പരവൂര്‍: പരവൂരിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഗോത്ര കലാരൂപമാണ് കമ്പടികളി. ഒരേസമയം ഈശ്വര പൂജയും ജീവിത ആവിഷ്‌കാരവുമാണ് കമ്പടികളി. പരവൂരിലെ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രഥമസ്ഥാനമാണ് കമ്പടികളിക്ക് പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലും ഉള്ളത്.
തൃക്കൊടിയേറ്റ് നടന്നതിനെ തുടര്‍ന്ന് ആദ്യം നടന്ന കലാരൂപം കമ്പടികളിയാണ്. അത് കൊണ്ട് തന്നെ പരവൂരിലെ പ്രാദേശിക കലാരൂപങ്ങളില്‍ പ്രഥമസ്ഥാനീയം കമ്പടികളിയാണ്. കോലാട്ടം എന്ന് പൂര്‍വ്വ നാമത്തില്‍ അറിയപ്പെട്ടിരുന്ന കമ്പടികളി ക്ഷേത്രങ്ങളില്‍ ഉത്സവസമയത്ത് അവതരിപ്പിക്കുന്ന ദേവകലയാണ്.
പരവൂരില്‍ ക്ഷേത്ര സംബന്ധമായ ഒരു കലാപ്രകടനമെന്ന നിലയില്‍ എല്ലാ കരകളിലും ഇത് വ്യാപിച്ചിരുന്നു. പരവൂരിലെ മിക്കവാറും എല്ലാ കവികളും കമ്പടിപാട്ടുകള്‍ രചിച്ചിരുന്നു. അതനുസരിച്ചു കമ്പടി കളിച്ച കലാകാരന്മാരും ഇവിടെ നിരവധിയാണ്. അതില്‍ പ്രമുഖര്‍ പടിഞ്ഞാറ്റേ വീട്ടില്‍ ശങ്കരനാരായണപിള്ളയും അദ്ദേഹത്തിന്റെ അനുജന്‍ പപ്പുപിള്ളയും. ഇവര്‍ നിര്‍മിച്ച പാലാഴിമഥനവും സ്യമന്തകവും അതിന്റെ സാഹിത്യഗുണത്താല്‍ മെച്ചപ്പെട്ടവയാണ്. പരവൂരിലെ ആദ്യകാല കൃതികളിലെ ഗാനങ്ങള്‍ പലയിടങ്ങളിലും പ്രചരിച്ചിരുന്നു.
കുറുമണ്ടല്‍ കളരിയില്‍ കാത്തോടി അയ്യപ്പന്‍ മൂപ്പര്‍ ആദ്യകാല കമ്പടികളിക്കാരനാണ്. ഇദ്ദേഹത്തിന്റെ പുത്രന്‍ കൈതവിള കുറുമണ്ടല്‍ വീട്ടില്‍ ഗോവിന്ദന്‍ മൂപ്പര്‍ 77 വര്‍ഷം മുന്‍പ് തെക്കുംഭാഗം, കോങ്ങാല്‍, പൊഴിക്കര, കുറുമണ്ടല്‍ പ്രദേശങ്ങളില്‍ ഭജനസമിതികള്‍ക്ക് രൂപം നല്കി. കഥകളി വിദഗ്ധനും ആചാര്യനുമായിരുന്ന കൂനയില്‍ കൊക്കാട്ട് നാരായണപിള്ള (1900-1970) പരവൂരിലെ കമ്പടികളിയില്‍ പല പരിഷകാരങ്ങളും വരുത്തിയിട്ടുണ്ട്.
ചിറക്കര ഈശ്വരനാശാന്‍ നേതൃത്വം കൊടുത്തിരുന്ന കുറവന്റഴികം കാടിയാതി മഠം കേന്ദ്രീകരിച്ചുള്ള കമ്പടിസംഘവും പ്രശസ്തമാണ്. ഈശ്വരനാശനും ബാബുവാശാനും ശേഷം ഇപ്പോഴത്തെ ഊരാളി മൂപ്പന്‍ മാധവനാശാന്‍ നേതൃത്വം കൊടുക്കുന്ന കുറവന്റഴികം കാടിയാതി മഠത്തിന്റെ പ്രസിഡന്റ് സജി വി.എസും സെക്രട്ടറി ഷിജുദേവനുമാണ്. ഇപ്പോള്‍ പരവൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചു കമ്പടികളി നടത്തുന്നത് ഇവരാണ്. കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഒക്കെയുള്ള കമ്പടികളി ശാസ്ത്രീയമായ കലാരൂപവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: