കൊച്ചി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യം മാനിച്ച് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
കേന്ദ്രറെയില് മന്ത്രി രാജ്യസഭയില്‍ വ്യക്തമായി പറഞ്ഞതോടെ കെറെയില്‍ പദ്ധതി നടപ്പാക്കാനാവില്ലെന്ന് എല്ലാവര്ക്കും ബോധ്യമായി കഴിഞ്ഞു. റെയില്‍വെ മന്ത്രാലയം നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിയെ പൂര്‍ണമായും തള്ളികളഞ്ഞിരിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ച് ദുരഭിമാനം വെടിഞ്ഞ് സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രധാനമന്ത്രി അനുമതി നല്‍കുമെന്ന പ്രചരണം സമരത്തെ പൊളിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു.
റെയില്‍വെ മന്ത്രിയുടെ മറുപടിയോടെ അത് പൊളിഞ്ഞു വീണു കഴിഞ്ഞു. കല്ലിടുന്നതിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തന്നെ വ്യക്തയില്ല. റവന്യൂ മന്ത്രിയും കോടിയേരിയും പറയുന്നത് കെറെയില്‍ കോര്‍പ്പറേഷനാണ് കല്ലിടുന്നതെന്നാണ്. കെറെയില്‍ എംഡി അത് നിഷേധിക്കുന്നു. ജനങ്ങളുടെ ഭൂമിയില്‍ കയറി കല്ലിടാനുള്ള അധികാരം കെറെയില്‍ കോര്പ്പറേഷന് ആരാണ് കൊടുത്തത്? കല്ലിടുന്നതിന്റെ പേരിലുള്ള തട്ടിക്കൂട്ട് പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: