തിരുവനന്തപുരം: കെ- റെയില്‍ വിരുദ്ധ സമരഭാഗമായി മുഖ്യമന്ത്രിയുടെ വസതിയില്‍ സര്‍വെ കല്ല് സ്ഥാപിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയാണഅ ജാമ്യം അനുവദിച്ചത്. പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരത്തോടെ ജയില്‍ മോചിതരാകും.
റിമാന്‍ഡിലായ പ്രവര്‍ത്തകര്‍ക്ക് ജാമ്യത്തിനായി കോടതിയില്‍ അഭിഭാഷകനായി എത്തിയത് ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് തന്നെയാണ് എന്നതാണ് ശ്രദ്ധേയം. അദേഹത്തോടൊപ്പം കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ:രാജ്മോഹന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അഡ്വ:ബി.ജി വിഷ്ണു എന്നിവരും വക്കീല്‍കുപ്പായമണിഞ്ഞ് തിരുവനന്തപുരം സിജെഎം കോടതിയില്‍ എത്തി.
മാര്‍ച്ച് 24 നാണ് ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ കോംപൗണ്ട് ചാടിക്കടന്ന് കെ-റെയില്‍ സര്‍വെ കല്ല് സ്ഥാപിച്ചത്. പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന്റെ പിന്‍വശത്തു കൂടി ക്ലിഫ്ഹൗസില്‍ പ്രവേശിച്ച് കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു.
കല്ലുകള്‍ സ്ഥാപിച്ച ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചപ്പോഴാണ് സംഭവം പോലീസ് അറിഞ്ഞത്. ഇതോടെ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: