ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നെന്ന് പരാതിയുമായെത്തിയ സിപിഎം എംഎല്‍എ പി.പി. ചിത്തരഞ്ജന് മറുപടിയുമായി ഹോട്ടല്‍ ഉടമ. എംഎല്‍എ ഡ്രൈവറുമായി കഴിഞ്ഞ ദിവസം ഇവിടെ വന്ന് ഭക്ഷണം കഴിച്ചു. ബില്ല് വന്നപ്പോള്‍ ഒരു മുട്ട കറിയ്‌ക്ക് 50 രൂപ ഒരു അപ്പത്തിന് 15 രൂപ യുമാണ് ഈടാക്കിയത്. ഇതിന്റെ ബില്ല് സഹിതമാണ് എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
2019ല്‍ ജനുവരി ഹോട്ടല്‍ ആരംഭിച്ചത് മുതല്‍ അപ്പത്തിന് 15 രൂപയും മുട്ടക്കറിക്ക് 50 രൂപയുമാണ് വാങ്ങുന്നത്. നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക തന്നെ ഈടാക്കണമെന്നും തോമസ് പറഞ്ഞു.മുന്‍പ് കഴിച്ചവര്‍ എല്ലാം മുട്ടക്കറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പല വിഐപികള്‍ അടക്കമുള്ളവര്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. വില കൂടുതലാണെന്ന പരാതി ആരും പറഞ്ഞിട്ടില്ല. 90 സീറ്റുള്ള എസി റെസ്‌റ്റോറന്റാണിത്.
1,60,000 രൂപയാണ് മാസ വാടക. വൈദ്യുതി ബില്‍ 90,000 രൂപയാണ് ബില്ല് വരുന്നത്. തൊഴിലാളികള്‍ക്കും നല്ല ശമ്പളവും നല്‍കുന്നുണ്ട്. അത്തരമൊരു സ്ഥാപനത്തിന് നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക കൂടുതലാണെന്ന് തോന്നുന്നില്ലെന്നും ഹോട്ടല്‍ ഉടമയായ തോമസ് പറഞ്ഞു. .
നമ്മള്‍ കയറുന്ന ഹോട്ടലുകളിലെ സ്റ്റാറ്റസും, സൗകര്യങ്ങളും എല്ലാം നോക്കുമ്പോള്‍ വിലയില്‍ മാറ്റം വരാം. ചെറിയ ഹോട്ടലുകളില്‍ കയറി കഴിക്കുന്നത് പോലെ, നല്ല ഹോട്ടലില്‍ കയറി കഴിക്കുമ്പോള്‍ അതേ വില കിട്ടില്ലല്ലോ. ബില്ല് കൊടുത്തപ്പോള്‍ തന്നെ വില കൂടുതലാണെന്ന് എംഎല്‍എ പറഞ്ഞിരുന്നെന്നും തോമസ് പ്രതികരിച്ചു. ഭക്ഷണസാധനങ്ങള്‍ക്ക് നിശ്ചിത തുകയേ വാങ്ങാന്‍ സാധിക്കൂ എന്നൊരു നിയമം കൊണ്ട് വന്നാല്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. പക്ഷെ മാറ്റങ്ങള്‍ അനുസരിച്ച് ഭക്ഷണത്തിന് ക്വാളിറ്റി വ്യത്യാസവും സംഭവിക്കുമെന്നും അദേഹം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: