന രോഗികളെ ഡീസല്‍ ചിലവിലേക്കായി വെറും 300 രൂപ മാത്രം വാങ്ങിയാണ് അക്കാലത്ത് സേവനം ചെയ്തിരുന്നത്. ആംബുലന്‍സ് നശിച്ചതോടെ കുറെ നിര്‍ധന രോഗികള്‍ക്കുള്ള ആശ്രയം കൂടിയാണ് ഇല്ലാതായത്. ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സുകള്‍ വാങ്ങി നല്കാന് സുമനസുകള്‍ കനിയേണ്ടതുണ്ട്.
ഹൈവേ സുരക്ഷക്കായുള്ള ഇത്തരം പൊതുജന പങ്കാളിത്തം പോലീസിനും വളരെ സഹായമാണ്. അപകടങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ജാഗ്രതാ സമിതിയംഗങ്ങള്‍ മുന്നിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ സ്വന്തം ആംബുലന്‍സുകളില്‍ അത്യാഹിത ഘട്ടങ്ങളിലും, കിടപ്പുരോഗികളെ ആശുപത്രികളിലെത്തിച്ചു കൊടുക്കാനും സമിതിക്ക് കഴിഞ്ഞിരുന്നു.
കെ.ജെ. ജിനേഷ്എസ്എച്ച്ഒ, വളാഞ്ചേരി (ഹൈവേ സുരക്ഷ ജാഗ്രതാ സമിതി രക്ഷാധികാരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: