ഹൈദരാബാദ് : അനധികൃതമായി നിർമ്മിച്ച മദർ തെരേസയുടെ പ്രതിമ അടുത്ത 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ ഖമ്മം ജില്ലയിലെ മുത്തുലമ്മ സർക്കിളിലുളള മദർ തെരേസയുടെ പ്രതിമ പൊളിച്ച് 10 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കാന്‍ ഖമ്മം ജില്ലാ കളക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചു.
വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി അല്ലിക അഞ്ജൈ സമർപ്പിച്ച ഹർജിയിലാണ് തെലുങ്കാന ഹൈക്കോടതിയുടെ ഈ ഉത്തരവ്. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, അഭിനന്ദ് കുമാര്‍ ഷാവിലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
അധികൃതരുടെ അനുമതി ഇല്ലാതെയാണ് പ്രതിമ സ്ഥാപിച്ചത് എന്ന് അല്ലിക സമർപ്പിച്ച ഹർജിയിൽ പറയുന്നു. പൊതു റോഡുകളിലും നടപ്പാതകളുടെ വശങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രതിമ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾ അനുമതി നൽകരുതെന്ന് സുപ്രീം കോടതി മാർഗനിർദ്ദേശത്തിൽ പറയുന്നു. സുപ്രീം കോടതി നിർദ്ദേശങ്ങൾ അനുസരിക്കാതെ കുരിശ് സ്ഥാപിക്കാനും പ്രതിമ സ്ഥാപിക്കാനും അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഹർജിയിൽ അല്ലിക ആവശ്യപ്പെടുകയായിരുന്നു.
സര്‍ക്കാര്‍ അനുമതിയില്ലാതെ ആദ്യം കുരിശ് സ്ഥാപിക്കുകയായിരുന്നു ചിലര്‍. പിന്നീട് ഹൈക്കോടതി ഇതിനെ എതിര്‍ത്തതോടെ കുരിശ് നീക്കം ചെയ്തു. പക്ഷെ അവിടെ പകരം മദർ തെരേസയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നുവെന്നും അല്ലികയുടെ ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി, പത്ത് ദിവസത്തിനകം അനധികൃത പ്രതിമ നീക്കം ചെയ്യാൻ ജില്ലാ കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഉടനെ ഉത്തരവ് നടപ്പാക്കുമെന്ന് ഖമ്മം ജില്ലാ കളക്ടര്‍ വി.പി. ഗൗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: