കൊല്ലം : സില്‍വര്‍ലൈന്‍ സര്‍വ്വേ വീണ്ടും പുനരാരംഭിച്ചതോടെ നാട്ടുകാരില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു. കൊല്ലത്ത് സര്‍വ്വേക്കല്ല് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തഴുത്തലയില്‍ പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി.
കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഗ്യാസ് സിലണ്ടറുമായെത്തിയും ആത്മഹത്യാ ഭീഷണി മുഴക്കി. പ്രദേശവാസിയായ അജയ് കുമാറാണ് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടന്‍തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു.
കല്ലിടല്‍ തുടങ്ങുന്നതിന് മുമ്പ് ഇയാള്‍ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ് കുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയില്‍ ജില്ലാ ജഡ്ജിക്ക് തന്റെ മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. തഴുത്തലയില്‍ കഴിഞ്ഞ തവണ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
സര്‍വ്വേകല്ല് ഇടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം. പ്രദേശത്തേക്ക് കെ- റെയില്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനം കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്
അതിനിടെ സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. വീടുകള്‍ തോറും കയറി ഇറങ്ങിയാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. മലപ്പുറം താനൂര്‍ വട്ടത്താണിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞ അതിരടയാള കല്ല് വീട്ടുകാര്‍ ബോധവത്കരണത്തെ തുടര്‍ന്ന് പുനഃസ്ഥാപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോഴിക്കോട്ടും വീടുകയറി ബോധവത്കരണത്തിന് സിപിഎം തുടക്കമിട്ടിട്ടുണ്ട്. കോഴിക്കോട് നല്ലളത്താണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീടുതോറും പ്രചരണപ്രവര്‍ത്തനം നടത്തിയത്. നേരത്തെ കല്ലിട്ട പ്രദേശങ്ങളിലുള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരെത്തി പ്രചാരണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: