കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത എക്‌സൈസ് പരിശോധനയില്‍ പിടികൂടിയത് 225 കിലോ കഞ്ചാവ്. തമിഴ്‌നാട് സേലം ശങ്കരഗിരി സ്വദേശിയായ അരുണ്‍കുമാര്‍ (33), കൃഷ്ണഗിരി ബെര്‍ഗൂര്‍ അഞ്ചൂര്‍ സ്വദേശിയായ ഷണ്മുഖം (58) എന്നിവരെ എക്‌സൈസ് സംഘം പിടികൂടി.
ആന്ധ്രയില്‍ നിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് ദിണ്ടിക്കലില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പേപ്പര്‍ ലോഡിന്റെ മറവില്‍ കടത്തിക്കൊണ്ട് വന്ന 225 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ദിണ്ടിക്കല്‍ എന്‍ഐബി ഉദ്യേഗസ്ഥരെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു. കേരളത്തിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ മധുര കീരിപെട്ടി സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്കി. ആന്ധ്രയില്‍ നിന്ന് ദിണ്ടിക്കല്‍ വരെ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്നും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കഞ്ചാവ് സൂക്ഷിച്ച് കേരളത്തിലേക്ക് കടത്തുവാന്‍ വേണ്ടിയാണ് കൊണ്ടുവന്നതെന്നും പ്രതികള്‍ മൊഴിനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: