ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലെ കശ്മീര്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ പരിഹസിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് നടത്തിയ ബിജെപി-യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്ജ്.
ബിജെപി കൊടിയും പ്ലക്കാര്‍ഡുകളുമേന്തിയാണ് ഒരു സംഘം ആളുകള്‍ മുദ്രാവാക്യം വിളിച്ച് ബുധനാഴ്ച രാവിലെ 11.30ഓടെ കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ എത്തിയത്. കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച കെജ്രിവാളിനെതിരെ മുദ്രാവാക്യം മുഴക്കി എത്തിയവരെ മുഖ്യമന്ത്രിയുടെ വീടിന് പുറത്തുള്ള പൊലീസ് ബാരിക്കേഡിനടുത്തെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി. ചിലര്‍ ബാരിക്കേഡ് മറികടന്ന് പൊലീസിന്റെ സുരക്ഷാവലയം ഭേദിക്കാനും ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് ലാത്തിവീശി.
70ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ ഉച്ചയ്ക്ക് ഒരു മണിയോടെ ചില സമരക്കാര്‍ രണ്ട് പൊലീസ് ബാരിക്കേഡുകളും തകര്‍ത്ത് മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രിയുടെ വീടിന് മുന്പില് എത്തി. കയ്യിലുള്ള പെയിന്റ് ഇവര്‍ വീടിന്റെ ചുമരിന് നേരെ എറിഞ്ഞതായും പറയുന്നു. സിസിടിവ ക്യാമറകളും നശിപ്പിക്കപ്പെട്ടതായി പറയുന്നു.
കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ ചെയ്ത ഇസ്ലാമിക തീവ്രവാദത്തിന്റെ കഥ പറയുന്ന കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് നികുതി ഇളവ് നല്‍കില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. പകരം യുട്യൂബില്‍ സിനിമ അപ് ലോഡ് ചെയ്താല്‍ എല്ലാവര്ക്കും സൗജന്യമായി കാണാമല്ലോ എന്നയിരുന്നു കെജ്രിവാള് നിയമസഭയില്‍ നടത്തിയ പരിഹാസം. കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുന്ന കെജ്രിവാളിന്റെ ഈ പ്രസ്താവനയെ കയ്യടികളോടെയും പൊട്ടിച്ചിരിയോടെയും ആംആദ്മി എംഎല്‍എമാര്‍ സ്വാഗതം ചെയ്തതും വിവാദമായി.
ഇസ്ലാമിക തീവ്രവാദത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ താഴ് വര വിട്ട് ഓടിപ്പോകേണ്ടിവന്നതിന്റെയും പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്യുന്നതിന്റെയും കഥ പറയുന്ന, കശ്മീകശ്മീര് ഫയല്‍സ് എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പുകഴ്ത്തിയിരുന്നു. അതിനിടിയില്‍ ഈ ചിത്രത്തെ അരവിന്ദ് കെജ്രിവാള് പരിഹസിച്ചതാണ് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: