തിരുവനന്തപുരം: റോയല്‍ എന്‍ഫീല്‍ഡുമായി ചേര്‍ന്ന് ബിഎസ്എഫ് സംഘടിപ്പിച്ച ബിഎസ്എഫ് സീമ ഭവാനി ശൗര്യ യാത്രയായ ‘എംപവര്‍മെന്റ് റൈഡ് 2022’ കന്യാകുമാരിയിലെത്തി. മുഖ്യാതിഥി ബിഎസ്എഫ് ഡിഐജി ബേബി ജോസഫിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ സ്വീകരണം നല്കി. ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ഹിമന്‍ഷു സിരോയിയുടെ നേതൃത്വത്തില്‍ ബിഎസ്എഫ് സീമ ഭവാനി ഓള് വിമന്‍ ഡെയര്‍ഡെവിള്‍ മോട്ടോര്‍സൈക്കിള്‍ ടീമിലെ 36 അംഗങ്ങള്‍ ഉള്‍പ്പെട്ട ടീം രാജ്യത്തെ പ്രമുഖ നഗരങ്ങളടക്കം 5000ത്തിലധികം കിലോമീറ്റര്‍ പിന്നിട്ടാണ് കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്. വനിതാശാക്തീകരണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി ഇന്ത്യാ ഗേറ്റില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മുഖ്യാതിഥി റൈഡില്‍ പങ്കെടുത്ത എല്ലാ വനിതാ മോട്ടോറിസ്റ്റുകളേയും അഭിനന്ദിച്ചു. ഇവരുടെ നേട്ടം സേനക്ക് അഭിമാനം സൃഷ്ടിച്ചത് കൂടാതെ രാജ്യത്താകെയുള്ള യുവതികളെ പ്രചോദിപ്പിക്കുമെന്നും ബേബി ജോസഫ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംഘടിപ്പിക്കപ്പെട്ട യാത്രയില്‍ പങ്കെടുത്ത വനിതകളെ ബിഎസ്എഫ് ഡിജി പങ്കജ് കുമാര്‍ സിംഗും അഭിനന്ദിച്ചു.
യാത്രയിലുടനീളം സീമ ഭവാനി റൈഡര്‍മാരെ റൈഡിംഗ് നടത്തുന്ന സംഘങ്ങളും യുവജനങ്ങളും ഇരുചക്രവാഹനങ്ങളില്‍ അനുഗമിച്ചു. 2016ലാണ് ബിഎസ്എഫ് സീമ ഭവാനി ഓള് വിമന്‍ ഡെയര്‍ഡെവിള്‍ മോട്ടോര്‍ സൈക്കിള്‍ ടീമിന് രൂപം നല്‍കിയത്. 2018, 2022 വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിന പരേഡിലെ മിന്നുന്ന പ്രകടനങ്ങളടക്കം മോട്ടോര്‍ സൈക്കിള്‍ ടീം ശ്രദ്ധേയമായ പല നേട്ടങ്ങളും ഇക്കാലയളവില്‍ കൈവരിച്ചിട്ടുണ്ട്.
ഇന്ത്യ ഗെയ്റ്റില്‍ നിന്നാരംഭിച്ച യാത്ര പഞ്ചാബിലെ വാഗ അത്താരി അതിര്‍ത്തി, ഗുജറാത്തിലെ ഏകതാപ്രതിമ നില്ക്കുന്ന സ്ഥലം തുടങ്ങി രാജ്യത്തെ ചരിത്രപ്രധാനമായ വിവിധ സ്ഥലങ്ങള്‍ പിന്നിട്ടാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്. ചണ്ഡീഗഡ്, അമൃതസര്‍, അട്ടാരി, ബിക്കനീര്‍, ജയ്പൂര്‍, ഉദയ്പൂര്‍, ഗാന്ധിനഗര്‍, കെവാഡിയ, നാസിക്, സോളാപ്പൂര്‍, ഹൈദരാബാദ്, അനന്തപൂര്‍, ബംഗളുരു, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച റാലി മാര്‍ച്ച് 28ന് ചെന്നൈയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: