കൊല്ലം: അരിപ്പയില്‍ പത്തു വര്‍ഷമായി തുടരുന്ന ഭൂസമരം പരിഹരിക്കാമെന്ന ഉറപ്പു പാലിക്കാന്‍ നാലുവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വാഗ്ദാനലംഘനത്തിനും വഞ്ചനയ്ക്കുമെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി സമരസമിതി.
ചെങ്ങറ-അരിപ്പ ഭൂസമരം കൃഷിഭൂമി നല്കി പരിഹരിക്കുക, ഭൂസമരക്കാര്‍ക്ക് അതത് ജില്ലയില്‍ ഭൂമി കണ്ടെത്തി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭൂസമര സമിതി ഏപ്രില്‍ രണ്ടിന് രാവിലെ 10ന് കൊല്ലം, പത്തനംതിട്ട കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ഹൈക്കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ നിരന്തരം തെറ്റായ വിവരങ്ങള്‍ നല്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. 36 ഹെക്ടര്‍ ഭൂമി വിതരണത്തിന് കണ്ടെത്തിയതായി കോടതിയെ അറിയിച്ചെങ്കിലും ഇതില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 0.2098 ഹെക്ടര്‍ (അഞ്ച് സെന്റ്) ഭൂമി മാത്രമാണ് വിതരണത്തിന് കണ്ടെത്തിയിട്ടുള്ളത്. ചെങ്ങറ സമരഭൂമിയെ കുറിച്ച് മൗനം പാലിച്ചതില്‍ നിന്നും ഹാരിസണ്‍ കമ്പനിക്ക് ഭൂവുടമസ്ഥത ഉറപ്പ് വരുത്തുന്ന നടപടിയാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്.
അരിപ്പ ഭൂസമരം പരിഹരിക്കുന്നതിന് 2018 ഒക്ടോബര്‍ 9ന് റവന്യൂ, വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നു മാസത്തിനകം ഭൂസമരം പരിഹരിക്കാമെന്ന് ഉറപ്പ് നല്കി മൂന്നര വര്‍ഷം പിന്നിട്ടിട്ടും പരിഹാരമായില്ല.
സമരത്തില്‍ പങ്കെടുത്ത് വരുന്ന കുടുംബങ്ങളുടെ വിവരശേഖരണം നടത്തിയതില്‍ ജാതി, സ്വത്ത് വിവരം അന്വേഷിച്ച് മൂന്ന് ആഴ്ചകള്‍ക്കകം ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നും സമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളുടെയും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച 91 കുടുംബങ്ങളുടെയും അന്വേഷണ നടപടി പൂര്‍ത്തിയാക്കിയിട്ടില്ല.
നിരവധി തവണ മുഖ്യമന്ത്രി, റവന്യൂ, പട്ടികവിഭാഗ മന്ത്രിമാര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പത്ത് വര്‍ഷമായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മ്മിച്ച കുടിലുകളില്‍ കഠിന മഴയിലും വെയിലിലും ദുരിത ജീവിതം നയിക്കുന്ന സമരക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. വേനല്‍ കടുത്തതോടെ സമര ഭൂമിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. സമീപകാലത്ത് സമര ഭൂമിയില്‍ നിന്നും ആറ്റില്‍ കുളിക്കാനിറങ്ങിയ ആറു വയസുകാരന് മുങ്ങിമരിച്ച സംഭവമുണ്ടായി.
പ്രധാനമന്ത്രി ജല്‍ ജീവന് പദ്ധതിയുടെ ഭാഗമായി സമീപ പ്രദേശത്തുള്ള വീടുകളിലേക്ക് ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈന്‍ കടന്നു പോകുന്നത് സമര ഭൂമിയില്‍ കൂടിയാണെങ്കിലും സമര ഭൂമിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിന് പൊതുടാപ്പ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: