ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. 3500 ആംആദ്മി പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബിജെപിയുടെ ആസ്ഥാനത്ത് ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ സിആര്‍ പാട്ടീലിന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് 3500 പേര്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രതീകാത്മകമായാണ് ആം ആദ്മി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നത്. ആം ആദ്മി തൊപ്പി ധരിച്ച് വന്ന പ്രവര്‍ത്തകര്‍ പിന്നീട് ആ തൊപ്പി മാറ്റി ബിജെപി തൊപ്പി ധരിയ്‌ക്കുകയായിരുന്നു.
ഇതോടെ പഞ്ചാബിലേത് പോലെ ഗുജറാത്തിലും ആം ആദ്മിയെ വിപുലപ്പെടുത്താനുള്ള പാര്‍ട്ടിയുടെ നീക്കത്തിന് വലിയ തിരിച്ചടി ലഭിച്ചു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ ഈ പ്രവര്‍ത്തകരെ പുറത്താക്കിയെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.
“ആംആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ആരും അവിടെ സന്തോഷത്തില്‍ അല്ല പ്രവര്‍ത്തനം നടത്തിയിരുന്നത്. ആശയപരമായും പ്രവര്‍ത്തനരീതി കൊണ്ടും വലിയ ബുദ്ധിമുട്ടാണ് അവര്‍ അവിടെ നേരിട്ടിരുന്നത്. അവര്‍ക്ക് ആ ബുദ്ധിമുട്ടുകളൊന്നും ഇവിടെയുണ്ടാവില്ല. ബിജെപിയിലേക്ക് വരു, നിങ്ങളെയെല്ലാം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും,” ചടങ്ങില്‍ ബിജെപി സംസ്ഥാന നേതാവ് അറിയിച്ചു. എന്നാല്‍ ബിജെപിയില്‍ അംഗത്വമെടുത്ത ആരും തന്നെ ആംആദ്മിയുടെ പ്രവര്‍ത്തകരല്ലെന്നും, മുമ്പ് എഎപിയില്‍ പ്രവര്‍ത്തിച്ച് അച്ചടക്ക വിധേയമായി പുറത്താക്കിയവരാണെന്നും ആംആദ്മി പാര്‍ട്ടി നേതാവ് മനോജ് സോറത്തിയ പറഞ്ഞു.
182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് 2022 ഡിസംബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇപ്പോള്‍ ഭരിയ്‌ക്കുന്ന ബിജെപി ഇവിടെ തുടര്‍ഭരണത്തിനാണ് ശ്രമിക്കുന്നത്. 2017ല്‍ 99 സീറ്റുകളില്‍ ജയിച്ച് കേവലഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. വിജയ് രൂപാണിയായിരുന്നു ബിജെപി മുഖ്യമന്ത്രിയായി ചുമതലയേറ്റതെങ്കില്‍ 2021ല്‍ ഇദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: