ചെന്നൈ: ആമസോണ്‍ ഇന്ത്യയുടെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഓഫീസ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ പെരുങ്കുടിയില്‍ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഈ ഓഫീസ്. 6000 പേര്‍ക്ക് ഒന്നിച്ച് ജോലി ചെയ്യാനുള്ള സൗകര്യം ഓഫീസിലുണ്ട്.
ഇ-കൊമേഴ്സ് കമ്പനിയുടെ പുതിയ ഓഫീസ് സംസ്ഥാനത്തെ സമ്പദ്ഘടനയ്ക്ക് പല രീതികളില്‍ ഗുണം ചെയ്യുമെന്ന് സ്റ്റാലിന് പറഞ്ഞു. തമിഴ്നാട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായ ആമസോണിന്റെ കൂടുതല്‍ നിക്ഷേപം സംസ്ഥാനം ഉറ്റുനോക്കുകയാണെന്നും സ്റ്റാലിന് പറഞ്ഞു.
തമിഴ്നാട്ടിലെ ആമസോണിന്റെ നാലാമത്തെ ഓഫീസാണിത്. പെരുങ്കുടിയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ 18 നിലകളാണ് ആമസോണ്‍ എടുത്തിരിക്കുന്നത്. 2005ലാണ് ആമസോണ്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അന്ന് വെറും 50 ജീവനക്കാര്‍ മാത്രമായിരുന്നു. ഇന്നത് 14,000 ആയി വളര്‍ന്നു.
ആമസോണ്‍ അവരുടെ ആദ്യ ഉപകരണ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയില്‍ ആരംഭിച്ചത് ചെന്നൈയിലാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇന്ന് പതിനായിരക്കണക്കിന് ഫയര്‍ ടിവി സ്റ്റിക് നിര്‍മ്മിക്കുന്നത് ഇവിടെയാണ്. ഇതെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ തമിഴ്നാട്ടില്‍ സൃഷ്ടിക്കുന്നതിനും സഹായകരമായെന്നും ആമസോണ്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ടെലിവിഷനില്‍ മ്യൂസ് പ്ലേ ചെയ്യാനും വീഡിയോ സ്ട്രീം ചെയ്യാനും ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സഹായിക്കുന്ന ഒന്നായ ആമസോണിന്റെ ഫയര്‍ ടിവി സ്റ്റിക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോമില്‍ നിര്‍മ്മിച്ചതിനാല്‍ ഈ ടിവി ഫയര്‍ സ്റ്റിക് നിങ്ങളുടെ സാദാ ടിവിയെ സ്മാര്‍ട്ട് ടിവിയാക്കി മാറ്റുന്നു. ആന്‍ഡ്രോയ്ഡ് ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഗെയിമുകള്‍ കളിക്കാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: