ന്യൂദല്‍ഹി: ഇന്‍ഫോസിസ് റഷ്യയിലെ ഓഫീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഫോസിസ് പ്രതിനിധിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്ന് ബിബിസി അഭിപ്രായപ്പെട്ടിരുന്നു. ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന് റിഷി സുനകിനെതിരെ ഉക്രൈന് യുദ്ധപശ്ചാത്തലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനാണ് ഈ നീക്കമെന്നറിയുന്നു.
റിഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഇപ്പോഴുള്ള സ്വത്ത് 49 കോടി യുകെ പൗണ്ട് വരും. ഇത് അച്ഛന് നാരായണമൂര്‍ത്തി മകള്‍ക്ക് സമ്മാനിച്ച ഇന്‍ഫോസിസ് ഓഹരികളുടെ ഇപ്പോഴത്തെ വിപണിവിലയാണ്. റിഷി സുനകിന്റെ വരുമാനത്തില്‍ റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ ലാഭവിഹിതവും ഉണ്ടെന്നത് വലിയ വിമര്‍ശനമായി യുകെയിലെ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിമര്‍ശനം അധികമായതോടെ ഒടുവിലൊടുവില്‍ റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസില്‍ റിഷി സുനകിന് ഓഹരിയുണ്ട് എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് റഷ്യയിലെ ഓഫീസ് അടച്ചുപൂട്ടാന്‍ ഇന്‍ഫോസിസ് തീരുമാനമെടുത്തത്.
ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്വെന്സ്ബെര്ഗ് ട്വിറ്ററില്‍ ഉയര്‍ത്തിയ വിമര്‍ശനം റിഷി സുനകിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേല്‍പ്പിച്ചിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത വിമര്‍ശനത്തില്‍ റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ് എന്നുവരെ പ്രയോഗമുണ്ട്. ട്വീറ്റ് കാണുക:
ഈ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഇന്‍ഫോസിസ് റഷ്യ ഓഫീസ് അടച്ചുപൂട്ടുന്നത്. വാസ്തവത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനത്തിന്റെ 90 ശതമാനവും വരുന്നത് യുഎസ്, യുകെ ഓഫീസുകളില്‍ നിന്നാണ്. ആകെ ഒരു ശതമാനം മാത്രമാണ് ഇന്‍ഫോസിസ് റഷ്യയില്‍ നിന്നുണ്ടാക്കുന്ന വരുമാനം. എങ്കിലും രാഷ്ട്രീയ വിമര്‍ശനം ശക്തമായി ഉയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ വന്നപ്പോഴാണ് മരുമകന് റിഷി സുനകിനെ രക്ഷിക്കാന്‍ റഷ്യ ഓഫീസ് അടച്ചുപൂട്ടുന്നത്.
ഇപ്പോഴത്തെ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് ആഡംബര പാര്‍ട്ടികള്‍ നടത്തിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുമ്പോള്‍ യുകെ അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത് ഇപ്പോള്‍ യുകെയുടെ ധനകാര്യമന്ത്രിയായ റിഷി സുനകിനെയാണ്. മരുമകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനാണ് നാരായണമൂര്‍ത്തി ഉള്‍പ്പെടെയുള്ള ഇന്‍ഫോസിസ് നേതൃത്വം റഷ്യയിലെ ഓഫീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് പറയുന്നു. അമേരിക്കയിലെയും യുകെയിലെയും പ്രമുഖ ബ്രാന്റുകളെല്ലാം റഷ്യയിലെ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: