സന്നിധാനത്തിന്റെ പ്രവര്‍ത്തനമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ട് കര്‍ണാടകയില്‍ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന് വേണ്ടി രാവെന്നോ പകലെന്നോ കണക്കാക്കാതെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് പി.കെ.കെ.പണിക്കര്‍ എന്ന പണിക്കരേട്ടന്. അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 49 വര്‍ഷമായി കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പലവ്യഞ്ജനങ്ങള്‍ എത്തിക്കുന്നു. അരി, പഞ്ചസാര, റവ, ഉഴുന്ന്, തുവര പരിപ്പ്, ചെറുപയര്‍, എണ്ണ തുടങ്ങിയവയാണ് ടണ്‍കണക്കിന് എല്ലാ വര്‍ഷവും കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് എത്തിക്കുന്നത്.
ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നാണ് പണിക്കരേട്ടന്റെ ആഗ്രഹം. ഇതിനായി കര്‍ണാടക മുഴുവന്‍ സഞ്ചരിച്ച് അയ്യന് വേണ്ടിയുള്ള സാധന സാമഗ്രികള്‍ ശേഖരിക്കുകയാണ്. ഒട്ടുമിക്ക ജില്ലകളിലും അയ്യപ്പ സേവാസംഘത്തിന് യൂണിറ്റുകള്‍ ഉള്ളതിനാല്‍ മാസത്തില്‍ ഭൂരിഭാഗവും ഇദ്ദേഹം ഇവിടങ്ങളിലേക്ക് യാത്രയിലായിരിക്കും. ഇവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പലവ്യഞ്ജനങ്ങള്‍ എല്ലാം കൂടി ബെംഗളൂരുവില്‍ എത്തിച്ച ശേഷം തരംതിരിച്ച ശേഷമാണ് ശബരിമല സീസണ് ആരംഭിച്ചു കഴിഞ്ഞാല്‍ ലോറിയില്‍ കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത്. പലപ്പോഴും ലോറിയില്‍ ഇദ്ദേഹവും ഉണ്ടാവും.
സപ്തംബര്‍ മാസം മുതലാണ് സാധനസാമഗ്രികള്‍ ശേഖരിക്കുവാന്‍ തുടങ്ങുക. ശേഷം നവംബര്‍ മാസത്തോടെ കേരളത്തിലേക്ക് ഇവ കയറ്റി അയക്കുകയാണ് പതിവ്. 2021 മാത്രം കര്‍ണാടയില്‍ നിന്നും അരിയാണ് ശബരിമലയിലേക്കെത്തിച്ചത്. തുവര പരിപ്പ് 35 ടണ്‍, റവ 10 ടണ്‍, ചെറുപയര്‍ 950 കെജി, ഉഴുന്ന് 600 കെജി, 350 ടിന് എണ്ണ തുടങ്ങിയവയും കയറ്റിയയച്ചിട്ടുണ്ട്. ബെല്ലാരി-കോലാര്‍ ജില്ലകളില്‍ നിന്ന് അരിയും, ബീദര്‍-ഗുല്‍ബര്‍ഗ ജില്ലകളില്‍ നിന്നും തുവര പരിപ്പും, ശിവമോഗ ജില്ലയില്‍ നിന്നും റവയും മുളകും മല്ലിയും കൂടുതലായി ലഭിക്കുന്നുണ്ടെന്ന് പണിക്കരേട്ടന് പറയുന്നു. ഇതോടൊപ്പം എല്ലാ വര്‍ഷവും കര്‍ണാടകയില്‍ നിന്നും പണിക്കരുടെ നേതൃത്വത്തില്‍ 165 പേരാണ് ശബരിമലയില്‍ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേരുന്നത്.
പമ്പ, സന്നിധാനം, വല്യാനവട്ടം എന്നിവിടങ്ങളിലാണ് അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. അന്നദാന ക്യാമ്പില്‍ രാവിലെ മുതല്‍ രാത്രി വരെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലൊക്കെ പണിക്കരുടെ സാന്നിധ്യം എപ്പോഴും ഉണ്ട്. ഭക്ഷണം ഉണ്ടാക്കുന്ന അടുക്കള മുതല്‍ വിതരണം ചെയ്യുന്നവരെ വരെ വളരെ ശ്രദ്ധയോടെ പണിക്കര്‍ ശ്രദ്ധിക്കുന്നു. പല ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പണിക്കരേട്ടന് വരുന്ന സ്വാമിമാരോട് ഭാഷ തര്‍ജ്ജമ ചെയ്യാന്‍ പ്രശ്നമില്ല. മലയാളം, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ പണിക്കരേട്ടന് അനായാസം കൈകാര്യം ചെയ്യും. കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയില്‍ പാലിക്കേണ്ട മര്യാദകളേപ്പറ്റിയും വിവരിച്ച് നല്‍കാറുണ്ട്. പ്ലാസ്റ്റിക് കൊണ്ടുവരാന്‍ പാടില്ലെന്നും, നല്ല നെയ്യ് മാത്രം കണ്ടുവരണമെന്നുമാണ് പണിക്കരേട്ടന് ഇവരോടെല്ലാം പറയാറുള്ളത്.
തിരുവല്ല സ്വദേശിയായ പണിക്കര്‍ തന്റെ എട്ടാം വയസ്സുമുതലാണ് ശബരിമല ദര്‍ശനം നടത്തുവാന്‍ തുടങ്ങിയത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നവംബര്‍ ഒന്നിന് മാലയിടുന്ന പണിക്കരേട്ടന് ജനുവരി പകുതിയോടുകൂടിയാണ് മാല അഴിക്കുക. ഈ സമയങ്ങളില്‍ കഠിന വൃതത്തിലായിരിക്കുന്ന ഇദ്ദേഹം. വെള്ള ഷര്‍ട്ടും നീല മുണ്ടുമാണ് ധരിക്കുക.
സ്വന്തമായി ചില ബിസിനസ്സുകള്‍ നടത്തിപ്പോന്നിരുന്ന പണിക്കര്‍ 50 വര്‍ഷം മുമ്പ് ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് കര്ണ്ണാടകയിലെത്തിച്ചേര്ന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം തന്റെ ജോലി ഉപേക്ഷിക്കുകയും അയ്യപ്പന് വേണ്ടി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമായിരുന്നു. കര്‍ണാടകയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അദ്ദേഹം ശബരിമലയിലേക്ക് സാധനസാമഗ്രികള്‍ അയക്കുവാന്‍ തുടങ്ങി. ആദ്യ കാലങ്ങളില്‍ സാധനസാമഗ്രികള്‍ ലഭിക്കുവാന്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ ആളുകള്‍ തന്നെ തിരഞ്ഞ് പിടിച്ചെത്തി സാധനങ്ങള്‍ നാല്‍കാമെന്ന് ഉറപ്പ് നല്‍കുകയാണെന്ന് പണിക്കര്‍ പറയുന്നു.
നിലവില്‍ 49 തവണയാണ് കര്‍ണാടകയില്‍ നിന്നും അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ശബരിമലയിലേക്ക് സാധന സാമഗ്രികള്‍ കയറ്റി അയച്ചിട്ടുള്ളത്. 50-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഇത്തവണ കയറ്റി അയയ്ക്കാനുള്ള സാധനങ്ങള്‍ ഇപ്പോള്‍ത്തന്നെ പലരും നല്‍കാമെന്ന് ഉറപ്പ് നല്കിയിട്ടുള്ളതായി പണിക്കര്‍ പറയുന്നു. ഇതെല്ലാം തന്നെക്കൊണ്ട് അയ്യപ്പന് ചെയ്യിക്കുന്ന കാര്യങ്ങളാണെന്നും, ഇനിയും ഇത് തുടരുമെന്നുമാണ് പണിക്കര്‍ പറയുന്നത്. ഇതോടൊപ്പം അഖിലഭാരത അയ്യപ്പ സേവാസംഘം മുഖപത്രമായ ശ്രീഅയ്യപ്പ മാസിക കര്‍ണാടയിലുള്ള മലയാളികളില്‍ എത്തിക്കുന്നതിനായി അഘോരാത്രം പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.
സന്നിധാനം അന്നദാന കമ്മറ്റിയുടെ വൈസ് ചെയര്‍മാനും അഖിലഭാരത അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റും കര്‍ണാടക അയ്യപ്പ സേവാസംഘം സ്റ്റേറ്റ് സെക്രട്ടറിയുമാണ് പി.കെ.കെ. പണിക്കര്‍. പി.എം.സതീദേവിയാണ് ഭാര്യ. പ്രദീപ് കെ.പണിക്കര്‍, ദീപ കെ.പണിക്കര്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: