രജനി സുരേഷ്
‘മദിക്കാത്ത മദനന്‍
മദിപ്പിച്ചിടുന്നു
സ്വതസിദ്ധമാം നല്ല
വരകൊണ്ടു നമ്മെ.’
കുഞ്ഞുണ്ണി മാഷിന്റെ കൈപ്പടയില്‍ എഴുതിയ കുറിപ്പ് എനിക്കൊരു വര്‍ഷം മുന്‍പ് മദനന്‍ സര്‍ വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് അതു വീണ്ടും വായിക്കുവാനിടയായി. മദനന്‍ എന്ന ചിത്രകലയുടെ പെരുമാളെ കുറിച്ച് എഴുതുവാന്‍ ഒരുങ്ങിയതങ്ങനെ. കോളജ് ജീവിതത്തിന്റെ വര്‍ണപ്പകിട്ടുകള്‍ക്കിടയിലും വായനയ്‌ക്ക് ഞാന്‍ സമയം കണ്ടെത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രങ്ങളും ‘ാമറമിമി’ എന്ന പേരിലുള്ള ഒപ്പും വ്യത്യസ്തത പുലര്‍ത്തിയതു കൊണ്ടാകാം ഏറെ ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ വികെഎന്‍ വിശേഷിപ്പിച്ച ‘മാഡ്മാന്‍’ എന്ന മദനനെ കണ്ടുമുട്ടുവാന്‍ കാലം മുന്നോട്ടു സഞ്ചരിക്കേണ്ടി വന്നു. കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ വച്ചാണ് പ്രശസ്ത ചിത്രകാരന്‍ മദനനെ നേരില്‍ കാണുന്നത്. എന്റെ ഒരു കഥാ സമാഹാരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ക്ഷണിക്കുവാനായി മാതൃഭൂമിയില്‍ പോയതായിരുന്നു.
സംസാരത്തിലും പ്രകടനത്തിലും ലാളിത്യം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വത്തോട് മതിപ്പ് തോന്നുകയും ചെയ്തു.
കോഴിക്കോട് അളകാപുരിയില്‍ വച്ച് യു.കെ. കുമാരനില്‍ നിന്ന് അദ്ദേഹം എന്റെ കഥാസമാഹാരം ഏറ്റുവാങ്ങിയിരുന്നു.
പുസ്തകം കൈപറ്റിയ ശേഷംഅദ്ദേഹത്തിന്റെ സംസാരത്തിന്റെ തുടക്കമിങ്ങനെ…
‘വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്, വള്ളുവനാടന്‍ പെണ്ണ്.
ഈ ഗാനമാണ് രജനി ടീച്ചറുടെ കഥകള്‍ വായിക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത്.’
അദ്ദേഹം എന്റെ വള്ളുവനാടന്‍ കഥകള്‍ ആസ്വദിച്ചു വായിച്ചിരുന്നു.
ചിത്രകലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചിത്രകാരന്‍ പുത്തന്‍വീട്ടില്‍ മദനമോഹനന്‍ എന്ന മദനന്‍ ചിത്രകലാ പാരമ്പര്യമുള്ള വീട്ടിലാണ് ജനിച്ചത്. കണ്ണൂര്‍ ജില്ലയിലെ ചാല കോയ്യോട് സ്വദേശി.അച്ഛന്‍ ചിത്രകലാഗുരുവായ പി.വി.നാരായണാചാരി. അച്ഛന്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഗുരു. ഗുരുകുല സമ്പ്രദായത്തിന്റെ പകര്‍പ്പുപോലെ വീട്ടില്‍ താമസിച്ച് ചിത്രകല അഭ്യസിച്ച ശിഷ്യഗണങ്ങളാണ് അച്ഛന്റെ സമ്പത്ത്. വടകര ബി.ഇ.എം.ഹൈസ്‌കൂളില്‍ ചിത്രകലാധ്യാപകനായിരുന്നു അച്ഛന്‍.അമ്മ കണ്ണൂര്‍ ജില്ലക്കാരിയായ സാവിത്രി. അവരുടെ അഞ്ചു മക്കളില്‍ മൂന്നാമന്‍. അദ്ദേഹത്തിന്റെ സഹോദരങ്ങളും സഹോദരിയും ചിത്രകലയുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവര്‍ തന്നെ. സഹോദരീ ഭര്‍ത്താവായ ആര്‍ട്ടിസ്റ്റ് രാമദാസ് മദനന്റെ കലാജീവിതത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ചിത്രകലാമത്സരങ്ങളില്‍ മത്സരിച്ചു തുടങ്ങി. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ (1975) പതിനഞ്ചാമത് സംസ്ഥാന യുവജനോത്സവം കോട്ടയം ജില്ലയിലെ പാല സെന്റ് തോമസ് ഹൈസ്‌കൂളില്‍ വച്ചായിരുന്നു. അന്ന് ജലച്ചായത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ ബിഎ ചരിത്ര വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് കെജിടിഇ ഡിപ്ലോമ എടുത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ പെയിന്റിങ്ങിലും പെന്‍സില്‍ ഡ്രോയിങ്ങിലും ഒന്നാം സ്ഥാനം നേടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂളില്‍ ചിത്രകലാദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
അക്കാലത്ത് തായാട്ടു ശങ്കരന്‍ എഡിറ്ററായിരുന്ന ദേശാഭിമാനി വാരികയില്‍ രേഖാചിത്രങ്ങള്‍ പാര്‍ട്ട് ടൈം ആയി വരച്ചു തുടങ്ങി. പ്രശസ്ത ചിത്രകാരനായ ചാന്‍സിനൊപ്പം. (ആര്‍ട്ടിസ്റ്റ് ചന്ദ്രശേഖരന്‍). അതോടൊപ്പം തന്നെ യുറീക്കയിലും വരച്ചു തുടങ്ങി.
ഒരിക്കല്‍ മാതൃഭൂമിയിലേക്കുള്ള രംഗപ്രവേശം അദ്ദേഹം എന്നോട് പങ്കുവച്ചു.
‘ദേശാഭിമാനിയിലെ ചിത്രങ്ങള്‍ കണ്ടിട്ട് എ.എസ് (അത്തിപ്പറ്റ ശിവരാമന്‍ നായര്‍ ) എന്ന അതിപ്രശസ്ത ചിത്രകാരന്‍ എന്നെ മാതൃഭൂമിയിലേക്ക് ക്ഷണിച്ചു. വൈകാതെ സ്‌കൂള്‍ ചിത്രകലാദ്ധ്യാപകന്‍ എന്ന പദവി രാജിവച്ച് മാതൃഭൂമിയില്‍ പ്രവേശിച്ചു. ബഹുമാന്യനായ നമ്പൂതിരി മാതൃഭൂമി വിട്ട ഒഴിവിലേക്കാണ് എന്നെ തിരുവനന്തപുരത്ത് മാതൃഭൂമിയില്‍ ജോലിക്ക് നിയമിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പായിപ്ര രാധാകൃഷ്ണന്റെ ‘ചക്ക’ എന്ന ചെറുകഥയ്‌ക്ക് വരച്ച് മാതൃഭൂമിയുടെ ആര്‍ട്ടിസ്റ്റായി.’ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
എഎസിനൊപ്പം രണ്ടു വര്‍ഷം ജോലി ചെയ്തത് ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളായി ആര്‍ട്ടിസ്റ്റ് മദനന്‍ പറയുന്നു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ചിത്രം വരച്ച് നടന്ന കാലം. വരകള്‍ക്കായുള്ള യാത്രകള്‍ മിക്കതും ഒറ്റയ്‌ക്കായിരുന്നു.
മലയാളത്തിന്റെ അഭിമാനങ്ങളായ എന്‍.വി.കൃഷ്ണവാരിയര്‍, എം.ടി.വാസുദേവന്‍ നായര്‍, കെ.പി.
വിജയന്‍, വി.എം. കൊറാത്ത്, ഗോപി പഴയന്നൂര്, കെ.സി. നാരായണന്‍, കെ.വി.രാമകൃഷ്ണന്‍ തുടങ്ങിയവരോടൊപ്പം മാതൃഭൂമിയിലെ തുടക്കങ്ങള്‍. മാതൃഭൂമിയുടെ ആര്‍ട്ട് എഡിറ്റര്‍ സ്ഥാനം വരെ അലങ്കരിച്ചുള്ള ഔദ്യോഗിക ജീവിതം. ആര്‍ട്ടിസ്റ്റ് മദനന്‍ സംതൃപ്തനാണ്.
പലരീതികള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ആലേഖനം ചെയ്തു.
ലോക പ്രശസ്ത കഥകളി ആചാര്യന്‍മാരായിട്ടുള്ള കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍, കലാമണ്ഡലം ഗോപിയാശാന്‍, അമ്പതു വര്‍ഷം സ്ത്രീവേഷം കെട്ടി ആടിയ കോട്ടയ്‌ക്കല്‍ ശിവരാമന്‍, കൂടിയാട്ടത്തില്‍ പത്മശ്രീ ലഭിച്ച കലാമണ്ഡലം ശിവന്‍ നമ്പൂതിരി തുടങ്ങിയവരുടെ സ്‌കെച്ചുകള്‍ ലൈവായി വരച്ചിട്ടുണ്ട്.
മദനന്‍ സാറിന്റെ മകളുടെ വിവാഹത്തിന് ഒരാഴ്ച മുന്‍പെ ഞാനും ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ ബ്ലോക്ക് ഓഫീസിനു മുന്‍വശത്തുള്ള ‘നാരായണ’ എന്ന വീട്ടില്‍ കയറിച്ചെന്നു. വീടിനു കിഴക്കുവശത്തു നിന്നു നോക്കിയാല്‍ തൊട്ടടുത്തു തന്നെ കുറ്റിയാട്ട് ഭഗവതി ക്ഷേത്രം കാണാം.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം നിറങ്ങളുടെ ലോകത്തെത്തിയ ഞങ്ങള്‍ വിസ്മയപ്പെട്ടു.
മദനന്റെ മുറി
നടുവില്‍ വലിയൊരു മേശ. മേശപ്പുറത്ത് ബ്രഷുകള്‍, വിവിധതരം പെയിന്റുകള്‍, വ്യത്യസ്ത വര്‍ണങ്ങളിലും ആകൃതിയിലുമുള്ള കടലാസുകള്‍. മുറിയിലുള്ള രണ്ട് അലമാര തുറന്നപ്പോള്‍ പുറത്തേയ്‌ക്കുന്തി നിന്നിരുന്ന ചിത്രങ്ങള്‍ വെളിയില്‍ ചാടി.
മുറിയുടെ മൂലയ്‌ക്ക് ചെറിയൊരു മേശപ്പുറത്ത് കൂനകൂട്ടിയ ചിത്ര കൂമ്പാരങ്ങള്‍. അക്കൂട്ടത്തില്‍ എനിക്കു പരിചിതമായൊരു ചിത്രം കണ്ടു. ഞാനതു സൂക്ഷ്മതയോടെ വലിച്ചെടുത്തു. ‘കുതിരക്കളി’ എന്ന എന്റെ കഥയ്‌ക്ക് അദ്ദേഹം വരച്ച ചിത്രം. ആര്യങ്കാവിലമ്മയുടെ തിരുമുറ്റത്ത് ത്രാങ്ങാലിക്കുതിരകള്‍ വലം വയ്‌ക്കുന്ന ചിത്രം.
ഞാന്‍ ചോദിച്ചു. ‘ഇത് ഞാന്‍ എടുത്തോട്ടെ?’
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. ‘അതെടുത്തോളു. രജനിടീച്ചറുടെ കഥകള്‍ക്കു വരച്ച എല്ലാ ചിത്രങ്ങളും നമുക്ക് ഒഴിവു പോലെ നോക്കിയെടുക്കാം.’
ദൈവേ… ഈ ചിത്രക്കെട്ടുകളില്‍ എത്ര ദിവസം പരതിയാലാണ് അവ ലഭിക്കുക?
എന്റെ ആത്മഗതം പുറത്തുചാടിയതു കേട്ട് അദ്ദേഹത്തിന്റെ ഭാര്യ ബിനു ടീച്ചര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘കുറെയേറെ ചിത്രങ്ങള്‍ മുകളിലെ നിലയിലുണ്ട് ടീച്ചര്‍.’
ഞങ്ങള്‍ അവിടേക്ക് കയറി. ചിത്രങ്ങളുടെ അട്ടികൊണ്ട് ഒരു മെത്ത ഒരുക്കിയതു പോലെ.
പ്രസിദ്ധ ക്ഷേത്രങ്ങള്‍-ഗുരുവായൂര്‍ ക്ഷേത്രം, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ആറ്റുകാല്‍ ദേവീ ക്ഷേത്രം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, മധൂര്‍ അനന്തേശ്വര വിനായക ക്ഷേത്രം. ഗംഭീര ക്ഷേത്രങ്ങളോടൊപ്പം എന്റെ കവളപ്പാറ ആര്യങ്കാവും ഉണ്ടായിരുന്നു.
മാലിക് ദീനാര്‍ പള്ളി, നാദാപുരം പള്ളി, അര്‍ത്തുങ്കല്‍ പള്ളി, കവടിയാര്‍ കൊട്ടാരം, കൊല്ലങ്കോട് കൊട്ടാരം, കവളപ്പാറ കൊട്ടാരം, തിരുവനന്തപു
രത്തെ കുതിര മാളിക. എത്ര നോക്കിയിട്ടും തീരാത്തവ .മതിവരാത്തവ.
സൂക്ഷ്മ വരകളുടെ വന്‍ ശേഖരങ്ങള്‍
കേരളീയ പ്രകൃതി, ഉത്സവങ്ങള്‍,നഗരങ്ങള്‍, ഗ്രാമങ്ങള്‍, വയലുകള്‍, കുളങ്ങള്‍, കരിമ്പനക്കൂട്ടങ്ങള്‍ തുടങ്ങി ബേക്കല്‍ കോട്ട,പാലക്കാട്‌കോട്ട വരെ കണ്‍മിഴിച്ച് കണ്ടു. ചായക്കൂട്ടുകളില്‍ വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന മദനന്‍ സര്‍.
അദ്ദേഹത്തിന്റെ വീട്ടിലെ ലൈബ്രറിയില്‍ എന്റെ ആദ്യ കഥാസമാഹാരം ‘പേരയ്‌ക്കാമരം’ ചില്ലു കൂട്ടിനിടയിലൂടെ എന്നെ നോക്കി പുഞ്ചിരിച്ചു.
എന്റെ ശ്രദ്ധ എവിടെയെന്നു മനസ്സിലാക്കി അദ്ദേഹം പറഞ്ഞു.
‘പേരയ്‌ക്കാമരം നന്ന്. അതിലെ വള്ളുവനാടന്‍ ഭാഷ അതീവ ഹൃദ്യമാണ്.’ ഞാന്‍ ചിരിച്ചു.
സൈബര്‍ വിദഗ്ധനായ വിനോദ് ഭട്ടതിരിപ്പാടിന്റെ മകളുടെ വിവാഹ ചടങ്ങുകള്‍ വരച്ച വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ പൂമുള്ളി മന, ആഴ്‌വാഞ്ചേരി മന, വരിക്കാശ്ശേരി മന, വെള്ളിനേഴി മന, മങ്കട കോവിലകം എന്നിവ വരച്ച അനുഭവങ്ങളും അദ്ദേഹം പങ്കു വച്ചിരുന്നു.
കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കഥകള്‍ക്കും നോവലുകള്‍ക്കും ചിത്രീകരണം നടത്തിയതും അദ്ദേഹം ഓര്‍ക്കുന്നു. കാക്കനാടന്‍, കോവിലന്‍, വി.കെ.എന്‍, കെ.സുരേന്ദ്രന്‍, സി.വി.ശ്രീരാമന്‍, മാധവിക്കുട്ടി, ഒ.വി.വിജയന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു.
കേരള ലളിതകലാ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും പ്രവര്‍ത്തിച്ചതിനെ കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ട്.
അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെ കാലങ്ങള്‍ക്കു ശേഷം ചിത്രീകരിച്ചതും, കവി പി.കുഞ്ഞിരാമന്‍ നായരുടെ വീടു വരച്ചതും അദ്ദേഹത്തിന് സുഖകരമായൊരു അനുഭവം പ്രദാനം ചെയ്തിരുന്നത്രെ. നമ്മുടെ രാഷ്‌ട്രപിതാവിന്റെ ചിത്രങ്ങളുടെ ഒരു നീണ്ട വര തന്നെയുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ എം.ജി.എസിനെ നോക്കി വരച്ചതും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മദനന്റെ ഛായാചിത്രങ്ങള്‍ ജീവന്‍ തുടിക്കുന്നവയാണ്.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, എം.വി. ദേവന്‍, ഒ.വി.വിജയന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, പി.വി.കൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍, ഗോപീകൃഷ്ണന്‍ തുടങ്ങിയ ചിത്രകലാ സൗഹൃദങ്ങള്‍ മറക്കാനാവാത്തതാണ്.
അതുപോലെ തന്നെ എം.ടി.വാസുദേവന്‍ നായര്‍, എം.മുകുന്ദന്‍, സി.രാധാകൃഷ്ണന്‍, പി.നാരായണക്കുറുപ്പ്, ശത്രുഘ്‌നന്‍, പി.വത്സല, സി.വി.ബാലകൃഷ്ണന്‍ തുടങ്ങിയ എഴുത്തു സൗഹൃദങ്ങളും വിസ്മരിക്കുക വയ്യെന്ന് ചിത്രകാരന്‍ മദനന്‍ വ്യക്തമാക്കുന്നു.
ചിത്രകലയെ അളവറ്റ് സ്‌നേഹിച്ചതുപോലെ പാട്ടുകളെ പ്രണയിച്ചിരുന്ന മദനനിലെ ‘സംഗീതപ്രേമി’ ഗാനങ്ങളിലെ സാഹിത്യ ഭംഗി ചര്‍ച്ച ചെയ്യുവാന്‍ ഏറെ താല്പര്യം കാണിക്കാറുണ്ട്.
ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, ഗാനഗന്ധര്‍വന്‍ യേശുദാസ്, ജയചന്ദ്രന്‍, ദേവരാജന്‍ മാസ്റ്റര്‍, മാധുരി, എം.കെ. അര്‍ജുനന്‍, കെ.രാഘവന്‍ മാസ്റ്റര്‍… അങ്ങനെ പ്രമുഖരുടെ ഛായാചിത്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്രയുണ്ട്!
നാടകരംഗത്തെ കുലപതികളുമായുള്ള ആത്മബന്ധം അദ്ദേഹം ഓര്‍ക്കുന്നു. കെ.ടി.മുഹമ്മദ്, തിക്കോടിയന്‍, വിക്രമന്‍ നായര്‍, ആഹ്വാന്‍ സെബാസ്റ്റ്യന്‍,ഇബ്രാഹിം വെങ്ങര, വില്‍സണ്‍ സാമുവല്‍, പി.എം. താജ്, വാസുപ്രദീപ്, സുധാകരന്‍ തുടങ്ങിയവരോടൊപ്പമുള്ള കലാപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം മറക്കാനാവാത്ത അനുഭവങ്ങളായിരുന്നെന്ന് ആര്‍ട്ടിസ്റ്റ് മദനന്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയില്‍ വച്ചു നടന്ന ദേശീയ അന്തര്‍ദേശീയ കാലിഗ്രാഫി ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. ലോട്ടസ് ടെംപിള്‍, ഗോള്‍ഡന്‍ ടെംപിള്‍, കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട്, രാഷ്‌ട്രപതി ഭവന്‍, മുംബൈ താജ് ഹോട്ടല്‍ തുടങ്ങി ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി, കവരത്തി, മിനിക്കോയ്, ബംഗാരം തുടങ്ങിയവ വരെ ചിത്രീകരിച്ചു. വരകള്‍ക്കായി വിദേശ യാത്രകള്‍ നടത്തി. ദുബായ്-ഷാര്‍ജ സ്‌കെച്ചുകള്‍, അവിടെയുള്ള അനുഭവങ്ങള്‍ വിസ്മരിക്കാവുന്നതല്ല എന്ന് മദനന്‍. സ്വിറ്റ്‌സര്‍ലന്റില്‍ ഒരു മാസക്കാലം വരയ്‌ക്കാനായി പറന്നു നടന്നു. ജനീവ വരകളില്‍ തിളങ്ങി. പാരീസ് നഗരത്തിലെ വിഖ്യാത കലാ മ്യൂസിയമായ ‘ഘീൗ്ൃല’ സന്ദര്‍ശിച്ചപ്പോള്‍ ലോകചിത്രകലയുടെ മായാലോകത്ത് എത്തിപ്പെട്ട അവസ്ഥയായിരുന്നെന്ന് മദനന്‍ പറയുന്നു.
ഇന്ത്യന്‍ മെട്രോ സിറ്റികള്‍ മിക്കതും മദനന്‍ നടന്നു വരച്ചിട്ടുണ്ട്. കൊല്‍ക്കത്ത, മദ്രാസ്, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ ദിവസങ്ങളോളം താമസിച്ച് നഗരങ്ങളെ കടലാസുകളില്‍ പകര്‍ത്തി.
കുന്നക്കുടി വൈദ്യനാഥ ഭാഗവതരുടെ വയലിന്‍ കച്ചേരി, ഡോ.എന്‍. രമണിയുടെ പുല്ലാങ്കുഴല്‍ കച്ചേരി, ലോക പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ സംഗീത പരിപാടി എന്നിവയുടെ ലൈവ് സെക്ച്ച് പകര്‍ത്തിയത് മറക്കവയ്യെന്ന് മദനന്‍.
വരകളിലെ തമാശകളും എന്നോട് പങ്കുവച്ചിട്ടുണ്ട്. ഗായകന്‍ യേശുദാസിനെ അടുത്തിരുത്തി വരച്ചു. പകരം ഗായകനും മദനനെ സ്‌കെച്ച് ചെയ്തു.
അതുപോലെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ മദനന്‍ വരയ്‌ക്കുന്ന സമയം, അദ്ദേഹവും തിരിച്ച് മദനനെ വരച്ച് കൈയിലേല്‍പിച്ചു.
വരച്ച ചിത്രങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഇപ്പോഴും ചിത്രകാരന്‍ മദനന്‍ മുഴുവന്‍ സമയവും വരകളില്‍ മുഴുകിയിരിക്കുന്നു.
മദനന്‍ വരയ്‌ക്കും. വരയുടെ താഴെ സമയം കുറിയ്‌ക്കും. ദിവസവും വര്‍ഷവും സൂചിപ്പിക്കും. മനസ്സില്‍ പതിഞ്ഞ മായാത്ത ചിത്രങ്ങള്‍.
എല്ലാവര്‍ക്കും വേണ്ടി വരച്ചിട്ടുണ്ട്. എഴുതിയാല്‍ തീരാത്ത സാഹിത്യകാരന്‍മാര്‍ക്ക്. ചുറ്റുപാടും ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വരയാണ് രാഷ്‌ട്രീയം.
എന്റെ പല വള്ളുവനാടന്‍ കഥകളും മദനവരകളാല്‍ മനോജ്ഞമായി.
ഞാന്‍ ചോദിച്ചു. ‘അവാര്‍ഡുകള്‍ക്ക് അയയ്‌ക്കേണ്ടേ?’
അദ്ദേഹം ഒരു ചെറുചിരിയില്‍ എല്ലാം ഒതുക്കുവാന്‍ ശ്രമിച്ചു. എന്നിട്ടു പറഞ്ഞു.
‘അവാര്‍ഡുകള്‍ വരുമ്പോള്‍ വരട്ടെ. ഒന്നിനും അയയ്‌ക്കാറില്ല.’
ഞാന്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു.’മദനന്‍ എന്ന വലിയ ചിത്രകാരന്റെ സ്‌കെച്ചുകള്‍ പുസ്തകരൂപമായെങ്കില്‍…’
‘മനസ്സില്‍ ഒരാഗ്രഹമുണ്ട്. സമയം കിട്ടുകയാണെങ്കില്‍ പുസ്തക രൂപമാക്കാം.’ അദ്ദേഹത്തിന്റെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി.
ഞാന്‍ വീണ്ടും ചോദിച്ചു. ‘ചിത്രങ്ങളുടെ ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കാത്തതിനു കാരണം?’
അതിനും ലാഘവത്തോടെയുള്ള മറുപടി ലഭിച്ചു. ‘ഞാന്‍ വരയ്‌ക്കുമ്പോള്‍ സംതൃപ്തി ലഭിക്കുന്നു. അത് സഹൃദയര്‍ കാണുമ്പോള്‍ എന്റെ വരകള്‍ പൂര്‍ണമാകുന്നു.’
ഭാര്യ ബിനു ഗോപാലകൃഷ്ണന്‍, മക്കള്‍ സീത മദനന്‍, ഗംഗ മദനന്‍ എന്നിവരോടൊപ്പം ‘നാരായണ’യില്‍ ജീവിക്കുന്ന ചിത്രകാരന്‍ മദനന്‍ വരയില്‍ അഭിരമിക്കുകയാണ്.
അവാര്‍ഡുകള്‍ കിട്ടുന്നതിനേക്കാള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിലാണ് അദ്ദേഹം മാനസിക സന്തോഷം കണ്ടെത്തുന്നത്. ഓരോ വരകള്‍ക്കും ലഭിക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് അദ്ദേഹം പറയുന്നു.
സംസ്‌കാരവും ചരിത്രവും ഇഴുകിച്ചേര്‍ന്ന മദനവരകള്‍ കാലം കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയോടെ ഉപസംഹരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക