ന്യൂദല്‍ഹി: അഖിലേഷ് യാദവും അമ്മാവന് ശിവ്പാല്‍ യാദവും തമ്മില്‍ അസ്വാരസ്യം പൊട്ടിത്തെറിയില്‍ കലാശിച്ചു. യുപി തെരഞ്ഞെടുപ്പില്‍ ഇരുവരും തമ്മില്‍ സഖ്യത്തിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അതുവരെയുണ്ടായിരുന്നു അസ്വാരസ്യം വലിയ അകല്‍ച്ചയില്‍ അവസാനിച്ചു.
ബുധനാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ശിവപാല്‍ യാദവ് കൂടിക്കാഴ്ച നടത്തി. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. അഖിലേഷിന്റെ സമാജ്വാദിക്കെതിരെ ശിവപാലിനെ ഉപയോഗിച്ച് നീക്കം ശക്തമാക്കുകയാണ് യോഗി എന്നറിയുന്നു. താന്‍ എല്ലാം യോഗിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ ഒരു തീരുമാനമെടുക്കുമെന്നും ശിവപാല്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ ശിവപാല്‍ യാദവ് ഇറ്റാവയിലെ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചിരുന്നു. കഴിഞ്ഞ ദിവസം എംഎല്‍എയായി ഇദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തിരുന്നു. ശിവപാല്‍ ബിജെപിയ്ക്കൊപ്പം നില്ക്കാന് തീരുമാനിച്ചതായാണ് വാര്‍ത്തകള്‍. അങ്ങിനെയെങ്കില്‍ അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും കുറഞ്ഞത് അഞ്ച് എം.എല്‍.എമാരെയെങ്കിലും ബിജെപി ക്യാമ്പില്‍ എത്തിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്.
മാര്‍ച്ച് 24 ന് അഖിലേഷും ശിവാപാലും കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി അഖിലേഷ് യാദവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ശിവപാല്‍ യാദവ് തന്റെ പാര്‍ട്ടിയായ പ്രഗതി ശീല് സമാജ് വാദിക്ക് കൂടുതല്‍ അധികാരം മുന്നണിയില്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.
2016ലുണ്ടായ അധികാര തര്‍ക്കത്തെത്തുടര്‍ന്ന് ശിവ്പാല്‍ യാദവിനെ സമാജ് വാദിയില്‍ നിന്നും അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ശിവ്പാലിന്റെ ‘പ്രഗതിശീല് സമാജ് വാദി പാര്‍ട്ടി’ക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: