ന്യൂദല്‍ഹി: മെട്രോ ഇതര നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശ ചരക്കു വിമാനക്കമ്പനികളുടെ സേവനം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി. ഇതിന് ശക്തമായ മറുപടി നല്കി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സിപിഎം ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പല വിഷയങ്ങളിലും പല നിലപാടെടുക്കരുതെന്നുമായിരുന്നു സിന്ധ്യയുടെ മറുപടി.
“സിപിഎം എയര്‍ ഇന്ത്യയുടെയും പൊതുമേഖലയുടെയും സ്വകാര്യവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന പാര്‍ടിയാണ്. കോവിഡ് കാലത്ത് ചരക്ക് വിമാനസര്‍വ്വീസുകള്‍ പാപ്പരാകുമെന്ന ഒരു ഭീഷണി നിലനിര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ ചരക്കുവിമാനങ്ങളെ മെട്രോ ഇതര വിമാനത്താവളങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഇന്ത്യന്‍ ചരക്ക് വിമാനസര്‍വ്വീസിന് പുത്തനുണര്‍വ്വ് നേടിക്കൊടത്തത്. ഇപ്പോള്‍ ആഭ്യന്തര ചരക്ക് വിമാനങ്ങളുടെ എണ്ണം 8ല്‍ നിന്ന് 28 ആയി ഉയര്‍ന്നു. 2019 മെയ് മുതല്‍ 2021 മെയ് വരെ കാര്‍ഗോ ഇടപാടുകളില്‍ ഇന്ത്യയുടെ പങ്ക് വെറും 1.8 ശതമാനം മാത്രമായിരുന്നു. ഇത് ഇപ്പോള്‍ 19 ശതമാനമായി ഉയര്‍ന്നു. ഇതിലൂടെ ചരക്ക് വിമാനസര്‍വ്വീസിന്റെ മേഖലയില്‍ ഇന്ത്യ ‘ആത്മ നിര്‍ഭര്‍ ഭാരത്’ കൈവരിച്ചു. ഇക്കാര്യത്തില്‍ ബ്രിട്ടാസും ബ്രിട്ടാസിന്റെ പാര്‍ട്ടിയായ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും ‘ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന ഭാരതത്തെ ലക്ഷ്യത്തെ സഹായിക്കണം. “- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സര്‍ക്കാരിന്റെ വ്യോമയാന നയത്തില്‍ ഏതെങ്കിലും ഒരു നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ആഭ്യന്തര എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുമ്പോള്‍ മെട്രോ ഇതര നഗരങ്ങളിലും വിദേശ വിമാനസര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കണമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യം. എന്നാല്‍ ഈ രംഗത്ത് നിന്നും വിദേശ വിമാനസര്‍വ്വീസുകളെ ഒഴിവാക്കിയപ്പോള്‍ ഇന്ത്യന്‍ ചരക്ക് വിമാനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് സാധിച്ചുതുടങ്ങിയെന്നും സിന്ധ്യ പറഞ്ഞു.
“വിദേശ കാരിയറുകള്‍ കാര്‍ഗോ കൊണ്ടുവരണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍, വ്യോമയാനമേഖലയിലും താങ്കളുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നങ്ങളിലും വേറെ നിലപാടെടുക്കരുത്”- ജ്യോതിരാദിത്യ സിന്ധ്യ ബ്രിട്ടാസിന് താക്കീത് നല്കി.
‘ബ്രിട്ടാസിന്റെ പാര്‍ട്ടി പൊതുവേ സ്വകാര്യവല്‍ക്കരണത്തിന് എതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. പിന്നെ സാമ്പത്തിക വിഷയവും വ്യോമയാനവും വരുമ്പോള്‍ വേറെ നിലപാടെടുക്കരുത്’- സിന്ധ്യ താക്കീത് ചെയ്തു.
ആറ് മെട്രോകള്‍ ഒഴികെ മറ്റ് മെട്രോ ഇതര വിമാനത്താവളങ്ങളില്‍ വിദേശ കാര്‍ഗോ കമ്പനികളുടെ അനുമതി നിഷേധിച്ചതിനെയാണ് ബ്രിട്ടാസ് പാര്‍ലമെന്റില്‍ വിമര്‍ശിച്ചത്. ഇതിനെ ശക്തിയുക്തം സിന്ധ്യ എതിര്‍ത്തു.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 150 യാത്രാവിമാനങ്ങള്‍ ചരക്ക് വിമാനങ്ങളാക്കി മാറ്റിയെന്നും ഇതോടെ ആഭ്യന്തര കാര്‍ഗോ ഓപ്പറേറ്റര്‍മാരുടെ കാര്‍ഗോ കപാസിറ്റി വര്‍ധിച്ചെന്നും സിന്ധ്യ പറഞ്ഞു. കാര്‍ഗോയില്‍ നിന്നുള്ള വരുമാനം 1498 കോടിയില്‍ നിന്നും 2300 കോടിയായി ഉയര്‍ന്നു. ഇതോടെയാണ് ഇന്ത്യന്‍ കാര്‍ഗോ രംഗം സ്വന്തം കാലില്‍ നില്ക്കാന് തുടങ്ങുകയും ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തതെന്ന് സിന്ധ്യ പറഞ്ഞു.
ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ജോണ്‍ ബ്രിട്ടാസ് ഈ ചോദ്യം ഉന്നയിച്ചതെന്ന കാര്യവും വിവാദമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: