മലയാള ഭാഷ പിതാവായ തുഞ്ചത്താചാര്യനെ മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും മനസ്സില്‍ നിന്നും മായ്ച്ചുകളഞ്ഞ് അതേ സ്ഥാനത്ത് മാപ്പിള കലാപകാരികളുടെ നേതാവായിരുന്നു വാരിയന്‍കുന്നനെ പ്രതിഷ്ഠിക്കാനുള്ള തകൃതിയായ ശ്രമങ്ങള്‍ നടന്നു തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി. ഒരു നാടിന്റെ സാംസ്‌കാരിക തനിമ കളെയും സാമ്പത്തിക സ്രോതസ്സുകളേയും തച്ചുതകര്‍ത്ത ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായ മാപ്പിള ലഹളയെ വെള്ളപൂശാന്‍ ഉള്ള തത്രപ്പാടിലാണ് ഭരണകൂടം പോലും. വാരിയന്‍കുന്നനെ വെള്ളപൂശി മഹത്വവത്കരിച്ച് എഴുന്നെള്ളിക്കാന്‍ ചിലര്‍ നടത്തുന്ന പാഴ്ശ്രമങ്ങളെ കാക്കയെ കുളിപ്പിച്ചാല്‍ കൊക്കാകില്ല എന്ന പഴയ മലയാള ചൊല്ല് മാത്രമാണ് ഓര്‍മ്മിപ്പിക്കാനുള്ളത്. അതിനു പിന്തുണ നല്‍കുന്ന ഭരണകൂട സമീപനം തിരുത്തേണ്ടതാണ്. മതമൈത്രിയും സാമൂഹിക സമരസതയും കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തോടുള്ള വെല്ലുവിളിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് കൊള്ളയും കൊള്ളിവെപ്പും ഭീകരതയും സൃഷ്ടിച്ച അബദ്ധ സഞ്ചാരികളെ പ്രകീര്‍ത്തിക്കുക എന്നുള്ളത് സ്വാതന്ത്രസമര നേതാക്കളുടെ സങ്കല്പങ്ങളോടുള്ള വെല്ലുവിളിയുമാണ്. ICHRന്റെ നടപടിയിലൂടെ കേരളത്തിന്റെ ഇസ്‌ളാമിസ്റ്റ് അജണ്ടക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കയാണ്.
നിസ്സഹകരണ ദേശീയ പ്രസ്ഥാനത്തിന്റെ ചുമലില്‍ കയറി മാപ്പിള കലാപകാരികളെ മഹത്വവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം മതഭ്രാന്തന്മാരായ കലാപ നേതാക്കന്മാരെ ദേശീയ നേതൃത്വവും സമുദായനേതാക്കളും പൊതുസമൂഹവും അക്കാലത്തുതന്നെ തള്ളിക്കളഞ്ഞതാണ്.
മലബാറിന്റെ ചരിത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സംഭവം ആയിരുന്നില്ല 1921ലെ മാപ്പിള കലാപം. ഇത്തരം രക്തരൂക്ഷിതവും പൈശാചികവുമായ ഒരു സംഭവം പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ഭാരതത്തില്‍ മറ്റെങ്ങും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ അതു ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു കാലവുമുണ്ടായിട്ടുമില്ല. ദേശീയ നേതാക്കളായ ഗാന്ധിജിയും ആനിബസന്റും ടാഗോറും അംബേദ്കറും രാജഗോപാലാചാരിയും സവര്‍ക്കറും ഡോ. ഹെഡ്‌ഗേവാറും എല്ലാം അക്കാലത്തു തന്നെ നടത്തിയ വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഇന്നും ലഭ്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളും അവരുടെ സമ്മേളനങ്ങളും മത ഭ്രാന്ത് പിടിച്ച മാപ്പിളമാര്‍ നടത്തിയ ഹിന്ദു വംശഹത്യയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കെ പി കേശവമേനോന്‍, കെ. കേളപ്പന്‍, കെ. മാധവന്‍ നായര്‍ തുടങ്ങിയവരുടെ സാക്ഷ്യപത്രങ്ങള്‍ മാത്രമല്ല ഖിലാഫത്ത് നേതാക്കളായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍, മൊയ്തുമൗലവി, ടി.വി.മുഹമ്മദ് എന്നിവരുടെ പ്രസ്താവനകളും സ്മരണകളും ചരിത്ര പഠിതാക്കളുടെ മുന്നില്‍ തുറന്നിരിക്കുന്നു. മുസ്ലിം മത പണ്ഡിതരുടെ സംയുക്ത പ്രസ്താവനയും കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളുടെ സംയുക്ത പ്രസ്താവനയും അച്ചടിച്ച് വന്ന രേഖകള്‍ ആണ്.
ബ്രിട്ടീഷുകാരാണ് ഭരിച്ചിരുന്നത് എന്നതുകൊണ്ടും സമരം അവര്‍ക്കെതിരെ ആയിരുന്നു എന്നതുകൊണ്ടും ബ്രിട്ടീഷ് രേഖകള്‍ സ്വീകാര്യമല്ല എന്ന ചിലരുടെ വാദം ബാലിശമാണ്. ചരിത്രവും രേഖകളും അവിടെ നില്‍ക്കട്ടെ ഞങ്ങള്‍ പറയുന്നത് സ്വീകരിച്ചാല്‍ മതി എന്നുള്ള ചിലരുടെ ധാര്‍ഷ്ട്യം ലോകചരിത്രം തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സ്വപ്നം മാത്രമാണ്.
ശതാബ്ദിയിലെത്തിയ മാപ്പിളലഹളയിലെ ഹിന്ദു വംശഹത്യയുടെ നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തെ ബ്രിട്ടീഷ് പട്ടാളം പിടികൂടിയ ചോക്കാട് കല്ലാമൂലയില്‍ ഭൂമി ഏറ്റെടുത്തു സ്മാരകം പണിയുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തിയ പ്രഖ്യാപനം ദേശീയ സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കുന്നതും ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കളുടെ അഭിപ്രായം അപമതിക്കുന്നതുമാണ്. ‘ ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇതിനു മുമ്പേ ഇത്തരം സ്മാരക മന്ദിരങ്ങളും സ്മരണികകളും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. എത്ര കുളിപ്പിച്ചാലും തൃപ്തിവരാത്തതിനാലായിരിക്കും വീണ്ടും വീണ്ടും സ്മാരകങ്ങള്‍ നിര്‍മ്മിച്ച ഈ പ്രവര്‍ത്തനം തുടരുന്നത്. മഞ്ചേരി നഗരസഭ ഹാളിനും, മലപ്പുറം നഗരസഭാ ഹാളിനും പേരുകള്‍ വാരിയംകുന്നന്‍ സ്മാരക മന്ദിരങ്ങള്‍ എന്നാണ്. തിരൂര്‍ നഗരസഭാ ഹാളിന്റെ പേര് വാഗണ്‍ ട്രാജഡി ഹാള്‍. പൂക്കോട്ടൂരും കോട്ടക്കലും കുരുവമ്പലത്തും നെല്ലിക്കുത്തും വിവിധ സ്മാരക സൗധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ഇരുപത്തൊന്നിലെ കലാപവുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ചരിത്രസംഭവങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. നിസ്സഹകരണ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ അനിഷേധ്യ നേതാവായിരുന്ന മാധവന്‍നായര്‍ അടക്കം നാട്ടില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആ പൈതൃകത്തെ മറക്കാനും പൊതു മണ്ഡലത്തില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ആ രാഷ്‌ട്രീയ ശ്രമങ്ങള്‍ക്കുള്ള അക്കാഡമിക തിരിച്ചടിയാണ് കഇഒഞ തീരുമാനം. രേഖകളും തെളിവുകളും നിരത്തി പരിശോധിച്ചാണ് മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും എടുത്ത് മാറ്റിയത്
മഞ്ചേരിയില്‍ കുഞ്ഞിമുഹമ്മദാജിയുടെ അനുയായികള്‍ നടത്തിയ കൊള്ളയും കൊള്ളിവെപ്പും അവസാനിപ്പിക്കാന്‍ സമാധാന ശ്രമം നടത്തിയ മാധവന്‍നായര്‍ക്കും നാരായണമേനോനും സ്മാരകങ്ങള്‍ എവിടെ? സ്വയംപ്രഖ്യാപിത ഖിലാഫത്ത് രാജാവ് ആലി മുസ്ലിയാരുമായി സമാധാന ചര്‍ച്ചക്ക് പോയ കെ പി കേശവമേനോന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ എന്നിവര്‍ക്കും സ്മാരകങ്ങള്‍ വേണ്ടേ? കൊണ്ടോട്ടിയെ സമാധാന തുരുത്താക്കി നിലനിര്‍ത്തിയ കൊണ്ടോട്ടി തങ്ങള്‍ക്ക് സ്മാരകം ആവശ്യമില്ല? തിരൂരില്‍ നിന്നും പൊന്നാനിയിലേക്ക് ഇരച്ചുകയറിയ കലാപകാരികളെ തടഞ്ഞു നിര്‍ത്തിയ കെ. കേളപ്പനും മുസ്ലിം മത പണ്ഡിതര്‍ക്കും സ്മാരകം വേണ്ടേ? ഹിന്ദു മുസ്ലിം മൈത്രിക്കുവേണ്ടി നിലകൊണ്ടവരെ മാതൃകയാക്കേണ്ട എന്നാണോ മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ഹിന്ദു സഹോദരങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയും വീടുകള്‍ അഗ്‌നിക്കിരയാക്കുകയും നിര്‍ബന്ധിച്ച് മതം മാറ്റുകയോ തയ്യാറല്ലാത്തവരെ നിഷ്ഠൂരമായി കൊന്നു തള്ളുകയും ചെയ്ത കലാപകാരികളുടെ നേതാവിന് സ്മാരകം പണിയുന്നവരുടെയും അതിനായി വാദിക്കുന്നവരുടെയും അവരെ സ്വാതന്ത്ര്യ സമരത്തിന്റെ വീരനായകരാക്കുന്നവരുടെയും അതിന് പിന്തുണ നല്‍കുന്നവരുടെ മനോനില പൊതു നന്മയ്‌ക്കും രാഷ്‌ട്രഹിതത്തിനു ഉതകുന്നതല്ല. നമ്മുടെ സ്വാതന്ത്രസമര പൈതൃകത്തെയും നേതാക്കളെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്.
ഏറനാട് താലൂക്ക് ഖിലാഫത്ത് സെക്രട്ടറി ടി.വി മുഹമ്മദ് അടക്കം കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ കലാപകാരികള്‍ നടത്തിയ ഹത്യാചാരത്തെ നഖശിഖാന്തം അപലപിച്ചു കൊണ്ട് ഇങ്ങനെ പറയുന്നു. ”സ്വരാജ്‌ലെ ഹിന്ദു മുസ്ലിം ഐക്യത്തെക്കാള്‍ ‘സത്യമാണ് ‘ പരമപ്രധാനമായിട്ടുള്ളത്. ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ തികച്ചും സത്യമാണ്. യഥാര്‍ത്ഥ അക്രമരഹിതമായ നിസ്സഹകരണവാദിക്ക് ലഹളക്കാരുടെ പ്രവര്‍ത്തികളെ അഭിനന്ദിക്കാന്‍ കഴിയില്ല. എന്തിനാണ് അവരെ അഭിനന്ദിക്കുന്നത്? ഹിന്ദുക്കളുടെ മേല്‍ അവര്‍ നടത്തിയ കൊടിയതും പ്രകോപനരഹിതവുമായ അക്രമങ്ങള്‍ക്കോ? സകലഹിന്ദു ഭവനങ്ങളിലും നടത്തിയ വന്‍തോതിലുള്ള കൊള്ളക്കോ? ഹിന്ദുക്കളെ ബലംപ്രയോഗിച്ചു മതം മാറ്റിയതിനോ? നിരുപദ്രവകാരികളായ ഹിന്ദുപുരുഷന്മാരേയും സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം വെട്ടി കൊന്നതിനോ? ലഹളക്കാര്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മലിനപ്പെടുത്തുകയും നശിപ്പിക്കുകയും ഹിന്ദുസ്ത്രീകളെ ബലാല്‍സംഗം ചെയുകയും അവരെ മാപ്പിളമാര്‍ നിര്‍ബന്ധിതമായി മതം മാറ്റി വിവാഹം കഴിക്കുകയും ചെയ്തതിനോ? ഇതിനെല്ലാം ശക്തമായ ഭാഷയില്‍ അക്ഷേപിക്കേണ്ടതല്ലേ? ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്തവനായ മാപ്പിളമാര്‍ അവരുടെ മതത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എന്ന് പറയാമോ?’
വാരിയംകുന്നന്റെ ബ്രിട്ടീഷ് വിരോധം ഭാരത സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നെങ്കില്‍ അദ്ദേഹമായിരുന്നില്ലേ മുഹമ്മദ് അബ്ദുറഹിമാന്റ സ്ഥലത്ത് കേരള ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായി വരേണ്ടിയിരുന്നത്? അല്ലെങ്കില്‍ ചുരുങ്ങിയത് ഏറനാട് താലൂക്ക് സെക്രട്ടറി എങ്കിലുമായി അദ്ദേഹം പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കേണ്ടിയിരുന്നു. ഹാജിക്ക് പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ബ്രിട്ടീഷ് വിരോധവും ആലിമുസ്ലിയാരോടുള്ള വിധേയത്വവും മതാന്ധതയും മാത്രമായിരുന്നു ഈ കലാപത്തിന് പ്രചോദനം നല്‍കിയതെന്നും അയാളുടെ തന്നെ മൊഴികളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. മുസ്‌ലിയാരുടെ ബ്രിട്ടീഷ് വിരോധവും കുടുംബ വൈരാഗ്യവും മത വിരോധവും മാത്രമായിരുന്നു എന്നതിനും ചരിത്രരേഖകളുണ്ട്. ഇവര്‍ രണ്ടുപേരും ഗാന്ധിയന്‍ നിസഹകരണ ത്യാഗത്തിലോ പരിപാടികളിലോ വിശ്വസിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിട്ടുണ്ട്.
ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന കെ. മാധവന്‍ നായര്‍ വാരിയംകുന്നനെ പരിചയപ്പെടുത്തുന്നത് ഏറെ ശ്രദ്ധേയവും ഇന്ന് വളരെ പ്രസക്തവുമാണ്. 1921 ആഗസ്റ്റ് 20 തിരൂരങ്ങാടി സംഭവത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ലഹളയുടെ ഭാഗമായി മഞ്ചേരി നഗരവും പരിസര ഗ്രാമങ്ങളും ചാമ്പലാക്കിയ കലാപകാരികളുടെ നേതാവെന്ന നിലയിലാണ് ആഗസ്റ്റ് 24ന് മഞ്ചേരി അരികീഴയില്‍ വെച്ച് മാധവന്‍നായര്‍ കുഞ്ഞഹമ്മദാജിയെ ആദ്യമായി കാണുന്നത്. ഫെബ്രുവരി മാസത്തില്‍ 144 വകുപ്പ് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് അയച്ച നോട്ടീസില്‍ തന്റേയും ഗോപാലമേനോന്റേയും പേരോടുകൂടി ചേര്‍ത്തിരുന്ന പേരിന്റ ഉടമസ്ഥനെ അദ്ദേഹം മുമ്പ് കാണുകയോ പരിചയപ്പെടുകയും ചെയ്തിട്ടില്ലായിരുന്നുവെന്നു കൂടി പറയുന്നുണ്ട്. നെല്ലിക്കുത്ത് പയ്യനാട് പ്രദേശത്ത് മുമ്പുണ്ടായ ഒരു ലഹളയുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ട വ്യക്തിയും കാലാവധി കഴിഞ്ഞ് തിരിച്ചു വന്നിട്ടും സ്വന്തം നാട്ടില്‍ താമസിക്കാന്‍ അനുവാദം കിട്ടിയിട്ടില്ലാത്ത ക്രിമിനല്‍ പശ്ചാത്തലവും കുഞ്ഞഹമ്മദാജി ഉണ്ടായിരുന്നു. ചില ഇംഗ്ലീഷ് പത്രങ്ങളും സി ഗോപാലന്‍ നായര്‍ എഴുതിയ മാപ്പിള ലഹള എന്ന പുസ്തകത്തിലും പരാമര്‍ശിക്കുന്ന പോലെ അദ്ദേഹം നിസ്സഹകരണഖിലാഫത്ത് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കോണ്‍ള്‍സിന്റെ ഔദ്യോഗിക രേഖകളിലില്ലെന്നും മാധവന്‍നായര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്.
ഏറനാട് താലൂക്കിലെ മാപ്പിളമാര്‍ പൊതുവില്‍ അജ്ഞാനവും അന്ധവിശ്വാസവും മതഭ്രാന്തും വച്ചു പുലര്‍ത്തുന്നവരായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അവസാന ഫലം ഇസ്ലാം സാമ്രാജ്യ സ്ഥാപനം ആണെന്നും അവരില്‍ പലരും ധരിച്ചിരുന്നു എന്ന് മാധവന്‍നായര്‍ നിരീക്ഷിക്കുന്നു. പാരമ്പര്യമായി മതഭ്രാന്തിന് പ്രസിദ്ധി നേടിയ കുടുംബത്തിലെ അംഗമായ കുഞ്ഞഹമ്മദാജി ഇസ്ലാമിക ഭരണത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായിരുന്നു. ബ്രിട്ടിഷ് ഗവണ്‍മെന്റിന് എതിരെ യുദ്ധം ചെയ്യാന്‍ തയ്യാറായത് ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടല്ല, ബ്രിട്ടിഷ് ഭരണം അവസാനിപ്പിച്ച് ഇസ്ലാമിക ഭരണം സ്ഥാപിക്കാനായിരുന്നു.
കലാപ നേതാവ് തന്നെ കാണാന്‍ തയ്യാറാണ് എന്നറിഞ്ഞതില്‍ വളരെ പ്രതീക്ഷയോടെയാണ് താന്‍ കൂടിക്കാഴ്ചയ്‌ക്ക് പോയതെങ്കിലും ഫലം പരിപൂര്‍ണ നിരാശയായിരുന്നുവെന്ന് മാധവന്‍ നായര്‍ വിലയിരുത്തുന്നു. ചര്‍ച്ച കഴിഞ്ഞു പിരിയുമ്പോള്‍ ഇനി നമ്മള്‍ കാണാന്‍ ഇടയില്ലെന്നും നമ്മുടെ വഴി രണ്ടും രണ്ടാണെന്നും അതിനാല്‍ കണ്ടിട്ട് കാര്യമില്ലെന്നും പറഞ്ഞാണ് പിരിഞ്ഞതെന്നും മാധവന്‍നായര്‍ വിഷമത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും വക്കീലുമായിരുന്നു നാരായണമേനോനും കുഞ്ഞഹമ്മദാജിയുമായി നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയമായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് വാരിയംകുന്നത് കുഞ്ഞഹമ്മദാജിയുടെ വഴി ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ അക്രമരാഹിത്യത്തിന്റേയും നിസ്സഹകരണ ത്യാഗത്തിന്റെയും ആയിരിന്നില്ല എന്നു തന്നെയാണ്.
പൊടുന്നനെയുള്ള പ്രകോപനം എന്തുതന്നെയായിരുന്നാലും 1921 ല്‍ മലബാറില്‍ നടന്ന വിപുലമായ കലാപം വളരെ ശക്തവും ദീര്‍ഘകാലം നീണ്ടുനിന്നതുമായ പ്രചോദനം ഇല്ലെങ്കില്‍ നടക്കുക ഇല്ലായിരുന്നു എന്ന് ഈ സമരത്തെ ആഴത്തില്‍ വിലയിരുത്തിയ എം ഗംഗാധരന്‍ നിരീക്ഷിക്കുന്നുണ്ട്. മാപ്പിള സമൂഹത്തിന്റെ ജീവിത സംസ്‌കാരത്തിലും വിശ്വാസ വ്യവസ്ഥയിലും അലിഞ്ഞുചേര്‍ന്ന ഒന്നാണത്. പതിനെട്ടാം നൂറ്റാണ്ട് അവസാനത്തില്‍ ടിപ്പുസുല്‍ത്താന്‍ വടക്കന്‍ കേരളത്തില്‍ നിന്നും മാറിയതിനുശേഷം തെക്കേ മലബാറില്‍ ഉള്‍പ്രദേശങ്ങളില്‍ മാപ്പിളമാര്‍ തങ്ങളുടേതായ രാഷ്‌ട്രീയ അധികാരം കൊതിച്ചിരുന്നു. തിരൂരങ്ങാടിക്ക് അടുത്തുള്ള മമ്പുറത്തെ തങ്ങന്‍മാരായ സയ്യിദ് അലവി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ എന്നീ മതനേതാക്കന്മാര്‍ ഇ അഭിലാഷ്‌ത്തെ പരിപോഷിപ്പിക്കുകയും ചെയ്തിരുന്നു. ഒരു ഖിലാഫത്ത് ഗവണ്‍മെന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ രാഷ്‌ട്രീയ നീക്കമായിരുന്നു അടിസ്ഥാനപരമായി മലബാര്‍കലാപം. ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഹിംസാധിഷ്ഠിതമായി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ച സമയത്ത് അതിന്റെ ഭാഗമായി നടന്ന ഹിംസാത്മകമായ ഈ കലാപം ദേശീയ നേതാക്കളില്‍ നടുക്കം ഉളവാക്കി. അത് കേവലം ശക്തമായ കലാപമായിരുന്നു എന്നതുകൊണ്ട് മാത്രമല്ല. മലബാറിലെ ഹിന്ദുമുസ്‌ലിം ബന്ധത്തിന് ഗൗരവതരമായ ഭീഷണി ഉയര്‍ത്തിയത് കൊണ്ടുകൂടിയാണ്. ഹിന്ദു മുസ്ലിം ഐക്യം ദേശീയ പ്രസ്ഥാനത്തിന് അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കും. അത് മൊത്തം ദേശീയ പ്രസ്ഥാനത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തി. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ദേശീയ പ്രസ്ഥാനത്തില്‍ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെമേലും മലബാറിലെ ഈ അക്രമാസക്തമായ സംഭവവികാസങ്ങളുടെ അടയാളങ്ങളുണ്ട്. ഹിന്ദു മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുകയും നിരന്തരമായ വര്‍ഗീയലഹളകള്‍ക്ക് കാരണമാവുകയും നാടിന്റെ വിഭജനത്തില്‍ കലാശിക്കുകയും ചെയ്തു എന്നതും നാം മറന്നുകൂടാ’ എന്നും ഗംഗാധരന്‍ വിലയിരുത്തുന്നു.
1922 ജനുവരി പത്തിന് മലപ്പുറം ജില്ലാ മേധാവിയുടെ മുന്‍പാകെ കുഞ്ഞഹമ്മദ് ഹാജി സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ കലാപം ആരംഭിക്കുന്നതിന് രണ്ടു മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ആലി മുസ്‌ലിയാര്‍ നെല്ലിക്കുത്ത് വരികയും ഒരു സഭ ചേര്‍ന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ക്രമസമാധാന പരിപാലന നിയമത്തിന്റെ 144 വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറയുന്നു. ഇതേ നോട്ടീസിനെ കുറിച്ചാണ് നേരത്തെ മാധവന്‍ നായര്‍ പരാമര്‍ശിച്ചത്. അതായത് കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരുന്ന നിസ്സഹകരണ സന്നദ്ധ ഭടന്മാരുടെ രൂപീകരണ യോഗങ്ങള്‍ക്ക് സമാന്തരമായി ആലിമുസ്‌ലിയാരുടെയും വാരിയന്‍കുന്നനെ പോലുള്ള ആള്‍ക്കാരുടെയും നേതൃത്വത്തില്‍ സായുധ കലാപത്തിന് കോപ്പുകൂട്ടുന്ന പടയാളികളെ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരുന്നു. 1915 16 കാലഘട്ടത്തില്‍ മലബാറില്‍ നടന്ന മാപ്പിള കലാപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന സിഎ ഇന്നസ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെക്കുറിച്ച് പരാമര്‍ശിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു എന്നാണ്. (273) കലാപത്തിന്റെ മൂര്‍ധന്യത്തില്‍ പോലീസ് മേധാവിയായിരുന്ന ഹിച്ച്‌കോക്ക് കുഞ്ഞ് മുഹമ്മദ് ഹാജിയെക്കുറിച്ച് പറയുന്നത് അയാള്‍ ഒരു പേടിസ്വപ്നമായി മാറിയെന്നും ഒരു പക്ഷേ താന്‍ വിചാരിച്ചാല്‍ പോലും മഞ്ചേരിക്ക് പുറത്ത്
ഒരിടത്തും സൈനിക ആവശ്യത്തിന് വിവരങ്ങള്‍ നല്‍കുന്ന ഒരുവരെയും കണ്ടു കിട്ടുന്നത് അസാധ്യമാക്കാന്‍ പോലും അയാളുടെ ക്രൂരമായ നടപടികള്‍ക്ക് സാധിച്ചു എന്നാണ്. (277)
ആലി മുസ്‌ലിയാരുടെ കീഴടങ്ങലിനെ തുടര്‍ന്ന് ഏറനാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നടന്ന ലഹളകളുടെ നേതൃത്വം ലവകുട്ടി കുഞ്ഞലവി കുഞ്ഞിമുഹമ്മദ് തങ്ങള്‍ മൊയ്തീന്‍കുട്ടി എന്നിങ്ങനെ പലരുടെ നേതൃത്വത്തിലും കാര്‍മികത്വത്തിലും ആയിരുന്നെങ്കിലും മലയോര പ്രദേശമായ അരീക്കോട്, എടവണ്ണ, നിലമ്പൂര്‍, കളികാവ്, കരുവാരകുണ്ട്, തൂവൂര്‍, മേലാറ്റൂര്‍, വെള്ളിയഞ്ചേരി, അലനല്ലൂര്‍, മണ്ണാര്‍ക്കാട് തുടങ്ങിയ വിശാലമായ കിഴക്കന്‍ ഏറനാടന്‍ പ്രദേശത്ത് കുഞ്ഞഹമ്മദാജി സര്‍വ്വ ഭൗമനായി വിലസി. അല്പകാലം നിലമ്പൂര്‍ അദ്ദേഹത്തിന്റെ ആസ്ഥാനമായി പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തോട് മുഖാമുഖം ഏറ്റുമുട്ടാതെ ഏത് സമയത്തും എവിടെയും പ്രത്യക്ഷപ്പെടുന്ന രീതിയില്‍ ഉള്‍നാടുകളില്‍ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരുന്നു.
ഏറനാടിന്റെ ഉള്‍നാടുകളില്‍ നടന്ന ഭീകരാന്തരീക്ഷത്തിന്റെ ഒരു നേര്‍ ചിത്രം കാണാന്‍ നിലമ്പൂര്‍ കോവിലകത്തെ വലിയ തമ്പുരാട്ടിയുടെ നേതൃത്വത്തില്‍ മലബാറലെ ഹിന്ദു സ്ത്രീകള്‍ ഒപ്പിട്ട് ഗവര്‍ണ്ണര്‍ ജനറലിന്റെ പത്‌നി കൗണ്ടസ് റീഡിങിന് നല്‍കിയ സങ്കട ഹരജിയിലെ ഈ ഭാഗം വാരിയംകുന്നന്റെ ഖിലാഫത്ത് രാജ്യത്ത് ഹിന്ദുക്കള്‍ അനുഭവിച്ച ദുരിതത്തെ വരച്ചുകാട്ടുന്നു.”ഈയിടെ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായ ലഹളയുടെ ഭീകരതയ്‌ക്കും വ്യാപ്തിക്കും വേറെ ഉദാഹരണങ്ങള്‍ ഇല്ല. വിശ്വാസം വിടാന്‍ വിസമ്മതിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജഡങ്ങള്‍ കൊണ്ട് ഞങ്ങളുടെ കിണറുകളും കുളങ്ങളും നിറഞ്ഞു. പലതും പാതി ജീവന്‍ ഉള്ളതായിരുന്നു. ഗര്‍ഭിണികളെ കഷണങ്ങളാക്കി തെരുവുകളിലും കാടുകളിലും ഉപേക്ഷിച്ചു. ഗര്‍ഭസ്ഥശിശു ശരീരത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നിന്നു. ഞങ്ങളുടെ ഒക്കത്തുനിന്ന് കുഞ്ഞുങ്ങളെ വലിച്ചെടുത്തു ഞങ്ങള്‍ക്ക് മുന്നില്‍ കഷണങ്ങളാക്കി. ഭര്‍ത്താക്കന്മാരെയും പിതാക്കളെയും ക്രൂരമായിപീഡിപ്പിച്ച് ജീവനോടെ കത്തിച്ചു. ഞങ്ങളുടെ സഹോദരിമാരെ വലിച്ചുകൊണ്ടുപോയി മനസ്സുകള്‍ക്ക് മാത്രം എല്ലാ വിധവും നാണം കെടുത്തി. ഞങ്ങളുടെ ആയിരക്കണക്കിന് വീടുകളില്‍ കിരാതമായ സംഹാര ബുദ്ധിയോടെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. വിഗ്രഹങ്ങള്‍ക്ക് മേല്‍ പശുവിന്റെ കുടല്‍ മാല ചാര്‍ത്തി. തലമുറകളായി അധ്വാനിച്ച് നേടിയ സ്വത്ത് കൊള്ളയടിച്ചു. കിണറുകള്‍ അസ്ഥികള്‍ കൊണ്ടു നിറഞ്ഞു. വീടുകള്‍ കനല്‍കൂനകളായി ക്ഷേത്രങ്ങള്‍ നിലംപൊത്തി. കൊല ചെയ്യുമ്പോഴുള്ള തങ്ങളുടെ കുഞ്ഞുങ്ങളുടെ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. മരണം വരെ മുഴങ്ങിക്കൊണ്ടിരിക്കും. വീടുകളില്‍നിന്ന് അടിച്ചിറക്കിയ ഞങ്ങള്‍ പട്ടിണി സഹിച്ച് അര്‍ദ്ധനഗ്‌നരായി കാടുകളില്‍ അലഞ്ഞു. ‘ ഈ സംഭവങ്ങള്‍ നേരിട്ടറിഞ്ഞാണ് മഞ്ചേരി സമ്മേളനത്തിലെ കോണ്‍ഗ്രസ് ദേശീയ നേതാവായി പങ്കെടുത്ത ഡോ.ആനിബസന്റ് ഒരു ഇസ്ലാമിക രാജ്യം എന്താണെന്ന് മലബാര്‍ നമ്മെ പഠിപ്പിക്കുന്നു എന്ന് പറഞ്ഞത്.
അണികള്‍ നഷ്ടപ്പെട്ട്, സംഘാംഗങ്ങളില്‍ തന്നെ ചിലരുടെ ഒത്താശയോടു കൂടി 2022 ജനുവരി ആറിന് പട്ടാളത്തിന് കീഴടങ്ങേണ്ടി വന്ന നായകന്റെ അവസാന ജീവിതവും ഇന്ന് പാടിപ്പുകഴ്‌ത്തുന്ന പോലെ ഒന്നും ആയിരുന്നില്ല. പട്ടാള കോടതിയില്‍ എഴുതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ കുറ്റമൊന്നും ചെയ്തില്ലെന്നും മറ്റുപലരുമാണ് കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നുണ്ട്. മരണശിക്ഷ ഒഴിവാക്കി തരാമെന്ന് പ്രലോഭന വാഗ്ദാനത്തിലാണ് ഹാജിയെ പിടികൂടിയത് എന്നും ഒരു ഭാഷ്യമണ്ട്. കാളികാവിലെ പുത്തന്‍പീടികക്കല്‍ കുഞ്ഞഹമ്മദ് കുട്ടിയുടെ സഹായത്തോടെ പോലീസ് സംഘത്തലവന്‍ രാമനാഥ അയ്യര്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഒരു ഏറ്റുമുട്ടല്‍ ഇല്ലാതെ കുഞ്ഞഹമ്മദാജി പട്ടാളവുമായി സന്ധിചെയ്തു ആയുധം വെച്ചു കീഴടങ്ങിയത്.
ഈ വാരിയന്‍കുന്നനെ 1921 ലോ 22 ലോ 24ലോ 27 ലോ 33 ലോ ദേശീയ പ്രസ്ഥാനങ്ങളോ മുസ്ലിം പണ്ഡിത സമൂഹമോ രാഷ്‌ട്രീയ നേതൃത്വമോ അംഗീകരിക്കുകയോ പ്രകീര്‍ത്തിക്കുകയോ ചെയ്തില്ല. ഹിന്ദു മുസ്ലിം ഐക്യം തകര്‍ത്തതവന്‍ എന്ന് ദേശീയ നേതൃത്വം കുറ്റപ്പെടുത്തി. മുസ്ലീങ്ങളെ പതിറ്റാണ്ടുകള്‍ പിറകോട്ടാക്കിയ കലാപത്തിനു കാരണമായി മുസ്ലിം പണ്ഡിത നേതൃത്വവും ഉലമാക്കളും സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഹിന്ദുക്കളെ ഭയവിഹ്വലരാക്കി ബ്രിട്ടീഷ് പാളയത്തിലേക്ക് തള്ളിവിട്ട് ദേശീയ പ്രസ്ഥാനത്തിന് മലബാറില്‍ തിരിച്ചടിയായി ചരിത്രകാരന്മാര്‍ വിലയിരുത്തി. സ്വാതന്ത്ര്യം നേടുന്നതുവരെ ഈ കലാപത്തെയോ കലാപകാരികളെ ആരും അംഗീകരിച്ചില്ല. പിന്നീട് കമ്യൂണിസ്റ്റ്റ്റ് നേതൃത്വം സമരത്തെ മഹത്തായ കാര്‍ഷിക സമരം ആക്കാനും വാരിയന്‍കുന്നനെയും മുസ്ലിയാരെയും കര്‍ഷക സമര നേതാക്കള്‍ ആക്കാനും നടത്തിയ ശ്രമം ഇവരുടെ നേതൃത്വം കൊണ്ട് തന്നെ പൊളിഞ്ഞു പോയി.
1972 സ്വാതന്ത്ര്യത്തിന് രജതജൂബിലി വര്‍ഷത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് താമ്രപത്രം നല്‍കി രാഷ്‌ട്രം ആദരിച്ചിരുന്നു. അന്ന് മലപ്പുറം ജില്ലയില്‍ നിന്ന് താമ്രപത്രം സ്വീകരിച്ചത് 57 പേരാണ്. അതിലൊന്നും 21 ലെ ഹിന്ദു കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ കലാപകാരികള്‍ ഉള്‍പ്പെട്ടിരുന്നില്ല. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ക്കും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനും എം പി നാരായണ മേനോനും ഉള്‍പ്പെടെ 1920 21 കാലഘട്ടത്തില്‍ നിസ്സഹകരണ പ്രസ്ഥാനഭടന്‍മാരെ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ചപ്പോള്‍ ദേശീയ നേതൃത്വം ഇസ്ലാമിക ജിഹാദികളെ മാറ്റി നിര്‍ത്തി. അവരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള രാഷ്‌ട്രീയ വിവേകം അന്നത്തെ നേതൃത്വത്തിന് ഉണ്ടായിരുന്നു. 1973 ല്‍ പാര്‍ലമെന്റ് സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷന്‍ സംബന്ധമായ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തര സഹമന്ത്രിയും ആഭ്യന്തരമന്ത്രിയും രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് 1921ലെ മലബാറിലെ മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനും കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി പരിഗണിച്ച് അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും സാധ്യമല്ലെന്ന് വ്യക്തമാക്കി. 1975 ല്‍ അന്നത്തെ കേരള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു നിഘണ്ടു തയ്യാറാക്കുകയുണ്ടായി. ഈ കലാപകാരികളെ അപ്പാേഴും ഉള്‍പ്പെടുത്തിയില്ല.
വാരിയന്‍കുന്നനെ മഹത്വവല്‍ക്കരിക്കുന്നവരുടെ ഉദ്ദേശം ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ മുസ്ലിം പങ്കാളിത്തത്തെ ഉറപ്പുവരുത്തുക എന്നതുമാത്രമല്ല. മറിച്ച് ഹിന്ദുക്കള്‍ ബ്രിട്ടീഷ് പക്ഷപാതികളും അതുകൊണ്ടുതന്നെ രാജ്യദ്രോഹികളും ആണെന്ന ഒരു വ്യാഖ്യാനം കൂടി സൃഷ്ടിക്കാനാണ്. ബ്രിട്ടീഷ് സര്‍ക്കാറിനെ എതിര്‍ക്കുന്ന വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെയും അവരെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുകയും ശിക്ഷിക്കുകയും ചെയ്തു എന്നാണ് വ്യാഖ്യാനം. അതില്‍ മഹാഭൂരിപക്ഷം പേരും ഹിന്ദുക്കള്‍ ആയതിനാല്‍ ഹിന്ദുക്കളുടെ മരണസംഖ്യ സ്വാഭാവികമായി വര്‍ദ്ധിച്ചു. കുറവാണെങ്കിലും ബ്രിട്ടീഷ് പക്ഷപാതികളായിരുന്നു മുസ്ലീങ്ങളെയും യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ വാരിയംകുന്നന്‍ എതിര്‍ത്തു എന്നുമാണ് ഇക്കൂട്ടര്‍ നടത്തി കൊണ്ടിരിക്കുന്ന പുതിയ ചരിത്ര വ്യാഖ്യാനം. ഇതിന്റ പിറകിലെ ശക്തികള്‍ ജിഹാദി തീവ്രവാദി സംഘടനകളാണെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ അതിനെ തുറന്നു എതിര്‍ക്കാന്‍ കഴിയാത്ത രാഷ്‌ട്രീയ കാലാവസ്ഥ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തങ്ങള്‍ നിരവധി നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ്സിനോട് അനുഭാവപൂര്‍വ്വം ഖേദം പ്രകടിപ്പിച്ച വമ്പന്മാര്‍ക്ക് പോലും നിമിഷ നേരം കൊണ്ട് അത് പിന്‍വലിച്ചു മാപ്പു ചോദിക്കേണ്ട സ്ഥിതി കേരളത്തില്‍ സംജാതമായിട്ടുണ്ട്. ഈയിടെ താലിബാന്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ചലച്ചിത്രതാരത്തെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടാന്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും മാധ്യമപ്പടയും എന്തിന് രാഷ്‌ട്രീയ നേതൃത്വം പോലും തയ്യാറായിട്ടില്ല. ഈ യാഥാര്‍ത്ഥ്യത്തിന് നടുവില്‍നിന്നു വേണം വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കുന്ന ജിഹാദിരാഷ്‌ട്രീയത്തെ പ്രതിരോധിക്കാന്‍. അതില്‍ ഇഒഞ ന്റെ തീരുമാനം വലിയ പ്രധാന്യമുള്ളതാണ്.
വാരിയന്‍കുന്നന്റെ ഭീകരത തുറന്നെതിര്‍ത്ത ദേശീയ നേതാക്കന്മാരുടെ പിന്‍മുറക്കാര്‍ ഇന്ന് എവിടെയാണ്? മുസ്ലിം ഉല്‍പതിഷ്ണുക്കളായ സമൂഹം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഭരണസംവിധാനങ്ങള്‍ എങ്ങനെ വസ്തുതകള്‍ മറന്നുപോയി? ഭയപ്പെടുത്തലാണോ പ്രലോഭനമാണോ സത്യത്തെ മറച്ചു പിടിക്കുന്നത്? ഇഅഅ വിരുദ്ധ സമരകാലത്ത് മലപ്പുറത്തെ തെരുവുകളില്‍ ഉയര്‍ന്ന ജിഹാദികളുടെ കൊലവിളി ഇവിടുത്തെ ഭരണ സംവിധാനത്തിന്റെ നിസ്സംഗത തുറന്നു കാട്ടുന്നു. ക്രമസമാധാന തകര്‍ച്ചയുടെ വീഡിയോ റിക്കാര്‍ഡ് ചെയ്തു അവസാനിപ്പിക്കേണ്ടതാണോ ക്രമസമാധാനപാലന ദൗത്യം?
ജിഹാദികളെയും തീവ്രവാദികളെയും എതിര്‍ക്കുന്നത് മുസ്ലിം വിരുദ്ധതയും അത് ദേശവിരുദ്ധമായും ചിത്രീകരിച്ച് ഹിന്ദുക്കളെ ഉന്മൂലനാശം വരുത്തേണ്ടവരാണെന്ന പുതിയ വ്യാഖ്യാനമാണ് തീവ്രവാദി, ജിഹാദി സംഘടനകളുടെ ആശയ പ്രചരണത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ഇതിനെ തുറന്ന് എതിര്‍ത്താല്‍ കലാപകാരികളെ എതിര്‍ത്തവര്‍ നേരിട്ട് അതേ വിധി ഇന്ന് ആവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഈ വിഘടന ശക്തികള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വലിയ വിപത്ത് വീണ്ടും ഈ നാടിനെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടും. അതുണ്ടാവാതിരിക്കട്ടെ. 1921ലെ നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനം വഴിപിഴച്ച് ഹിന്ദു വംശഹത്യയായി പരിണമിച്ചതിന്റെ കാരണങ്ങളും നേതാക്കളുടെ ആശയങ്ങളും അക്രമരാഷ്‌ട്രീയത്തിന് സ്വഭാവവും വസ്തുനിഷ്ഠമായി പഠിക്കണം. ആ സമീപനവും ഇന്നും വെച്ചുപുലര്‍ത്തുന്ന പ്രസ്ഥാനങ്ങളെ തിരിച്ചറിയാനും തുറന്നുകാട്ടാനും കഴിയണം. സര്‍ക്കാര്‍ വന്നു പെട്ടിരിക്കുന്ന അബദ്ധ ധാരണകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിനുമുന്നില്‍ വസ്തുതകള്‍ മറനീക്കി അവതരിപ്പിക്കണം. 1921 ന്റെ നൂറാം വര്‍ഷം ആഘോഷിക്കാനും ആനന്ദിക്കാനും ഒന്നും ഇല്ലാത്തതാണ്. എന്നാല്‍ പഠിക്കാനും അനുസ്മരിക്കാനുമുണ്ട്. അവരുടെ പൈതൃകത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഹിന്ദു സാമാജത്തിലെ ജാതിവിവേചനങ്ങള്‍ ഇല്ലാതാക്കി ശാക്തീകരിക്കണം. അന്ധവിശ്വാസങ്ങളും മത അസഹിഷ്ണുതയും വെടിഞ്ഞ് മുസ്ലിം സമൂഹം ബഹുസ്വരത്ത സ്വീകരിക്കണം. ബലിദാനികളേയും സാമൂഹ്യ ഐക്യത്തിനു വേണ്ടി നിലകൊണ്ടവരെയും തിരിച്ചറിയേണ്ടതുണ്ട്. സാമൂഹിക ഐക്യം തകര്‍ത്ത് ശക്തികളെയും അതിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെയും അതിനു വിടുപണി ചെയ്യുന്നവരെയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അല്ലെങ്കില്‍ മറ്റൊരു സര്‍വ്വനാശത്തിന്റെ അഖിലാപത്ത് രണ്ടാം ഖിലാഫത്ത് ആവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: