തിരുവനന്തപുരം: മുഗള്‍ രാജവംശത്തിന്റെ അവസാന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് അധ്യാപകനും നിരൂപകനും രാഷ്ട്രീയനിരീക്ഷകനുമായ ഡോ. വി. രാജകൃഷ്ണന്. മനോരമ ഓണ്‍ലൈന്‍ നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ നിരീക്ഷണം.
ഒരു നൂറ്റാണ്ടുകാലത്തെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് ശേഷമാണ് മുഗള്‍ സാമ്രാജ്യം ഇന്ത്യയില്‍ നിലം പൊത്തിയത്. ഒടുവില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് അതിന്റെ അന്ത്യംകുറിച്ചതെങ്കിലും മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ഒട്ടേറെ കാരണങ്ങള്‍ ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് ഒന്നിനു പുറകെ ഒന്നായി തെരഞ്ഞെടുപ്പ് തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരികയാണ്. രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ പരാജയപ്പെട്ടത് 55,000 വോട്ടുകള്‍ക്കാണ്. ഈ തിരിച്ചടികളില്‍ നിന്നും പാഠം പഠിക്കാനോ ആത്മ പരിശോധനയ്ക്കോ ആ പാര്‍ട്ടി തയ്യാറാകുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടപ്പെട്ടതാണ് കാരണം.- രാജകൃഷ്ണന് പറയുന്നു.
കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വത്തായി മാറി. അമ്മയും മകനും മകളും ചില സ്തുതിപാഠകരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ ശൈലിയുമായി കോണ്‍ഗ്രസിന് എത്ര കാലം മുന്നോട്ട് പോകാനാവും? കെപിസിസി പ്രസിഡന്റ് സുധാകരന് പറയുന്നതുപോലെ ഒരു കോഡര്‍ സംവിധാനത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിന് കഴിയില്ല. സെമി കേഡര്‍ പോലും ആകാനാകില്ല.- രാജാകൃഷ്ണന് പറയുന്നു.
ഇപ്പോള്‍ സ്വതന്ത്രവ്യക്തിത്വങ്ങള്ക്ക് കോണ്‍ഗ്രസുമായി അടുക്കാന്‍ ഭയമാണ്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ഒരാളുടെ കയ്യില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. പ്രതിഛായയുള്ള ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാഹുലിന് ഒരു പൂര്‍ണ്ണ രാഷ്ട്രീയക്കാരനാവാന്‍ കഴിയില്ല. സോണിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. പ്രിയങ്കയ്ക്കാണെങ്കില് ഭര്‍ത്താവ് വധേരയുടെ അഴിമതിയുടെ കരിനിഴലുണ്ട്. ഒപ്പം ഇത്രയും കാലം വീട്ടമ്മയായി ഒതുങ്ങി ജീവിച്ചതിന്റെ പോരായ്മകളും ഉണ്ട്. – അദ്ദേഹം പറയുന്നു.
1960-70കളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം എന്തായിരുന്നോ ആ ഇടം ഇന്ന് ബിജെപി കയ്യടക്കിയിരിക്കുകയാണെന്നും രാജാകൃഷ്ണന് പറയുന്നു. ഈയിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ബിജെപിയുടെ ആധിപത്യം സമഗ്രമായി തീര്ന്നിരിക്കുന്നുവെനനതാണ്. ഇന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ അംഗങ്ങളുള്ള പാര്‍ട്ടിയാണ് ബിജെപി. ആര്‍എസ്എസിനെപ്പോലെ താഴേത്തട്ടില്‍ ശക്തമായ അടിത്തറയുള്ള ഒരു സംഘടനയുടെ പിന്തുണയാണ് അവരുടെ കരുത്ത്. ആര്‍എസ്എസ് ശക്തിയാര്‍ജ്ജിച്ചത് കഴിഞ്ഞ 50 വര്‍ഷത്തെ ചിട്ടയായ പ്രവര്‍ത്തനമാണ്.- അദ്ദേഹം വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: