കോഴിക്കോട്: ജനവികാരം കണക്കിലെടുത്ത് പിണറായി സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സില്‍വര്‍ലൈന്‍ സര്‍ക്കാരിന്റെ മാത്രം താത്പര്യമാണ്. ജനങ്ങളും സാങ്കേതിക വിദഗ്ധരും എതിരാണ്. സാമ്പത്തികമായും സാങ്കേതികമായും പാരിസ്ഥിതികമായും കേരളത്തിന് ഗുണകരമല്ല. പണമില്ലാതെ എങ്ങനെയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതെന്നും ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ ബിജെപി അനുവദിക്കില്ലെന്നും സി.ടി. രവി പറഞ്ഞു.
നിതി ആയോഗിന്റെ വിലയിരുത്തലില്‍ 1.25 ലക്ഷം കോടി രൂപ ചെലവ് വരും. 3.2 ലക്ഷം കോടിയുടെ പൊതുകടമുള്ള കേരളത്തിന് ഇത്രയും പണം എവിടുന്ന് കടം കിട്ടും? കേരളം ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് സിപിഎം മനസ്സിലാക്കണം. ഇവിടെ ഏകാധിപത്യമല്ല ജനാധിപത്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചറിയണം. ഇടതു സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും സില്‍വര്‍ലൈനിനെ എതിര്‍ക്കുകയാണ്.
സംസ്ഥാനത്ത് മറ്റൊരു ബെര്‍ലിന്‍ മതില് ഉണ്ടാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല. സംസ്ഥാന ഘടകം നടത്തുന്ന പോരാട്ടത്തിന് ദേശീയ നേതൃത്വത്തിന്റെ എല്ലാ പിന്തുണയുമുണ്ടാവും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ ഹിതത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കൂ. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, വൈസ്പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്, ഇ. പ്രശാന്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: