നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷവും വികസനവും പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് അഫ്സ്പ നിയമത്തിന്റെ പരിധിയില്‍നിന്ന് കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കിയ നടപടി. ആസാം, നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അഫ്സ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംഘര്‍ഷപ്രദേശങ്ങളെ ചുരുക്കിക്കൊണ്ടുവരുന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സജീവമായ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സായുധസേനകളുടെ നീക്കം സുഗമമാക്കുന്നതിനുവേണ്ടിയായിരുന്നു അഫ്സ്പ നിയമം നിലവില്‍വന്നത്. ഈ നിയമത്തിനു കീഴില്‍ സൈന്യത്തിന് പ്രതേ്യക അധികാരമുണ്ടായിരുന്നു. ഇത് ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അടിച്ചമര്‍ത്തുന്നതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇത്തരം പരാതികളെക്കുറിച്ചും അഫ്സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സായുധസേന വെടിവെച്ചതിനെത്തുടര്‍ന്ന് നാഗാലാന്റില്‍ കഴിഞ്ഞ ഡിസംബറില്‍ പതിനാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതസമിതി യോഗത്തിലാണ് അഫ്സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്.
കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ പുതിയ തീരുമാനത്തോടെ ആസാം, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അഫ്സ്പ പൂര്‍ണമായി നിലനില്‍ക്കുന്നത് മുപ്പത്തിയൊന്ന് ജില്ലകളിലേക്കും ഭാഗികമായി പന്ത്രണ്ട് ജില്ലകളിലേക്കുമായി ചുരുങ്ങിയിരിക്കുകയാണ്. ഈ നാല് സംസ്ഥാനങ്ങൡലുമായി ആകെയുള്ളത് തൊണ്ണൂറ് ജില്ലകളാണ്. ഇതില്‍ പകുതിയോളം പ്രദേശങ്ങള്‍ സംഘര്‍ഷമുക്തമായിരിക്കുന്നു എന്നതാണ് ഇതിനര്‍ത്ഥം. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ത്രിപുരയിലെയും മേഘാലയയിലെയും അഫ്സ്പ നിയമം പൂര്‍ണമായി പിന്‍വലിച്ചിരുന്നു. മിസോറാമില്‍ മാത്രമാണ് ഇതിനു മുന്‍പ് ഈ നിയമം പൂര്‍ണമായി പിന്‍വലിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിച്ചാണ് കൂടുതല്‍ പ്രദേശങ്ങളെ അഫ്സ്പ നിയമത്തില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. നാഗാലാന്റില്‍ സൈനികരുടെ വെടിയേറ്റ് സാധാരണക്കാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തത്. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു. അഫ്സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചതിന് നാഗാലാന്റ് സര്‍ക്കാര്‍ അമിത്ഷായെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതിനും, അവര്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.
അയല്‍സംസ്ഥാനങ്ങളായ ആസാമും നാഗാലാന്റും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുള്ള പന്ത്രണ്ട് കാര്യങ്ങളില്‍ എട്ടെണ്ണം പരിഹരിച്ചതായി കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വസര്‍മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുവരും ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അതിര്‍ത്തി പ്രശ്നം സംബന്ധിച്ച് അഞ്ച് പതിറ്റാണ്ടുകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പരിഹരിക്കപ്പെട്ടത്. അവശേഷിക്കുന്ന തര്‍ക്കങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് അമിത്ഷാ വ്യക്തമാക്കുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് അഫ്സ്പ നിയമത്തിന്റെ പരിധിയില്‍നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മേഘാലയ സന്ദര്‍ശിച്ച അമിത്ഷാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആസാം വിശാലമനസ്കത കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനനുസൃതമായാണ് ആസാം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വിട്ടുവീഴ്ചകള്‍ ഉണ്ടായിരിക്കുന്നത്. ഇത് മേഖലയിലെ മറ്റ് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വഴിവയ്ക്കും. മുന്‍കാലങ്ങളില്‍ ഇങ്ങനെയൊന്ന് സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല. മോദി സര്‍ക്കാരിന് കീഴില്‍ സഹകരണാത്മക ഫെഡറലിസംശക്തിപ്പെടുന്നതിന്റെ തെളിവാണിത്. കോണ്‍ഗ്രസ് ഭരണത്തില്‍ പതിറ്റാണ്ടുകള്‍ തുടര്‍ന്ന വിഘടനവാദവും സംഘര്‍ഷവുമൊക്കെ പഴങ്കഥയായി മാറുന്ന കാലം അതിവിദൂരമല്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: