തൃശൂർ: പൊക്കമില്ലായ്‌മയാണ് എന്റെ പൊക്കം എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ പൊക്കം മാത്രമല്ല ജീവിത താളം വരെ തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയിൽ ഒപ്പിയെടുത്തത് ചരിത്രത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണ് ഇമ ബാബു. കാൽനൂറ്റാണ്ട് മുൻപാണ് ഫോട്ടോഗ്രാഫറായ തൃപ്രയാർ സ്വദേശി നടുപറമ്പിൽ വീട്ടിൽ ഇമ ബാബു എന്ന ബാബുരാജ് (55) തന്റെ ക്യാമറയിൽ ഈ വിസ്മയ ചിത്രങ്ങൾ പകർത്തിയത്.
ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ കുഞ്ഞുണ്ണി മാഷിന്റെ രാവിലെ ഉറക്കമെണീറ്റ നിമിഷം മുതൽ വൈകീട്ട് ഉറങ്ങുന്നതു വരെയുള്ള പ്രധാന നിമിഷങ്ങളെ ബാബു തന്റെ ക്യാമറയിൽ പകർത്തിയത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് കരുതിയിട്ടല്ല. യാഷിക്കയുടെ ക്യാമറയിൽ ഓർവോയുടെ 35 എംഎം ബ്ലാക്ക് ആന്റ് വൈറ്റ് ഫിലം ലോഡ് ചെയ്താണ് അന്ന് ചിത്രങ്ങൾ പകർത്തിയത്. 12 x8 വലുപ്പത്തിലാണ് ചിത്രങ്ങൾ പ്രിന്റ് ചെയ്തെടുത്തത്.
ബാബു എടുത്ത തന്റെ ചിത്രങ്ങളിൽ കുഞ്ഞുണ്ണി മാഷിന് ഏറ്റവും പ്രിയപ്പെട്ടത് താൻ കുപ്പികളിൽ ശേഖരിച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുവും, വളപ്പൊട്ടുകളും നോക്കിയിരിക്കുന്ന ചിത്രമായിരുന്നു. കുഞ്ഞുണ്ണി മാഷിന്റെ ഒരു ദിവസത്തെ കഥ പറയുന്ന 40 ചിത്രങ്ങളുമായി ‘ ചെറിയ വലിയ ഒരാൾ ‘ എന്ന പേരിൽ ഇമ ബാബു മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും, കേരളത്തിലെ നിരവധി സ്കൂളുകളിലും ഇവ പ്രദർശനം നടത്തിയിട്ടുണ്ട്.
ഈ ചിത്രങ്ങൾ വലപ്പാടുള്ള കുഞ്ഞുണ്ണി മാഷ് സ്മാരക ലൈബ്രറിയിലാണ് ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്. കഥ, തിരക്കഥ, ഹ്രസ്വ ചിത്ര സംവിധാനം, ചിത്രരചന തുടങ്ങിയ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇമ ബാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: