തിരുവനന്തപുരം: നിസാരകാര്യങ്ങള്‍ക്ക് ട്രെയിനുകളില്‍ അപായച്ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയില്‍വെ. അടിയന്തര സാഹചര്യങ്ങളിലേ അപായച്ചങ്ങല വലിക്കാവൂ. സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കില്‍ ലോക്കോ പൈലറ്റിന്റെയും ഗാര്‍ഡിന്റെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാണ് അപായച്ചങ്ങല. മതിയായ കാരണമില്ലാതെ ഇതു വലിക്കുന്നത് റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 141 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. 1000 രൂപ പിഴയോ ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.
ഇന്ത്യയൊട്ടാകെ ട്രെയിന്‍ വൈകുന്നതില്‍ അപായച്ചങ്ങല കാരണമാകുന്നുണ്ട്. ട്രെയിന്‍ അപ്രതീക്ഷിതമായി നിര്‍ത്തുന്നത് ട്രെയിനിന്റെ സമയക്രമത്തെ മാത്രമല്ല, യാത്രക്കാരുടെ സമയവും അപഹരിക്കും. പിന്നാലെ വരുന്ന ട്രെയിനുകളും വൈകിക്കും. ട്രെയിനുകളുടെ സമയക്രമം പാലിക്കാന്‍ റെയില്‍വേ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും അപായച്ചങ്ങല വലിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് സര്‍വീസുകളെ ബാധിക്കുന്നുണ്ട്.
ദിവസേനയുള്ള 1303 മെയില്‍/എക്സ്പ്രസ് ട്രെയിനുകളിലും 640 എമു/മെമു പ്രതിദിന സബര്‍ബന്‍ ട്രെയിനുകളിലുമായി ദക്ഷിണ റെയില്‍വെയുടെ ദിവസവും 22 ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അനാവശ്യമായി അപായച്ചങ്ങല വലിച്ചതിന് ദക്ഷിണ റെയില്‍വേ ഇതുവരെ 1369 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1043 പേരെ അറസ്റ്റ് ചെയ്യുകയും 7,11,066 രൂപ പിഴയൊടുക്കുകയും ചെയ്തു. അടിയന്തര സാഹചര്യമോ പരാതിയോ ഉണ്ടായാല്‍, ബന്ധപ്പെട്ട കോച്ചിന്റെ ചുമതലയുള്ള ട്രാവലിങ് ടിക്കറ്റ് എക്സാമിനറെയാണ് യാത്രക്കാര്‍ ആദ്യം സമീപിക്കേണ്ടത്. കൂടാതെ, യാത്രക്കാര്‍ക്ക് റെയില്‍മദദ് ഹെല്‍പ്പ് ലൈന്‍ നമ്പരായ 139-ല്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: