കൊല്‍ക്കത്ത : ബംഗാള്‍ ബിര്‍ഭൂമില്‍ എട്ട് പേരെ ചുട്ട് കൊന്ന സംഭവത്തില്‍ 21 പേര് അറസ്റ്റില്‍. പിടിയിലായവരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഉള്‍പ്പെടും. കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൊടുക്കരുതെന്ന മമത സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തള്ളി വെള്ളിയാഴ്ചയാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.
ഡിഐജി അഖിലേഷ് സിങിന്റെ നേതൃത്വത്തിലുള്ള ഇരുപത് പേരടങ്ങുന്ന സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അക്രമം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന് എത്തി. ദല്‍ഹിയില്‍ നിന്നുള്ള കേന്ദ്ര ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്‍സിക് സംഘത്തെയും നിയോഗിച്ചത്.
തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നേരെത്തെ തന്നെ സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് അനാറുല്‍ ഹുസ്സൈന്‍ അടക്കം 21 പേരാണ് പിടിയിലായത്. ഇവരില്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആണ്. ടിഎംസി നേതാവ് ബാദു ഷെയ്ഖിന്റെ കുടുംബാംഗങ്ങളായ ആറ് പേരും അറസ്റ്റില്‍ ആയവരില്‍ ഉള്‍പ്പെടുന്നുണ്ട്.
മമത ബാനര്‍ജി അധികാരത്തില്‍ വന്ന ശേഷം ഒരു കേസില്‍ ഇത്രയും ടിഎംസി ബന്ധമുള്ളവരെ ഇത് ആദ്യമായാണ് ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസ് ഏറ്റെടുത്ത സിബിഐ പോലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്കുമെതിരെ കലാപം കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: