ന്യൂദല്‍ഹി: പ്രധാന മോദി വിമര്‍ശകരിലൊരാളായ പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ തടഞ്ഞേക്കുമെന്ന് ഭയന്ന് ദല്‍ഹി യൂണിവേഴ്സിറ്റി ലോ ഫാക്കല്‍റ്റി റദ്ദാക്കി. മാര്‍ച്ച് 26 ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു പ്രഭാഷണം ഒരുക്കിയിരുന്നത്.
എന്നാല്‍ അവസാനനിമിഷമാണ് പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം റദ്ദാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സാധിക്കുമോ എന്ന ഭയമാണ് സംഘാടകര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
‘ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്നതായിരുന്നു വിഷയം. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് പ്രഭാഷണം റദ്ദാക്കിയതെന്ന് പ്രശാന്ത് ഭൂഷണ് ആരോപിച്ചു. കൃത്യസമയത്ത് യൂണിവേഴ്സിറ്റിയില്‍ എത്തിയ പ്രശാന്ത് ഭൂഷണ് പിന്നീട് പരിപാടി റദ്ദാക്കിയതറിഞ്ഞ്, തൊട്ടടുത്ത റോഡരികില്‍ നിന്ന് പ്രഭാഷണം നടത്തി. സംഘാടകരോടുള്ള പ്രതിഷേധമെന്ന നിലയ്ക്കായിരുന്നു ഇത്.
ദല്‍ഹി യൂണിവേഴ്സിറ്റിയുടെ ലോ ഫാക്കല്‍റ്റി ഡീന്‍ ആയ ഉഷ ടാണ്ടനാണ് പരിപാടി റദ്ദാക്കിയ വിവരം നോട്ടീസിലൂടെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ കാണുന്ന അനിയന്ത്രിത സ്വഭാവം കണക്കിലെടുത്താണ് പരിപാടി റദ്ദാക്കുന്നതെന്നും അവര്‍ പറഞ്ഞു.
മാര്‍ച്ച് 25ന് വിദ്യാര്‍ത്ഥികള്‍ പൊലീസുമായി ഏറ്റുമുട്ടുകയുണ്ടായി. അവര്‍ എന്നോട് മോശമായി പെരുമാറി. അവര്‍ ലൈബ്രറിയിലും പ്രശ്നങ്ങളുണ്ടാക്കി. ഡോറില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. ഇതെല്ലാം കാരണമാണ് പരിപാടി റദ്ദാക്കിയതെന്ന് പ്രോക്ടര്‍ രജ്നി അബ്ബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: