ബെംഗളൂരു: ഹിജാബ് വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം സമാധാനപരമായി നടന്നു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും യൂണിഫോമില്‍ പരീക്ഷ എഴുതി. കുറച്ച് പേര് മാത്രം വിട്ടുനിന്നു. ചിലരെ ഹിജാബ് ധരിച്ചതിന് തിരിച്ചയച്ചു.
കെഎസ്ടിവി ഹൈസ്കൂളില്‍ പരീക്ഷ നടത്തുന്നതിനിടെ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച ഇന്‍വിജിലേറ്ററെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂര്‍ ഫാത്തിമ ഹിജാബ് ധരിച്ചാണ് എത്തിയത്. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇവരെ പിന്നീട് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തിരിച്ചയക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ബാഗല്‍കോട്ട് ജില്ലയിലെ ഇലക്കല്‍ സര്‍ക്കാര്‍ സ്കൂളില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷ വേണ്ടെന്ന് തീരുമാനിച്ച് മടങ്ങിപ്പോയി. മറ്റൊരു സംഭവത്തില്‍, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 6 വ്യാജ ഉദ്യോഗാര്‍ത്ഥികളെ ബെലഗാവി ജില്ലയിലെ ചിക്കോഡി നഗരത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്.
ബെളഗാവി എംഎല്‍എ അനില്‍ ബെനകെ ഹിജാബും ബുര്‍ഖയും ധരിച്ച വിദ്യാര്‍ത്ഥികളെ പൂക്കള്‍ അര്‍പ്പിച്ച് സ്വീകരിച്ചു. പിന്നീട് ഈ വിദ്യാര്‍ത്ഥികള്‍ ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റി പരീക്ഷയില്‍ പങ്കെടുത്തു. ഈ അധ്യയന വര്‍ഷം 8,73,846 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 4,52,732 ആണ്‍കുട്ടികളും 4,21,110 പെണ്‍കുട്ടികളുമാണ്. മൂന്നാം ലിംഗത്തില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളും, ഭിന്നശേഷിയുള്ള 5,307 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 3,444 പരീക്ഷാ കേന്ദ്രങ്ങളിലും 144ാം വകുപ്പ് കര്‍ശനമാക്കിയിട്ടുണ്ട്, സംഘര്‍ഷവും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കര്‍ശനമായ പോലീസ് സുരക്ഷയെ വിന്യസിച്ചു. 60,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരീക്ഷകള്‍ നിരീക്ഷിച്ചു.
ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കുന്ന ആരെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക മന്ത്രിമാര്‍ വ്യക്തമാക്കി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.ചട്ടം ലംഘിച്ചാല്‍ നടപടി നേരിടേണ്ടിവരും. അതില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. ഹൈക്കോടതി ഉത്തരവ് എല്ലാവരും അനുസരിക്കണം. വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റി പരീക്ഷ എഴുതണമെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
പ്രൈമറിസെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും ഇതേ അഭിപ്രായത്തില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സ്വാഭാവികമായും പോലീസ് നടപടിയെടുക്കും. ഒരു കുട്ടിയും ഇത്തരം കാര്യങ്ങള്‍ക്ക് അവസരം നല്‍കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: