മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് അടച്ച ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറന്ന് നല്കും. പ്രവേശനം പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ്. ഇതിനായി ക്യൂആര്‍ കോഡും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായി.
ഉദ്യാനത്തില്‍ മാത്രം 100-150നും ഇടയില്‍ വരയാടിന്‍ കുട്ടികള്‍ പിറന്നതായാണ് പ്രാഥമിക വിവരമെന്ന് പാര്‍ക്കിന്റെ ചുമതലയുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. മൂന്നാറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് ഇരവികുളം. മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്.
മുന്നൂറിധികം സ്ഥാപനങ്ങളിലാണ് ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നത്. ഇത് കൂടാതെ www.munnarwildlife.com എന്ന സൈറ്റ് വഴിയും ബുക്ക്‌ചെയ്യാം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്‌ക്കാം. ശേഷം മൊബൈലില്‍ മെസേജും വാട്‌സ്ആപ്പിലും മെയിലിലും പ്രത്യേക ക്യുആര്‍ കോഡും അയച്ച് നല്കും. ഇത് സ്‌കാന്‍ ചെയ്ത ശേഷമാകും ബസ്സില്‍ പ്രവേശനം അനുവദിക്കുക.
രാവിലെ എട്ട് മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. ഒരാള്‍ക്ക് ഒരു സമയം പരമാവധി 50 ടിക്കറ്റാണ് എടുക്കാനാകുക. വിദേശികള്‍ക്ക് 500, സ്വദേശികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. ടിക്കറ്റെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അഞ്ചാംമൈലിലെ പ്രവേശന കവാടത്തിലെത്തിയാല്‍ ടിക്കറ്റ് ഒഴിവുണ്ടെങ്കില്‍ ഇവിടെ ഒരുക്കിയിരിക്കുന്ന ഫ്രീ വൈഫൈ ഉപയോഗിച്ച് വാഹനത്തിലിരുന്ന് തന്നെ ടിക്കറ്റെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: