തൃശൂര്‍ : സില്‍വര്‍ലൈന്‍ അതിരടയാള കല്ലിടുന്നത് റവന്യൂ വകുപ്പല്ലെന്ന് മന്ത്രി കെ രാജന്. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കല്ലിടുന്നതെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചത്. കല്ലിടാന്‍ വേണ്ടി റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് കെ റെയില്‍ വാദങ്ങളെ മന്തി തള്ളി. സാമൂഹികാഘാത പഠനം എതിരായാല്‍ കല്ലുകള്‍ എടുത്തുമാറ്റും. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടത് എന്ന് മന്ത്രി കെ രാജന് തൃശ്ശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ റെയിലിന്റെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പോസ്റ്റില്‍ ഇരിക്കുന്ന ആളുകള്‍ ഇത്തരത്തില്‍ ഉത്തരവാദിത്തരഹിതമായ അഭിപ്രായം പറയുമെന്ന് കരുതുന്നില്ല. അങ്ങനെ പറയുന്നവര്‍ക്ക് അവരുടെ നിലവാരത്തിലുള്ള ഉദ്യോഗസ്ഥന്മാര് അതിന് മറുപടി കൊടുക്കും. സാമൂഹികാഘാത പഠനം നടത്തുമ്പോള്‍ അതിനുള്ള മേഖല ഏതാണെന്ന് നിശ്ചയിക്കേണ്ടി വരും. അതിന് അതിരടയാളങ്ങള്‍ ഇടേണ്ടി വരും. അതനുസരിച്ച് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, അതില്‍ എത്ര കടകളുണ്ട്, മരങ്ങളുണ്ട് എന്ന് നിശ്ചയിക്കുന്നത്. ഇതിനെല്ലാം നഷ്ടപരിഹാരം കിട്ടും.
ഇപ്പോഴുള്ള അതിരടയാളങ്ങളില്‍ കൂടി ഒരു അന്വേഷണം നടത്തിയാണ് സാമൂഹികാഘാത പഠനം രേഖപ്പെടുത്തുക. റിക്വസിഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച് അവര്‍ക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നല്‍കുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുകയാണ് ചെയ്യാറ്. ഇതാണ് കേരളത്തിന്റെ നിയമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കെ- റെയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും തുടര്‍ന്നു. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍വ്വേ കല്ല് സ്ഥാപിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വനിത ജീവനക്കാരെ അടക്കം പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍വ്വേ കല്ലിടുന്നത് നിര്‍ത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗിമായി കെ റെയില്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയായികുന്നു.
ഇന്ന് കോട്ടയത്ത് മൂന്നിടത്ത് സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ തഹസില്‍ദാറെ തടഞ്ഞുവെച്ചു. ജനങ്ങള്‍ക്ക് പ്രകോപനം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചത്. പുനരാരംഭിക്കുന്ന വിവരം പിന്നീട് അറിയിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചതെങ്കിലും ഇന്ന് രാവിലെ നാട്ടുകാര്‍ പോലും അറിയാതെ നട്ടാശ്ശേരിയിലുള്‍പ്പെടെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കല്ലിടല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.
കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പ്രതിഷേധവുമായി എത്തി തഹസില്‍ദാറെ തടഞ്ഞുവയ്ക്കുകയായിരുന്നു. ജില്ലയിലെ പത്തോളം സ്ഥലങ്ങളില്‍ ഇന്ന് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് കല്ലുകള്‍ ഇടാതെ പോലീസുകാരും ഉദ്യോഗസ്ഥരും മടങ്ങിയ സ്ഥലമാണ് നാട്ടുശ്ശേരി. ഇവിടെയാണ് ആരുമറിയാതെ അധികൃതരെത്തി സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: