സജികുമാര്‍ തിനപ്പറമ്പില്‍
ചങ്ങനാശേരി: ”ഇനി ആരെങ്കിലും ഈ സ്ഥലം വാങ്ങുമോ. ഞങ്ങള്‍ എവിടെപ്പോകും. രണ്ടാമത് വായ്പയ്ക്ക് ചെന്നപ്പോള്‍ ബാങ്കുകാര് സമ്മതിച്ചില്ല. ഇനി ഇവര്‍ കരമെടുക്കുമോയെന്ന് അറിയില്ല. ആകെ പേടിയാകുന്നു. ഒരറിയിപ്പ് പോലും നല്‍കാതെയാണ് കല്ലിട്ടത്. 16, 17 വര്‍ഷം വാടകയ്ക്ക് താമസിച്ചാണ് സ്വന്തമായി ഒരു കൂര ഉണ്ടാക്കിയത്. അതു പോകുന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.” ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ബിന്‍സി വിതുമ്പുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ അലൈന്‍മെന്റില്‍പ്പെട്ടവര്‍ക്കും ഇതിനകം കല്ലിട്ടവര്‍ക്കും ബാങ്കുകള്‍ വായ്പ നല്കാന് വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി വസ്തുക്കരം എടുക്കുമോയെന്ന് അറിയില്ലെന്നും ബിന്‍സി പറയുന്നു. അലൈന്മെന്റിലുള്ളവര്ക്ക് ബാങ്കുകള്‍ വായ്പകള്‍ നിഷേധിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കെ റെയില്‍ സര്‍വേയുടെ ഭാഗമായി കല്ലിടല്‍ ആരംഭിച്ച പ്രദേശങ്ങളിലുള്ളവര്‍ക്കാണ് വായ്പ നല്കാന് ബാങ്കുകള്‍ വിസമ്മതിക്കുന്നത്.
മാടപ്പള്ളിക്കടുത്തുള്ള ഒരു ബാങ്കില്‍ ഈയിടെ 75 പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചത്. അവരില്‍ 23 പേരുടെ അപേക്ഷ പരിഗണിക്കാതെ മാറ്റിവച്ചിരിക്കുകയാണ്. കെ റെയില്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ താമസക്കാരായതിനാലാണ് ഇതെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. മറ്റ് ചില ബാങ്കുകളിലെ അപേക്ഷകരുടെ കണക്കു കൂടിയെടുത്താല്‍ കെ റെയിലിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടവരുടെ എണ്ണം 100 കവിയും.
വായ്പ നിഷേധിച്ചവരില്‍ മുന്‍പ് വായ്പയെടുത്ത് തിരിച്ചടച്ചിട്ടുള്ളവരും പെടുന്നു. കെ റെയില്‍ വന്നാല്‍ ഈട് നല്കുന്ന സ്ഥലം ഉള്‍പ്പെടെ നഷ്ടപ്പെടും. സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന നഷ്ടപരിഹാരം എന്ന് കിട്ടുമെന്നതിലും പിന്നീട് ഇവരില്‍ നിന്ന് വായ്പ എങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തിലും ബാങ്കുകള്‍ക്കും വ്യക്തതയില്ല.
”വര്‍ഷങ്ങളോളം വാടകയ്ക്ക് താമസിച്ചു മടുത്താണ് ബാങ്ക് ലോണ്‍ എടുത്ത് വീടും സ്ഥലവും വാങ്ങിയത്. ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്ന് ഞങ്ങള്‍ക്കും ദൈവത്തിനും മാത്രമേ അറിയൂ.” മാടപ്പള്ളി സ്വദേശികളായ ജോസ്മിയും അമലയും ഫിലോമിനയും ഏലിയാമ്മയും പറയുന്നു. ഒരുപാടുനാള് ബാങ്കില്‍ കയറിയിറങ്ങിയാണ് ഒരുതരത്തില്‍ ലോണ്‍ ഒപ്പിച്ചത്. സമാധാനത്തോടെ ആഹാരം കഴിച്ചിട്ടും കിടന്നുറങ്ങിയിട്ടും ദിവസങ്ങളായി.” ആശങ്കകള്‍ അവസാനിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: