ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര യുവജനകാര്യ കായിക മന്ത്രാലയങ്ങളുടെ സഹായത്തോടെ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഗോത്രവര്‍ഗ്ഗ യുവജന വിനിമയ പരിപാടിയുടെ സമാപന ചടങ്ങു് നാളെ (മാര്‍ച്ച് 27 ന് )രാവിലെ 9.30 ന് തിരുവനന്തപുരത്തെ കൈമനം റീജിയണല്‍ ടെലികോം ട്രൈനിങ് സെന്റ്ററില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 200 ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ പരിപാടിയില്‍ മാര്‍ച്ച് 22 മുതല്‍ പങ്കെടുത്ത് വരികയാണ് ഗോത്രവര്‍ഗ യുവജനങ്ങള്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക വൈവിദ്ധ്യം, ഭാഷ, ജനങ്ങളുടെ ജീവിതരീതികള്‍, വികസന പ്രവര്‍ത്തങ്ങള്‍, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയവ നേരില്‍ കണ്ടു മനസ്സിലാക്കുന്നതുമാണ് പരിപാടിയുടെ ലക്ഷ്യം.
വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍, സാംസ്‌ക്കാരിക വിനിമയ പരിപാടി, ദേശ സ്‌നേഹവും രാഷ്‌ട്ര നിര്‍മാണവും എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, നാടന്‍ കലാ മത്സരം, ശുചീകരണം, വൃക്ഷതൈ നടല്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തുകയുണ്ടായി. മാര്‍ച്ച് 25 ന് സംഘം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലേക്ക് പഠന പര്യാടനം നടത്തി. മ്യൂസിയം, മൃഗശാല, വേളി ടൂറിസ്‌ററ് വില്ലേജ്, മാജിക് പ്ലാനറ്റ്, കോവളം ബീച്ച് എന്നിവയും ക്യാമ്പ് അംഗങ്ങള്‍ സന്ദര്‍ശിച്ചു.
വിവിധ ദിവസങ്ങളില്‍ സി.ആര്‍.പി.എഫ് ഡി.ഐ.ജി രാധാകൃഷ്ണന്‍ നായര്‍ നെഹ്‌റു യുവ കേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി അലി സാബ്രിന്‍, കേന്ദ്ര സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ വിനയ് ഗോയല്‍, ബ്രഹ്മാനായകം മഹാദേവന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര റീജിയണല്‍ ഡയറക്ടര്‍ സത്യപ്രകാശ് പട്‌നായിക് അദ്ധ്യക്ഷനാകും. മികച്ച യൂത്ത് ക്ലബുകള്‍ക്കുള്ള സംസ്ഥാനതല പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: