കൊട്ടാരക്കര: വഴിയോര കച്ചവടക്കാരുടെ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നഗരസഭയില്‍ ഭരണമുന്നണിയില്‍ കയ്യാങ്കളി. കമ്മറ്റി രൂപീകരണത്തില്‍ സിപിഎം ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്നാരോപിച്ച് സിപിഐ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
നഗരസഭ കൗണ്‍സില്‍ കൂടാതെ കമ്മിറ്റിയിലെ ഒന്‍പത് അംഗങ്ങളെയും ഏകപക്ഷീയമായി സിപിഎം തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനെതിരെ ഭരണകക്ഷിയിലെ സിപിഐ രംഗത്തെത്തുകയും തങ്ങള്‍ക്കും കമ്മിറ്റിയില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം സിപിഎം നിരാകരിച്ചതോടെ കഴിഞ്ഞ ദിവസം രാവിലെ സിപിഐ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും കവാടത്തിന് സമീപത്തായി പോലീസ് മാര്‍ച്ച് തടയുകയും ചെയ്തു.
ആ സമയം അവിടെയെത്തിയ നഗരസഭാ ചെയര്മാന് എ. ഷാജു സിപിഐയുടെ സമരത്തിനിടയിലൂടെ കടന്നുപോകണമെന്ന വാശിയുവുമായി എത്തിയത് രംഗം കൂടുതല്‍ വഷളാക്കി. ചെയര്‍മാനെ കടത്തിവിടാനായി പോലീസ് രംഗത്തെത്തിയതോടെ സിപിഐ നേതാക്കളെ പോലീസ് വലിച്ചു താഴെയിട്ടു. പിന്നീട് ചെയര്മാന് നഗരസഭയിലേക്ക് കടന്നതോടെ പ്രതിഷേധം കനത്തു.
തുടര്‍ന്ന് സിപിഐ നേതാക്കള്‍ പോലീസുമായി ഉന്തുതള്ളും ഉണ്ടായി. നഗരസഭാ ചെയര്മാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്-സിപിഐ നേതാക്കള്‍ സമരം തുടര്‍ന്നു. നഗരസഭയുടെ ഇടനാഴിയിലേക്ക് കടന്നുചെന്ന സിപിഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി പോലീസ് മര്‍ദ്ദനത്തില്‍ ബോധരഹിതനാവുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതോടെ വലിയ സംഘര്‍ഷത്തിലേക്ക് സ്ഥിതിഗതികള്‍ മാറുന്ന അവസ്ഥയെത്തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: