പോത്തൻകോട്: വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഭാഗമായ തേക്കട – മംഗലപുരം ലിങ്ക് റോഡിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പോത്തൻകോട് നടന്ന പ്രതിഷേധ കൂട്ടായ്‌മയിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ തലയൂരി. ഔട്ടർ റിങ് റോഡിന് സംസ്ഥാന സർക്കാർ ബജറ്റിൽ 1000 കോടി രൂപ വകവരുത്തിയിരുന്നു. ശേഷമാണ് ഇടതു നേതാക്കളുടെ പിന്മാറ്റം.
ബജറ്റിന് മുൻപ് പൂലന്തറയിലും കരൂർ കൊച്ചുവിളയിലും നടന്ന ജനകീയ സമരങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ അനിൽ ഉൾപ്പെടെ നിരവധി ഇടത് ജനപ്രതിനിധികളും നേതാക്കളും റിങ് റോഡിനെതിരെ പ്രതിഷേധവുമായി മുൻനിരയിൽ ഉണ്ടായിരുന്നു. സംസ്ഥാന ബജറ്റിൽ 1000 കോടി രൂപയുടെ പ്രഖ്യാപനത്തിന് ശേഷം ഇരട്ടത്താപ്പ് നയം സ്വീകരിച്ച് നേതാക്കൾ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് ജനങ്ങളോടൊപ്പം നിൽക്കേണ്ടവർ പ്രതിഷേധങ്ങളിൽ നിന്ന് തലയൂരിയ നേതാക്കളുടെ ഇരട്ടത്താപ്പ് നയത്തിൽ ജനങ്ങൾക്കിടയിലും പ്രതിഷേധമാണ്. കെ റെയിൽ ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളിലെ ജന പിൻതുണ കുറഞ്ഞതോടെ ഔട്ടർ റിങ് റോഡ് വിഷയത്തിൽ സിപിഎമ്മിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന കരുതലോടെ നേതാക്കാൾ തലയൂരിയതായും സൂചനയുണ്ട്.
റിങ് റോഡിനെതിരെ പോത്തൻകോട് ജംഗ്ഷനിൽ നടത്തിയ പ്രതിഷധ പരിപാടിയിൽ സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്തു. കെ- റെയിൽ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. ഔട്ടർ റിങ് റോഡ് ജനകീയ സമര സമിതി ചെയർമാൻ എം.മുനീർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം.എ വാഹിദ്, ബിജെപി ജില്ലാ ട്രഷറർ എം.ബാലമുരളി. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ.എം റാഫി, വെമ്പായം അനിൽ, പൂലന്തറ കിരൺ ദാസ് പഞ്ചായത്തംഗങ്ങളായ തോന്നയ്‌ക്കൽ രവി , നീതു , പള്ളിനട നസീർ, കോലിയക്കോട് മഹീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: