തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കാന്‍ ആളുകളെ കുടിയിറക്കപ്പെടുകയാണ്. ജനങ്ങളുടെ കണ്ണീര് കാണുന്നില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കെ റെയില്‍ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് മുരളീധരന് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
സുപ്രീംകോടതി കല്ലിടാന്‍ പറഞ്ഞിട്ടില്ല. സര്‍വ്വേയ്ക്കുള്ള അനുമതി മാത്രമാണ് നല്‍കിയത്. പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വികസന പദ്ധതികള്‍ വന്നപ്പോള്‍ ആദ്യം എതിര്‍ത്തത് സിപിഎം ആണ്. ഗെയില്‍ പദ്ധതിയെ ആദ്യം എതിര്‍ത്തതും സിപിഎമ്മാണ്.
കെ റെയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ആദ്യം മൂലംപള്ളിയിലെ 316 കുടുംബങ്ങളെ കുടിയിറക്കില്ലെന്ന കാര്യം ബോധ്യപ്പെടുത്തണം. അവര്‍ ഇപ്പോഴും നഷ്ടപരിഹാരമോ കിടപ്പാടമോ ഇല്ലാതെ കഴിയുകയാണ്. ശീതീകരിച്ച മുറിയില്‍ പൗര പ്രമുഖന്മാരുമായി ചര്‍ച്ച നടത്താതെ സാധാരണക്കാരുടെ പ്രശ്നം മനസിലാക്കണം.
കേരളത്തിലെ മന്ത്രിമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. മന്ത്രിമാര്‍ക്ക് പോലും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. കേന്ദ്രമന്ത്രിയുടെ കെ റെയില്‍ വിരുദ്ധയാത്ര കഴക്കൂട്ടത്ത് എത്തിയപ്പോള്‍ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് ഒരു കുടുംബം അറിയിക്കുകയായിരുന്നു. സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമാണ് ഇത്തരത്തില്‍ നാടകീയമായി പ്രതികരിച്ചത്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: