പാലക്കാട്: തനിക്കെതിരെ അഭിഭാഷകര്‍ കോടതിയില്‍ നടത്തിയ സമരത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ജില്ലാ ജഡ്ജി കലാംപാഷ. അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയലക്ഷ്യത്തിന് തനിക്ക് കേസെടുപ്പിക്കാമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
ഗവ. മോയന്‍ എല്‍പി സ്കൂളില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കിയെന്നതിന്റെ പേരില്‍ നീനാപ്രസാദിന്റെ മോഹിനിയാട്ട കച്ചേരി തടസപ്പെട്ട സംഭവത്തില്‍ അവര്‍ക്ക് പിന്തുണയറിയിച്ച് അഭിഭാഷകര്‍ കോടതിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെയാണ് നിയമ വിദ്യാര്‍ഥികള്‍ക്കായി ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ശില്പശാലയില് ജില്ലാ ജഡ്ജി തുറന്നടിച്ചത്. അഭിഭാഷകരുടെ സമരം ന്യായീകരിക്കാനാവില്ല.
നിയമം സംരക്ഷിക്കേണ്ടവരാണ് നിയമം ലംഘിക്കുന്നത്. ന്യായാധിപകരും അഭിഭാഷകരും ഒരു നാണയത്തിന്റെ ഒരേ വശമാണെന്നും, ഇത്തരം സമരം നടത്തുന്നതിന് മുമ്പ് അഭിഭാഷകര്‍ ഇത് ആലോചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോടതിയിലെ സമരത്തിനെതിരെ തനിക്ക് നടപടി എടുപ്പിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിരുന്നാല്‍ ഏറ്റവും വേദനിക്കുന്നത് താനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നീനാപ്രസാദിന്റെ നൃത്തത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താതെ അഭിഭാഷകര്‍ക്കെതിരെ മാത്രമാണ് അദ്ദേഹം വിമര്‍ശം ഉന്നയിച്ചത്. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന നീനാപ്രസാദിന്റെ കച്ചേരി നിര്‍ത്തിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ ജീവനക്കാരന് ശബ്ദം കുറക്കുന്നതിന് വേണ്ടി ഡിവൈഎസ്പിയോടാവശ്യപ്പെടുകയായിരുന്നുവെന്നും കാണിച്ച് ബാര്‍ കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. സമരം നടത്തിയതിന് കത്തില്‍ അഭിഭാഷകരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയും അഭിഭാഷകര്‍ക്കെതിരെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: