മക്കളേ,
പത്രങ്ങളില്‍ നോക്കിയാല്‍ കാണാം ദിവസവും എത്രയെത്ര ആളുകളാണ് ആത്മഹത്യ ചെയ്യുന്നതെന്ന്. പലരുടേയും മരണത്തിനു കാരണം ആരോഗ്യത്തിന്റെയോ സമ്പത്തിന്റെയോ കുറവല്ല, മനസ്സിന്റെ ദുര്‍ബ്ബലത ഒന്നു മാത്രമാണ്. ഒരു നിമിഷത്തിന്റെ വികാരത്തിലായിരിക്കും പലരും ആത്മഹത്യയ്ക്കു തുനിയുന്നത്. മറ്റു തെറ്റുകള്‍ ചെയ്താല്‍ അതു തിരുത്താന്‍ അവസരം കിട്ടും. പക്ഷെ ആത്മഹത്യ ചെയ്താല്‍ ആ തെറ്റു തിരുത്താനാവുമോ?
ഒരു ജീവനെ രക്ഷിക്കാന്‍ വേണ്ടി നമ്മള് കോടിക്കണക്കിനു രൂപ കടമെടുത്തും ഭൂമി പണയംവെച്ചും ചികിത്സയ്ക്കായി ചെലവാക്കാറുണ്ട്. മനുഷ്യജീവന് അത്രയ്ക്ക് അമൂല്യമാണ്. അങ്ങനെ അമൂല്യമായ ജീവനെ നശിപ്പിക്കാന്‍ നമുക്ക് അധികാരമില്ല. ജീവന് നമുക്ക് ഈശ്വരന് തന്ന ദാനമാണ്.
ആത്മഹത്യ ചെയ്യുന്നതുവഴി ദുഃഖത്തില്‍നിന്നു രക്ഷ നേടാന്‍ കഴിയും എന്നു വിചാരിക്കുന്നതു തെറ്റാണ്.സത്യത്തില്‍ ആത്മഹത്യ ചെയ്യുന്നതിലൂടെ ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്നതിലും ഘോരമായ ഇരുട്ടിലേയ്ക്കാണ് നമ്മള് ചെന്നു വീഴുന്നത്.ഓരോ ജീവന്റെയും സുഖദുഃഖാനുഭവങ്ങള്‍ മരണത്തിനുശേഷവും തുടരും എന്നതാണു വാസ്തവം. സുഖവും ദുഃഖവും ജീവിതത്തിന്റെ സ്വഭാവമാണ്. അതു മനസ്സിലാക്കി ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുകയാണ് നമ്മള് ചെയ്യേണ്ടത്.
ആത്മഹത്യ ചെയ്യുന്നതിനു മുമ്പ്, എന്തൊക്കെയാണ് ആത്മഹത്യയുടെ അനന്തരഫലങ്ങള്‍, സ്വന്തം അച്ഛനമ്മമാരുടെയോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ കുട്ടികളുടെയോ ഭാവിജീവിതം എങ്ങനെയായിരിക്കും എന്നു മാറിനിന്നുകൊണ്ട് ചിന്തിക്കണം. ആത്മഹത്യയുടെ അനന്തരഫലങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ തയ്യാറായാല്‍ ആര്‍ക്കും അതില്‍നിന്നു പിന്തിരിയാനുള്ള ശക്തി കിട്ടും.
ഒരിക്കല്‍ ഒരു സ്ക്കൂള് വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. മരിക്കുന്നതിനുമുമ്പായി അവന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് ഒരു കുറിപ്പ് എഴുതി നല്കി, ‘ടീച്ചറെ, എനിക്ക് ജീവിതം മടുത്തു. ഞാന്‍ മരിക്കാന്‍ പോകുകയാണ്.’ ടീച്ചര്‍ അതു വായിച്ച് അവനോടു പറഞ്ഞു, ‘നീ മരിക്കാന്‍ തീരുമാനിച്ചു. നിനക്കതിനു തക്ക കാരണങ്ങളുമുണ്ടാകും. അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. പക്ഷെ, നീ എന്റെ ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ്. നിനക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്. എനിക്കുവേണ്ടി നീ ഒരു കാര്യം ചെയ്യണം. എന്തുകൊണ്ടാണ് നീ മരിക്കാന്‍ തീരുമാനിച്ചത് എന്നതിനെക്കുറിച്ച് വിശദമായി എഴുതി എനിക്കു തരണം.’പ്രിയപ്പെട്ട അദ്ധ്യാപികയുടെ വാക്കുകള്‍ നിരസിക്കാന്‍ അവനു കഴിയുമായിരുന്നില്ല. അവന് വീട്ടിലെത്തിയശേഷം ഒറ്റയ്ക്കിരുന്നു ചിന്തിച്ചു: എന്തുകൊണ്ടാണ് താന്‍ മരിക്കാന്‍ തീരുമാനിച്ചത്. മനസ്സില്‍വന്ന കാര്യങ്ങള്‍ അവന് വിശദമായി എഴുതി. എഴുതിക്കഴിഞ്ഞപ്പോഴേയ്ക്കും അവന് തന്നെ തീരുമാനത്തില്‍നിന്ന് പിന്മാറിയിരുന്നു. കാരണം തന്റെ തീരുമാനം എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് അവനു തിരിച്ചറിയാന്‍ കഴിഞ്ഞു. മാത്രമല്ല, പഠിത്തത്തിലും പിന്നീടുള്ള ജീവിതത്തിലും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ മനഃശ്ശക്തിയും അവന് അനുഭവത്തിലൂടെ നേടിയെടുത്തു. പില്ക്കാലത്ത് ആ വിദ്യാര്‍ത്ഥി പ്രശസ്തനായ ഒരു എഴുത്തുകാരനായിത്തീര്‍ന്നു.
അദ്ധ്യാപികയുടെ ഒരു വാക്ക് ആ വിദ്യാര്‍ത്ഥിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ലോകത്തിന് പ്രതിഭാസമ്പന്നനായ ഒരു സാഹിത്യകാരനെ ലഭിച്ചു. ആലോചനക്കുറവാണ് മിക്ക ആത്മഹത്യയ്ക്കും കാരണം. നിരാശയുടെ കയത്തില്‍ മുങ്ങിത്താഴുന്നതിനിടയില്‍ ഒരു നിമിഷം വിവേകപൂര്‍വ്വം ചിന്തിക്കാന്‍ സാധിച്ചാല്‍, നമുക്ക് അതില്‍നിന്നു കരകേറാനും, ജീവിതത്തില്‍ വിജയകരമായി മുന്നേറാനും കഴിയും.
ഇന്നെല്ലാം അണു കുടുംബങ്ങളാണല്ലോ. അവിടെ ഹൃദയം പങ്കുവെയ്ക്കാനും പരസ്പരസ്നേഹത്തോടെ കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും പലപ്പോഴും ആരുമുണ്ടാവില്ല. അച്ഛനമ്മമാര്‍ ഉണ്ടെങ്കിലും അവര്‍ പ്രശ്നങ്ങള്‍ അറിയണമെന്നില്ല. മറ്റു തിരക്കുകള്‍ കാരണം അവര്‍ക്ക് സമയവും കുറവായിരിക്കും. മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ഒരു വ്യക്തിയെങ്കിലും ഓരോ വീട്ടിലും ഉണ്ടെങ്കില്‍ ഇത്രയധികം ആത്മഹത്യകള്‍ ഉണ്ടാകില്ല എന്നതു നമ്മള് മറക്കരുത്. അതിനാല്‍ അച്ഛനമ്മമാര്‍ സ്വന്തം കുട്ടികളുടെ പെരുമാറ്റങ്ങളെ ശ്രദ്ധിക്കണം. അവര്‍ക്കു വിഷാദമോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ സ്നേഹപൂര്‍വം അന്വേഷിക്കണം. ആവശ്യമെങ്കില്‍ വിദഗ്ധസഹായം തേടണം.
ആത്മഹത്യ പ്രവണതയുള്ളവര്‍ സ്വന്തം പ്രശ്നങ്ങള്‍ പ്രിയപ്പെട്ട കുടുംബാംഗങ്ങളുമായും വിശ്വസ്തരായ കൂട്ടുകാരുമായും പങ്കുവെയ്ക്കാന്‍ മടിക്കരുത്. പ്രശ്നങ്ങളില്‍ പെട്ടുഴലുന്നവരെ അപേക്ഷിച്ച് മറ്റുള്ളവര്‍ക്ക് ആ പ്രശ്നങ്ങളെ മാറിനിന്നു വീക്ഷിക്കാന്‍ കഴിയും. അപ്പോള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയും. മാത്രമല്ല, പ്രശ്നങ്ങളെ അതിജീവിക്കാനാവശ്യമായ ആത്മവിശ്വാസം പകരാനും അവര്‍ക്കു സാധിക്കും.
നമ്മുടെ മിക്ക പ്രശ്നങ്ങളും അധികകാലം നീണ്ടുനില്ക്കുന്നതല്ല. അല്പമൊന്നു ക്ഷമിച്ചാല്‍, അല്പമൊന്നു പ്രയത്നിച്ചാല്‍ കാര്യങ്ങള്‍ മാറിവരുന്നതു കാണാം. അതിനാല്‍ എടുത്തുചാടി ഒരു തീരുമാനം എടുക്കരുത്. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള ആത്മബലം നശിക്കുമ്പോഴാണല്ലോ പലരും ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. എന്തും വരട്ടെ, ഞാനിതിനെ ധൈര്യമായി നേരിടും. എനിക്കതിനു ശക്തിയുണ്ട്. കാരണം ഞാന്‍ ഒറ്റയ്ക്കല്ല. എന്നോടൊപ്പം ഈശ്വരനുണ്ട്, ഈ പ്രപഞ്ചശക്തിയുണ്ട് എന്നുള്ള ഉറച്ച വിശ്വാസം വേണം. അപ്പോള്‍ ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തു ലഭിക്കും.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: