കൊച്ചി: പ്രപഞ്ചോപാസകനെ മന് കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണനെയാണ് പ്രധാനമന്ത്രി പ്രംശംസിച്ചത്. കത്തുന്ന വേനല്‍ചൂടില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് കുടിനീര് നിറച്ചുവച്ച് വെള്ളം നല്‍കുന്നതിനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്് ചൂണ്ടിക്കാട്ടിയായിരുന്നു അഭിനന്ദനം.
ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന് രാജ്യത്തിനാകെ പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുമ്പാണ് നാരായണന് ആരംഭിച്ചത്. വേനലില്‍ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്കുവേണ്ടി വിഭാവനം ചെയ്തതാണ് ജീവജാലത്തിന് ഒരു മണ്‍പാത്രം പദ്ധതി. ജലാശയങ്ങള്‍ വറ്റിവരളുമ്പോള്‍ പറവകള്‍ക്ക് കുടിനീര് അന്യമാകരുതെന്ന ചിന്തയില്‍നിന്നാണ് പക്ഷികള്‍ക്ക് ദാഹജലം പകരാന്‍ ഇത് പ്രകാരം ഒരു ലക്ഷത്തിലധികം മണ്‍കുടങ്ങളാണ് പക്ഷികളുടെ ദാഹമകറ്റുന്നതിന് വേണ്ടി തീര്‍ത്തത്. 2016 ലാണ് ഇതിന്റെ തുടക്കം. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കുമായി ഈ പദ്ധതി വ്യാപിപ്പിച്ചു. ഒരു ലക്ഷത്തോളം കുട്ടികളാണ് ഇതില്‍ പങ്കാളികള്‍. ഇവിടെ മാത്രമല്ല വാര്‍ധാ സേവാഗ്രാമിലും നാരായണന്റെ മണ്‍പാത്രങ്ങള്‍ ലഭ്യമാണ്.
എഴുത്തുകാരന്, കവി, ഗാന്ധിയന്‍, സാമൂഹ്യ പ്രവര്ത്തകന്, പരിസ്ഥിതി പ്രവര്ത്തകന് എന്നിങ്ങനെ ശ്രദ്ധേയനാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരുകയും, അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ദ്വാരക ഹോട്ടലില്‍ എത്തിയാല്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിനപത്രങ്ങളും മാസികകളും ലഭ്യമാണ്. എപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു പബ്ലിക് ലൈബ്രറിയാണ് ദ്വാരക ഹോട്ടല്‍. മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ 50,000 കോപ്പികളാണ് മുപ്പത്തടത്തെ 5000 വീടുകളിലും വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലുമായി സൗജന്യമായി വിതരണം ചെയ്തത്. പ്രകൃതിയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയം. മുപ്പത്തടത്തെ 5000 വീടുകളിലും വിവിധ സ്കൂള്‍-കോളജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കായി 50,000 തുണി സഞ്ചികളാണ് ഈ ലക്ഷ്യം മുന്‍ നിര്‍ത്തി വിതരണം ചെയ്തത്.
വൃക്ഷയജ്ഞ എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയിലൂടെ 10,001 ഫലവൃക്ഷ തൈകളാണ് മുപ്പത്തടത്തും പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്തത്. രണ്ട് ലക്ഷത്തോളം ഫലവൃക്ഷ തൈകളാണ് എറണാകുളത്തും സമീപ ജില്ലകളിലുമായി വിതരണം ചെയ്തത്. ‘എന്റെ മരം’ പദ്ധതിക്ക് അദ്ദേഹം രൂപം നല്കി. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ഗാന്ധിജിയെ വായിക്കാം എന്ന സന്ദേശം പകര്‍ന്നുകൊണ്ട് മഹാത്മാവിന്റെ മഹാദര്‍ശനം പദ്ധതിക്ക് തുടക്കം കുറിച്ചത് 2019 ലെ വായനാദിനത്തിലാണ്. മുപ്പത്തടം ഗ്രാമത്തിലെ അയ്യായിരം വീടുകളില്‍ ഗാന്ധിജിയുടെ ഫ്രെയിം ചെയ്ത ഫോട്ടോയാണ് ഇതിന്റെ ഭാഗമായി സമര്‍പ്പിച്ചത്. പരിസ്ഥിതിയുടെ ആരോഗ്യം പോലെ പ്രധാനമാണ് വ്യക്തികളുടെ ആരോഗ്യവും എന്ന് ചിന്തയില്‍ നിന്നാണ് ‘യോഗ ആരോഗ്യത്തിന്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. യോഗയെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം എത്തിച്ചുനല്‍കിയത്. ഗ്രന്ഥകാരന് കൂടിയാണ് ശ്രീമന്‍ നാരായണന്. കുട്ടികളുടെ ഗുരുദേവന്, എന്റെ പുഴ, സുദര്‍ശനം, ദക്ഷിണായനം, മഹാഗുരു, സതേണ്‍ ജേര്‍ണി, കാക്കപ്പൂവേ നീയും വേണം, ഉണ്ണികളുടെ അമ്മ, എന്റെ ഗ്രാമം എന്നിവയാണ് പ്രധാന കൃതികള്‍.
ടെലി-ക്രിട്ടിക് അവാര്‍ഡ്, ഭാരത് പത്രിക സാഹിത്യ പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം, നവ കേരള പുരസ്കാരം, തിരുവനന്തപുരം ഉത്രാടം തിരുനാള്‍ കള്‍ച്ചറല്‍ സെന്ററിന്റെ കേരളശ്രീ പുരസ്കാരം, എസ്.കെ. പൊറ്റക്കാട് പരിസ്ഥിതി സംരക്ഷണ പുരസ്കാരം, വനമിത്ര പുരസ്കാരം, ഗാന്ധി ദര്ശന് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി. ശ്രീമന്‍ നാരായണന്റെ ശ്രദ്ധേയമായ ആശയമാണ് നടാം, നനയ്ക്കാം, നടയ്ക്കല്‍ വയ്ക്കാം പദ്ധതി. തുളസി, കൂവളം, ചെത്തി എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് ക്ഷേത്രങ്ങള്‍ മുഖേന സൗജന്യമായി വിതരണം ചെയ്തത്. മാതാവും പിതാവും ഗുരുവുമായ പ്രകൃതി എല്ലാത്തിനുമുപരി ഈശ്വരനുമാണെന്ന ചിന്തയാണ് ഇതിന് പിന്നില്‍. കൊവിഡ് 19 പിടിമുറുക്കിയപ്പോഴും അദ്ദേഹത്തിന്റെ പൗരബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊറോണയുടെ തുടക്കത്തില്‍ തന്നെ ഒരു ലക്ഷം മാസ്കുകളാണ് അദ്ദേഹം വിതരണം ചെയ്തത്. ജീവിതം പരിസ്ഥിതിക്കും സമാജത്തിനുമായി സമര്‍പ്പിച്ച് മാതൃകയാവുകയാണ് ശ്രീമന്‍ നാരായണന്. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വഴികാട്ടിയായി സ്വീകരിച്ചിരിക്കുന്ന ഇദ്ദേഹം, പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ലെന്ന് സമൂഹത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: