ഇസഌമബാദ്: ദേശീയ അസംബഌ പൊടുന്നനെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ രൂക്ഷമായ ഭരണ പ്രതിസന്ധി. സര്‍ക്കാരില്ല, സഭയുമില്ല. പ്രസിഡന്റും താത്ക്കാലിക പ്രധാനമന്ത്രിയായ ഇമ്രാന് ഖാനും ചേര്‍ന്ന് സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണിപ്പോള്‍. ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രതീക്ഷ ഇനി സുപ്രീം കോടതിയിലാണ്.
അവിശ്വാസ പ്രമേയത്തെ നേരിടാന്‍ കഴിയാതെ ദേശീയ അസംബഌ തന്നെ പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന് ഖാന്റെയും പ്രസിഡന്റ് ആരിഫ് അല്വിയുടെയും അവിശ്വാസ പ്രമേയം അസാധുവായി പ്രഖ്യാപിച്ച ഡപ്യൂട്ടി സ്പീക്കറുടെയും നടപടികള്‍ക്ക് എതിരെ പാക് സുപ്രീം കോടതിയില്‍ ഇന്നലെ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. സുപ്രീം കോടതി സ്വയമേവ എടുത്ത കേസില്‍ വാദം ഇന്നും തുടരും.
കേസ് കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് ഉമര്‍ ആട്ട ബണ്ടിയാള് കേസില്‍ തങ്ങള്‍ തന്നെ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഡപ്യൂട്ടി സ്പീക്കറുടെയും നടപടികള്‍ കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അസംബ്ളി പിരിച്ചുവിട്ടത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ചട്ട പ്രകാരമുള്ള നടപടികളാണ് കൈക്കൊണ്ടതെന്നും വിദേശസഹായത്തോടെയുള്ള അവിശ്വാസമാണ് അവതരിപ്പിച്ചതെന്നും അത് രാജ്യദ്രോഹനടപടിയാണെന്നുമാണ് ഇമ്രാന് പക്ഷത്തിന്റെ വാദം.
അതിനിടെ ഇമ്രാനെ താത്ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ച് പ്രസിഡന്റ് ആരിഫ് അല്‍വി വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ കാവല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും വരെയാണ് ഇമ്രാന്റെ നിയമനം.
കാവല്‍( കെയര്‍ടേക്കര്‍) പ്രധാനമന്ത്രിയുടെപേര് നിര്‍ദ്ദേശിക്കാന്‍ അഭ്യര്‍ഥിച്ച് പ്രസിഡന്റ് ഭരണമുന്നണിക്കും പിരിച്ചുവിട്ട ദേശീയ അസംബഌയിലെ പ്രതിപക്ഷ നേതാവായിരുന്ന ഷബാസ് ഷെരീഫിനും കത്തു നല്‍കിയിട്ടുമുണ്ട്. മൂന്നു ദിവസത്തിനകം സമവായത്തില്‍ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തണം. അതിനു സാധിച്ചില്ലെങ്കില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഓരോ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണം. അവരുടെ പേരുകള്‍ സ്പീക്കര്‍ രൂപീകരിക്കുന്ന എട്ടംഗ സമിതിക്ക് നല്‍കും. പിരിച്ചുവിട്ട അസംബഌ അംഗങ്ങളും സെനറ്റ് അംഗങ്ങളും ഉള്‍പ്പെടുന്ന സമിതി പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും തീരുമാനിക്കും.
എന്നാല്‍ ഈ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. നിയമവിരുദ്ധമായ ഈ പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഷബാസ് ഷെരീഫ് വ്യക്തമാക്കി. തന്നെ പുറത്താക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ ഇമ്രാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെയും ഇസഌമബാദില് പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചു. പരിപാടിയില്ഇമ്രാന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: