ന്യൂദല്‍ഹി : ഇന്ത്യയുമായുള്ള ബന്ധത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശേര് ബഹാദുര്‍ ദുബെ. ഇന്ത്യയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ദുബെയുടെ ഈ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ ശേര് ബാഹാദുര്‍ ദുബെയും ചേര്‍ന്നാണ് ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടത്. മോദിയാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.
ബീഹാറിലെ ജയനഗറില്‍ നിന്ന് നേപ്പാളിലേക്ക് ജനക്പൂരിലെ കുര്‍ത്തയിലേക്കാണ് സര്‍വീസ്. എട്ട് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ആറിടത്ത് ട്രെയിന്‍ നിര്‍ത്തും. 47 റോഡ് ക്രോസിങ്ങുകള്‍ ഈ പാതയിലുണ്ട്. 127 ചെറുപാലങ്ങളും 15 വലിയ പാലങ്ങളും നിര്‍മിച്ചിരിക്കുന്ന ഈ പാത 34.9 കിലോമീറ്ററുണ്ട്. ജനക്പൂരിലേക്കുള്ള തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ പാത നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബീഹാറിലെ റെയില്‍വേ സ്റ്റേഷനാണ് ജയനഗര്‍. മധുബാനി ജില്ലയിലെ ജയനഗറില്‍ നിന്ന് നേപ്പാളിലേക്കുള്ള ബ്രോഡ് ഗേജ് പാത നിലവില്‍ കുര്‍ത്ത വരെയാണ്. ഇത് 17 കിലോമീറ്റര്‍ കൂടി നീട്ടി ബിജല്പുരയിലേക്ക് വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്. ജയനഗര്‍- ബിജാല്പുര റെയില്സര്വീസ് 1937ല്‍ ബ്രിട്ടീഷുകാരാണ് തുടങ്ങിയത്. നേപ്പാളിലെ പ്രളയം കാരണം 2001ല്‍ ഇത് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. 1000 കോടി രൂപ ചെലവിട്ടാണ് ഇന്ത്യ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പൗരന്മാര് ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടണ്ട്.
ട്രെയിന്‍ ഉദ്ഘാടനത്തിനും നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ദുബെ ഇതാദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പു വെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുബെയും ചേര്‍ന്ന് നേപ്പാളില്‍ റുപേയും ആരംഭിച്ചു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയായി ഇരു നേതാക്കളും അറിയിച്ചു. രാജ്യങ്ങള്‍ക്കിടയിലെ സുഹൃദ്ബന്ധം നിലനിര്ത്തിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. പ്രതിരോധ വാക്സിനും മറ്റ് വൈദ്യസഹായങ്ങളും അടിയന്തിര സാഹചര്യത്തില്‍ എത്തിച്ചു നല്കി. നേപ്പാളിനോട് ഇന്ത്യന്‍ ജനതയ്ക്ക് സ്നേഹവും താത്പ്പര്യവുമുണ്ടെന്നും ദുബെ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: