കൊച്ചി : ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധവും നിസ്സഹകരണവും മൂലം എറണാകുളം, ആലപ്പുഴ പത്തനംതിട്ട എന്നീജില്ലകളിലെ കെ റെയില്‍ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി. ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ തുടരുന്നതില്‍ പഠനവുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെന്ന് രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വ്യക്തമാക്കി. ഇക്കാര്യം റവന്യൂ വകുപ്പിനേയും അറിയിച്ചിട്ടുണ്ട്.
കെ റെയില്‍ നിര്‍ദ്ദിഷ്ട പദ്ധതി മേഖലയിലെ താമസക്കാര്‍ക്കായി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇതു പ്രകാരം വിവരങ്ങള്‍ തേടണമെങ്കില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. അവരുടെ ആശങ്കകളും അറിയേണ്ടതുണ്ട്. ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ പഠനം അപ്രായോഗികമാണ്.
കെ റെയില്‍ സര്‍വ്വേയ്ക്കിടെ എറണാകുളം ജില്ലയില്‍ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയും സര്‍വ്വേ കല്ല് പിഴുതെറിയുകയുമുണ്ടായി. വനിതാ ജീവനക്കാര്‍ക്ക് നേരെ വരെ ജനങ്ങളില്‍ നിന്നും കയ്യേറ്റം ഉണ്ടായി. ഇതിനെ തുടര്‍ന്ന് സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് രാജഗിരി പഠന സംഘം ജില്ലാ കളക്ടറിനെ അറിയിക്കുകയായിരുന്നു. കളക്ടര്‍ അത് റവന്യൂ വകുപ്പിനേയും അറിയിച്ചു.
എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം കടുക്കുമ്പോഴും സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. സ്ഥലത്തിന്റെ രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്.
നാടിന്റെ ഭാവിക്കായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സ്ഥാപിത താല്പര്യങ്ങള് മുന്‍നിര്‍ത്തിയുള്ള കുത്തിത്തിരിപ്പുകള്‍ക്ക് ഇട കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണ്‍ ആയി മാറരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: