മുരളി സി.എസ്.
വൃശ്ചികപ്പുലരിയിലെ തണുപ്പില്‍ ഉറക്കം മതിയാകാതെ കിടക്കുമ്പോഴാണ് ഫോണിന്റെ ബെല്‍. ഏതവനാണീ കൊച്ചുവെളുപ്പിന് ഏഴര മണിക്ക് തെങ്ങുകയറാന്‍ വരുമോ എന്നു ചോദിക്കുന്നതെന്ന് കരുതി മനസ്സില്ലാമനസ്സോടെ കയ്യെത്തിച്ച് ഫോണില്‍ നോക്കി. പത്ത് പന്ത്രണ്ട് വീടുകള്‍ക്ക് അപ്പുറമുള്ള കക്ഷിയാണ്. പണ്ട് സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നെങ്കിലും കക്ഷി വിരമിച്ച ശേഷം ഇപ്പോള്‍ വക്കീലായാണ് അറിയപ്പെടുന്നതു്. ഇദ്ദേഹത്തിന്റെ വീട്ടില്‍ താന്‍ തന്നെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തെങ്ങ് കയറിക്കൊടുക്കുന്നത്. ആള് മാന്യനാണ്. പൈസയൊക്കെ കൃത്യമായി തരും. ചിലപ്പോള്‍ കൂടുതലും തരാറുണ്ട്. കഴിഞ്ഞ ഞായാഴ്ച തന്നെ ഒന്ന് വിളിച്ചിരുന്നു. തെങ്ങ് കയറിക്കൊടുക്കുവാന്‍ വരുമോ എന്നു ചോദിച്ചുകൊണ്ട്.
വക്കീലല്ല ജഡ്ജിയായാലും തെങ്ങ് കയറാന്‍ വരുമോ എന്നു ചോദിക്കുമ്പോഴേ വാക്കത്തിയും എടുത്ത് അരയില്‍ തൂക്കിയിട്ട് കാലില്‍ ഇടേണ്ടതായ തളപ്പും എടുത്തുകൊണ്ട് ഓടിച്ചെന്നാല്‍ പിന്നെ തനിക്ക് എന്താ ഒരു വില. രണ്ട് മൂന്ന് പ്രാവശ്യം കെഞ്ചി അപേക്ഷിച്ചിട്ട് ചെല്ലുമ്പോള്‍ നമ്മുടെ വില അവര്‍ക്ക് മനസ്സിലാകും. എന്തായാലും ഫോണ്‍ എടുത്തു നോക്കാം. എന്തിനാണെന്നറിയാമല്ലോ. പച്ച ബട്ടണിലേക്ക് വിരല്‍ നീങ്ങി.
”ഹലോ സൈജു വല്ലേ, ഇന്ന് വന്നിട്ട് ഒന്ന് തെങ്ങ് കയറിത്തരാന് സൗകര്യപ്പെടുമോ?”
ഈ അഭ്യര്‍ത്ഥനയും വിനയവും കേള്‍ക്കുമ്പോഴുള്ള രോമാഞ്ചം ഒന്നു വേറെതന്നെയാണ്. കഴിഞ്ഞയാഴ്ച തന്നെ ഈ കക്ഷി വിളിച്ചിരുന്നു. ഇതേ കാര്യത്തിന്. അന്ന് തനിക്ക് ഒരു പണിയും ഉണ്ടായിരുന്നില്ല. എങ്കിലും ഞാനിപ്പോള്‍ ഒരു പണിത്തിരക്കിലാണെന്ന് പറഞ്ഞ് മാറ്റിയതാണ്. തല്ക്കാലം ഇന്നും അങ്ങനെതന്നെ പറയാം. എന്തുചെയ്യാം, മൂന്നു വട്ടമെങ്കിലും എന്നെ വിളിപ്പിക്കുക എന്നത് ഒരു ശീലമായിപ്പോയി.
”ചേട്ടാ, ഞാന്‍ വെളുപ്പിനെതന്നെ ഒരു പണിക്ക് ഇറങ്ങി. ഉച്ചക്കുശേഷം സമയം കിട്ടിയാല്‍ നോക്കാം.” മനസ്സിന്റെ ഉള്ളില്‍ എവിടെയോ ഒരു ലഡു പൊട്ടി.
ഭാര്യ തൊഴിലുറപ്പിന് പോകുന്നതിനാല്‍ അത്യാവശ്യം വീട് ചെലവുകള്‍ അങ്ങനെ നടക്കും. പിന്നെ അയല്‍വാസി ബാബുവിന്റെ ഒപ്പം ചീട്ടുകളിച്ച് കളയാനുള്ള പൈസ മാത്രം സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയാല്‍ മതി. എന്തായാലും പതിവുള്ള ചായ റെഡിയായിക്കാണുമോ എന്ന് അടുക്കളയില്‍ പോയി നോക്കാം.
ചായ കയ്യിലെടുത്ത് ഉമ്മറത്ത് ഇളകിയാടുന്ന കസേരയില്‍ ഒരു വിധം ബാലന്‍സ് ചെയ്ത് ഇരുന്ന് മൊത്തിക്കുടിക്കുമ്പോള്‍ രാവിലെ തന്നെ ഒരുത്തനെ ഫോണിലൂടെ മുട്ടുകുത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യം തികട്ടി വന്നു.
”ദേ മനുഷ്യാ ഞാന്‍ ഇറങ്ങുവാ. നാണമില്ലേ നിങ്ങള്‍ക്ക് പണിക്ക് പോകാതെ ഇവിടെ ഇരുന്ന് ചീട്ട് കളിച്ചും കവലയില്‍ പോയി പകിട കളിച്ചും മുടിപ്പിക്കാന്‍’ അവള് പല്ലിറുമ്മിപ്രാകികൊണ്ട് പടിയിറങ്ങി.
ബാബുവുമൊത്ത് ചീട്ടുകളിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. സമയം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. ഇന്നലെ കുടിച്ചതിന്റെ ബാക്കി വല്ലതും കുപ്പിയിലുണ്ടോ എന്നു നോക്കി. കഷ്ടി ഒരു 30 മില്ലി കാണും. ഇപ്പോഴത്തെ നിലയില്‍ ഇതുപോലും ആഘോഷമാണ്. അടുക്കളയില്‍ പോയി തപ്പി നോക്കി. ഒന്നുമില്ല. പഴയ വട്ടിയില്‍ കുറച്ച് ഉള്ളി കിടക്കുന്നു. മതി. ഇതു തന്നെ ധാരാളം.
രാവിലെ കെഞ്ചിയ കിളവനെ വിളിച്ച് ഒന്ന് കൂടി കെഞ്ചിപ്പിച്ചാലോ. അതല്ലേ അതിന്റെ ഒരു സുഖം.
”ചേട്ടാ ഞാന്‍ സൈജുവാണ്. പണി ഇപ്പോള്‍ തീര്‍ന്ന് ദാ വന്ന് കേറിയതേയുള്ളൂ. നല്ല ക്ഷീണം. ഇനിയിപ്പോ നാളെപ്പോരേ ചേട്ടാ? അല്ലെങ്കില്‍ അടുത്ത ഞായറാഴ്ചയാക്കാം അല്ലേ?”
ഒറ്റശ്വാസത്തില്‍ ആദ്യമേ അങ്ങോട്ട് എല്ലാം മൊഴിഞ്ഞു. ഇളിഭ്യനായ കിഴവന്റെ മറുപടിക്കായി കാതോര്‍ത്തു.
”ആ സൈജു, നമസ്കാരം. സൈജുവിന് തിരക്കാണെന്ന് അന്നും ഇന്നും പറഞ്ഞതിനാല്‍, ഇവിടെ അടുത്തു തന്നെ തെങ്ങ് കയറുവാന്‍ ആളെ സപ്ലൈ ചെയ്യുന്ന ഒരു സ്ഥാപനമുള്ളത് സൈജുവിനും അറിയാവുന്നതാണല്ലോ. ഞാന്‍ അവിടത്തെ ഫോണ്‍ നമ്പര്‍ കഴിഞ്ഞ പ്രാവശ്യം സൈജു വരാതിരുന്നപ്പോഴേ സംഘടിപ്പിച്ചു വച്ചിരുന്നത് എടുത്ത് വിളിച്ചു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവരുടെ ടീമിലുള്ള അന്യ സംസ്ഥാനക്കാരനായ ഒരു കൊച്ചന് വന്നു മുറി മലയാളവും പറഞ്ഞ് പരിചയപ്പെടുത്തി, തെങ്ങ് കയറിത്തന്നു. സൈജുവിന് ഒരു തെങ്ങിന് 70 രൂപ വച്ച് ഞാന്‍ തന്നിരുന്നുവെങ്കിലും ഈ സ്ഥാപനം 50 രൂപയേ വാങ്ങുന്നുള്ളൂ. ആ കൊച്ചന്റെ പെരുമാറ്റം കണ്ടപ്പോള്‍ 50 രൂപ കൂടുതല്‍ കൊടുത്തു. പരിചയപ്പെട്ടപ്പോള്‍ അവന് ഛത്തീസ്ഗഡ് സ്വദേശിയാണെന്നും, ഇവിടെ ഒരു തെങ്ങ് കയറിയാല്‍ സ്ഥാപനം അവന് 35 രൂപയാണ് അവന് നല്‍കുന്നതെന്നും, അവന് അതില്‍ സംതൃപ്തനാണെന്നും, അവനെപ്പോലെ അവന്റെ നാട്ടില്‍നിന്ന് ഇവിടെ ധാരാളം പേരുണ്ടെന്നും മാസം തോറും എല്ലാവരും ചുരുങ്ങിയത് അയ്യായിരം മുതല്‍ ചിലര്‍ പതിനായിരം രൂപ വരെ വീട്ടിലേക്ക് അയക്കുന്നുണ്ടെന്നും പറഞ്ഞു. അടുത്ത പ്രാവശ്യവും വിളിക്കണേ എന്നു പറഞ്ഞ് ആ കൊച്ചന് തൊഴുതു കൊണ്ടാണ് പോയത്. ഇനി കഴിയുന്നതും ഞാന്‍ ഇക്കാര്യത്തിനായി സൈജുവിനെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിക്കാം.”
”അപ്പോള്‍ ചുരുക്കത്തില്‍ കിഴവന് വക്കീലില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിനും ഓണത്തിന് കിട്ടിയിരുന്ന ബോണസ്സിനും ഒരു തീരുമാനമായി. ഈ ഛത്തീസ്ഗഢുകാര്‍ ഇവിടെ കേരളത്തില്‍ വന്നു കേറി അഭിമാനികളും സാക്ഷരരുമായ ഞങ്ങള്‍ കേരളീയരുടെ വയറ്റത്തടിക്കേണ്ട വല്ല കാര്യവുമുണ്ടോ?”
അറിയാതെ പുറത്തുവന്ന ആത്മഗതം ആരെങ്കിലും കേട്ടോ എന്നു ചുറ്റും നോക്കി. എന്തായാലും കവലയില്‍ പോയി നാളുകളായി അടഞ്ഞു കിടക്കുന്ന കടയുടെ തിണ്ണയില്‍ ഇരുന്ന് അരമണിക്കൂര്‍ പകിടയെറിഞ്ഞിട്ട് തന്നെ കാര്യം. ഈ ചന്തുവിനെ തോല്‍പ്പിക്കാന്‍ ഒരു ഛത്തീസ്ഗഢുകാരനും ആയിട്ടില്ല മക്കളേ…..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: