അഞ്ചല്‍: പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാന്‍ കല്ലിടുന്ന മുഖ്യമന്ത്രി കല്ലുവച്ച നുണയും പ്രചരിപ്പിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. അഞ്ചല്‍ പനയഞ്ചേരിയില്‍ പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് പ്രഭാഷണം കേട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ കടക്കെണിയിലാഴ്‌ത്തി വരും തലമുറയെ ദുരിതത്തിലാഴ്‌ത്തുന്ന കെ- റെയിലിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്. ജപ്പാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേഷിച്ച സ്റ്റാന്റേര്‍ഡ് ബോഗികള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ചില കുത്തകകളെ ഉപയോഗിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കൊള്ളയാണിത്.
ഒന്നരലക്ഷം കോടി രൂപ കടമെടുത്ത് നടത്തുന്ന പദ്ധതി കേരളത്തിലെ വരും തലമുറയെ കടക്കെണിയിലാക്കും. കെറെയിലിനായി ഒഴിപ്പിക്കുന്ന ജനങ്ങള്‍ വലിയ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കും. വലിയ സാമ്പത്തിക ബാധ്യതയ്‌ക്കും അഴിമതിക്കും ഇടയാക്കുന്ന തട്ടിപ്പില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ അരവിന്ദ്, അശ്വതി ബിനു, ബിനു എന്നിവര്‍ക്ക് സേവാഭാരതിയുടെയും ബിജെപിയുടെയും സ്‌നേഹാദരവ് കുമ്മനം രാജശേഖരന്‍ സമ്മാനിച്ചു.
ബൂത്ത് പ്രസിഡന്റ് എസ്.സുധീഷ് കുമാറിന്റെ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി.ബബുല്‍ദേവ്, ബിജെപി അഞ്ചല്‍ മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു, വൈസ് പ്രസിഡന്റ് എസ്. ഹരികുമാര്‍, സി.പി. ജയചന്ദ്രന്‍, അഡ്വ. ബി.ജി. രഞ്ജിത്ത്, എസ്.ഉമാദേവി, ജി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: